'70 വര്‍ഷം കൊണ്ട് രാജ്യം നിര്‍മ്മിച്ച 'കിരീട രത്‌നങ്ങള്‍' വില്‍ക്കുന്നു'; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

 
rahul gandhi

കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള 'ദേശീയ ധനസമാഹരണ പദ്ധതി' ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  70 വര്‍ഷം കൊണ്ട് രാജ്യം നിര്‍മ്മിച്ച ഇന്ത്യയുടെ 'കിരീട രത്‌നങ്ങള്‍' വില്‍ക്കുന്ന പ്രക്രിയയിലാണ് മോദി സര്‍ക്കാര്‍, തന്റെ ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് മോദി ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. 

പ്രധാന മേഖലകളില്‍ കുത്തകകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതിയെന്നും ഇത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സ്വകാര്യവത്കരണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 

70 വര്‍ഷമായി ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബിജെപി അവകാശപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഈ വര്‍ഷങ്ങളില്‍ സൃഷ്ടിച്ച എല്ലാ സ്വത്തുക്കളും വില്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ സമ്പദ്‌മേഖലയെ തകര്‍ത്തു. എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. റെയില്‍, റോഡ്, വൈദ്യുതി മേഖലകളില്‍ നിന്ന് സ്വകാര്യ പങ്കാളിത്തോടെ നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള ദേശീയ ധനസമാഹരണ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയില്‍വ, വ്യോമയാനം, തുറമുഖം, വാര്‍ത്താവിതരണം, ഖനികള്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യ മേഖലക്ക് നിശ്ചിത കാലത്തേക്ക് കൈമാറുകയാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ ആസ്തികള്‍ പൂര്‍ണമായും വിറ്റഴിക്കുകയല്ലെന്നും ഉടസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.