'സര്‍വകക്ഷിയോഗം ആവശ്യമില്ല; പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ട' 

 
cm


പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി.  ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ അഭിപ്രായം പ്രചരിപ്പിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചില്ലെങ്കില്‍ പ്രതിപക്ഷം ഇതിന് മുന്നിട്ടിറങ്ങുമെന്ന പ്രസ്താവനയ്ക്ക് മറുപടിയായി ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും സ്വന്തം താത്പര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പാലാ ബിഷപ്പിനെ മന്ത്രി വാസവന്‍ സന്ദര്‍ശിച്ചതില്‍ വാസവന്‍ തന്നെ അതിന് വിശദീകരണം നല്‍കിയതാണ്. ഏതോ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. അതില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ബിഷപ്പ് ആവശ്യപ്പെട്ട പ്രകാരം കാണാന്‍ പോയതാണെന്നും വാസവന്‍ വിശദീകരിച്ചിട്ടുണ്ട്. നാര്‍കോടിക് വിഷയത്തില്‍ ബിഷപ്പിന് പിന്തുണ നല്‍കാനല്ല വാസവന്‍ പോയത്. ആ നിലപാടിനെ പിന്താങ്ങുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത് എന്ന് മനസിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

സര്‍വകക്ഷിയോഗം കൊണ്ട് പ്രത്യേക ഫലമില്ല. ഇതിനെതിരെ അഭിപ്രായം എല്ലാവരും നാട്ടില്‍ പ്രചരിപ്പിക്കുകയാണ് നല്ലത്. നാട്ടില്‍ സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിക്കേണ്ടതായ സ്വാഭാവികമായ ഘട്ടമുണ്ട്. ഇവിടെ അതല്ല നില. ഇവിടെ സര്‍വകക്ഷി യോഗത്തിലുള്ള ഏതെങ്കിലും കക്ഷിയുടെ ഭാഗത്ത് നിന്നല്ല. തെറ്റായ പരാമര്‍ശം പുറത്താണുള്ളത്. സര്‍വകക്ഷി യോഗത്തിലൂടെ അതിന് പരിഹാരം കാണാനാവില്ല. പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണോയെന്ന് ഏതെങ്കിലും അധികാര കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും ഘട്ടത്തില്‍ ഒരു നിലപാടെടുത്തു, സമൂഹം അതില്‍ യോജിക്കുന്നില്ലെന്ന് കണ്ടാല്‍ നിലപാടെടുക്കേണ്ടത് വ്യക്തികളാണെന്നും  മുഖ്യമന്ത്ര് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ലൗ ജിഹാദും, നാര്‍കോടിക് ജിഹാദുമാണ് ചര്‍ച്ച. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. 
 അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കും.

ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകും. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവര്‍ത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്. 

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരാതികള്‍ ലഭിച്ചിട്ടില്ല. കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയും മതിയായ വിദ്യാഭ്യാസവുമുള്ള വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. 

സ്‌കൂള്‍, കോളജ് തലങ്ങളില്‍ നാനാജാതി മതത്തില്‍പെട്ട വിദ്യാര്‍ഥികളുണ്ട്. ഇതിലാരെങ്കിലും മയക്കുമരുന്ന് കണ്ണികളായാല്‍ പ്രത്യേക മതത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. ഇത് വിദ്വേഷത്തിന് വിത്തിടുന്നതാകും. സമൂഹത്തിന്റെ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ എല്ലാ മതവിഭാഗങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. തീവ്ര നിലപാടുകാര്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. വിദ്വേഷ പ്രചാരണം നടത്തുന്നവരെയും പിന്തുണ നല്‍കുന്നവരെയും തുറന്നുകാട്ടാന്‍ സമൂഹം ഒന്നാകെ തയാറാകണം. സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കും. നോക്കിനില്‍ക്കുന്ന സമീപനം ഉണ്ടാവില്ല.

നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശവും അതേത്തുടര്‍ന്ന് നിര്‍ഭാഗ്യകരമായ ഒരു വിവാദവുമാണ് സംസ്ഥാനത്തുണ്ടായത്. വിവാദം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ വലിയ തോതില്‍ ശ്രമിച്ചിട്ടുണ്ട്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീകൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.