'സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കരുത്'; നര്‍ക്കോട്ടിക് ജിഹാദില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി 

 
Pinarayi Vijayan

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തും

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നല്‍കുന്ന പ്രവണതകള്‍ മുളയിലേ നുള്ളികളയണം. ജാതിയേയും മതത്തേയും വിഭജനത്തിനുവേണ്ടി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 'സ്വാതന്ത്യം തന്നെ അമൃതം' ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

പുരോമനപരമായും മതനിരപേക്ഷമായും ചിന്തിക്കാന്‍ ശേഷിയുള്ള തലമുറയാണ് ഇന്ന് സമൂഹത്തിന് ഏറെ ആവശ്യം. സാമൂഹ്യതിന്മകള്‍ക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയര്‍ന്നുവരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണം. സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് സാമൂഹ്യ തിന്മകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേര്‍ത്ത് ഉപമിക്കരുത്. ഇത് സമൂഹത്തിലെ വേര്‍തിരിവുകള്‍ വര്‍ധിക്കുവാന്‍ മാത്രമേ ഉപകരിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കും. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ ഓര്‍മ പുതുക്കുന്ന ഈ ദിവസത്തില്‍ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് യഥാര്‍ത്ഥത്തില്‍ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.