ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു

നടന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ധര്മ്മജന് അടക്കം 11 പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ വാങ്ങി പറ്റിച്ചു എന്നാണ് പരാതി.

മൂവാറ്റുപുഴ സ്വദേശി ആസിഫ് അലിയാര് എന്ന 36 കാരനാണ് നടനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ധര്‍മ്മജനും മറ്റു പ്രതികളും പലപ്പോഴായി 43 ലക്ഷം രൂപയാണ് ആസിഫില്‍ നിന്ന് വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. 2019 നവംബര്‍ 16ന് പരാതിക്കാരന് ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ആരംഭിക്കുകയായിരുന്നു. കരാര്‍ പ്രകാരം വില്‍പ്പനയ്ക്കുള്ള മത്സ്യം എത്തിച്ചു നല്‍കേണ്ടതായിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ മത്സ്യം വരാതെയായെന്നും മീന്‍ കട അടച്ചുപൂട്ടേണ്ടതായി വന്നെന്നുമാണ് പരാതിക്കാരന് പറയുന്നത്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്. ധര്‍മ്മജനെ കൂടാതെ മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്(40), നിബിന്(40), ഫെബിന്(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തന്റെ കൈയില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു തന്നില്ലെന്നും വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും പറഞ്ഞുകൊണ്ട് ആസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിയില്‍ കേസെടുക്കാന്‍ കോടതി കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. ധര്‍മ്മജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.