നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി പരിശോധന; ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് 

 
dileep

നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ തേടി നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു. സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്റെ പ്രൊഡക്ഷൻ  കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസിലും പരിശോധന തുടരുകയാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പൂട്ടിക്കിടന്ന വീട് ദിലീപിന്റെ സഹോദരി എത്തിയാണ് തുറന്ന് നൽകിയത്.  എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് പരിശോധന നടത്തുന്നത്. 

കേസിൽ ഏറ്റവും നിർണായകമായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തിന് കണ്ടെത്താനായിരുന്നില്ല . ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ കായലിൽ എറിഞ്ഞു നശിപ്പിച്ചതായിട്ടാണ് ഒന്നാം പ്രതി പൾസർ സുനി നൽകിയ മൊഴി. എന്നാൽ കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് ഈ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽവച്ച് കണ്ടതിന് താൻ സാക്ഷിയായെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് അന്വേഷണസംഘത്തിന് പുതിയ വഴി തുറന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കോടതി ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ദിലീപിന്റെ വീട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടതും വി.ഐ.പി എന്ന് പറയുന്ന ആള്‍ എത്തിയെന്ന് പറഞ്ഞതും ഈ വീട്ടിലായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Also Read : 'ശരത് അങ്കിള്‍' ആല്ലെങ്കില്‍ ആരാണാ വിഐപി! ബാലചന്ദ്രകുമാര്‍ രഹസ്യമൊഴി നല്‍കിയ സാഹചര്യത്തില്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുമോ?

Also Read :എന്താണ് ഈ പോളി സിസ്റ്റിക് ഓവറി സിണ്ട്രോം അഥവാ PCOS?