കോഴിക്കോട് കൂട്ടബലാത്സംഗം: പ്രതികളുമായി തെളിവെടുപ്പ് നടത്തി; ലോഡ്ജ് അടച്ചുപൂട്ടി 

 
kozhikode Rape Case

പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും

ടിക് ടോക് വഴി പരിചയപ്പെട്ട യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുപ്പ് നടത്തി. പ്രതികളെ യുവതിയെ പീഡിപ്പിച്ച ചേവരമ്പലം രാരുക്കിട്ടി ലോഡ്ജിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായിരുന്നു. തുടര്‍ന്നാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ലോഡ്ജിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് പൊലീസ് ലോഡ്ജ് അടച്ചുപൂട്ടി. 

നേരത്തെ, ലോഡ്ജിന്റെ ലെഡ്ജര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. പരിശോധനയില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിരുന്നു. ലോഡ്ജിനെതിരെ നാട്ടുകാര്‍ ഉള്‍പ്പെടെ വ്യാപക പരാതിയും ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് പൊലീസ് ലോഡ്ജ് അടച്ചുപൂട്ടിയത്. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

കേസില്‍ ഒന്നും രണ്ടും പ്രതികളായ അജ്‌നാസും ഫഹദും ഇന്നലെ അറസ്റ്റിലായിരുന്നു. ഒളിവില്‍ കഴിഞ്ഞ ലിജാസ്, ഷുഹൈബ് എന്നിവരെ തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍നിന്ന് ഇന്ന് രാവിലെയും അറസ്റ്റ് ചെയ്തു. ഇതോടെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്ത നാലുപേരും അറസ്റ്റിലായി. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്.

കൊല്ലം സ്വദേശിനിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ടിക് ടോക് വഴി പരിചയപ്പെട്ട യുവതിയെ പ്രേമം നടിച്ച് അജ്നാസാണ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത്. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും ഫഹദും കൂടി ഫഹദിന്റെ കാറില്‍ ലോഡ്ജില്‍ എത്തിച്ചു. അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചശേഷം, അടുത്ത റൂമില്‍ കാത്തിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തി. യുവതിക്ക് ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയശേഷം ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് കേസ്. 

ക്രൂര പീഡനത്തിനൊടുവില്‍ യുവതി അബോധാവസ്ഥയിലായതോടെ, പ്രതികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളഞ്ഞു. ആശുപത്രി അധികൃതരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.