സൈക്കിള്‍ ചവിട്ടാന്‍ പോലും അറിയാത്ത ആദിവാസി യുവാവ് കാര്‍ മോഷ്ടാവെന്ന് പൊലീസ്; നീതി തേടി കുടുംബം
 

യുവാവിന് ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നുവെന്നും കുടുംബം
 
deepu jail

വാഹനം ഓടിക്കാന്‍ അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷ്ടിച്ചുകൊണ്ടുപോയി എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെന്നും ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയനാക്കിയെന്നും പരാതി. വയനാട് സുല്‍ത്താന്‍ ബത്തേരി അത്തിക്കടവ് പണിയ കോളനിയില്‍ ദീപു എന്ന ചെറുപ്പക്കാരനെയാണ് പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി കുടുംബവും കോളനി നിവാസികളും രംഗത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിക്കാനും കുടുംബം തയ്യാറെടുക്കുകയാണ്.

ഈ മാസം അഞ്ചാം തീയതി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി കാര്‍ മോഷ്ടിച്ചുകൊണ്ടുപോയി എന്നതാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് 22കാരനായ ദിപുവിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. കോടതിയില്‍ ഹാജരാക്കിയ ദിപുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ദീപു കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നുമാണ് ഈ വിഷയത്തില്‍ പൊലീസ് പറയുന്നത്. എന്നാല്‍, സൈക്കിള്‍ പോലും ചവിട്ടാന്‍ അറിയാത്ത ദീപുവിനെ പൊലീസ് കുടുക്കുകയായിരുന്നുവെന്നും വേറെ പല കേസുകളും ദീപുവിന്റെ മേല്‍ ചുമത്തിയിരിക്കുകയാണെന്നും ഭാര്യയും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നില്‍ ചാരി നില്‍ക്കുകയായിരുന്ന ദീപുവിനെ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് ഉടമ മര്‍ദ്ദിക്കുകയും അതിനുശേഷം സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ ദീപുവിനെതിരേ മോഷണകുറ്റത്തിന് പരാതി നല്‍കുകയായിരുന്നുവെന്നും അത്തിക്കടവ് കോളനി നിവാസികള്‍ പറയുന്നു. പരാതിയുടെ പുറത്താണ് പൊലീസ് ദീപുവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. കോളനിയിലെ എസ് ടി പ്രമോട്ടര്‍ വഴിയാണ് ഇക്കാര്യം ദീപുവിന്റെ കുടുംബവും കോളനിക്കാരും അറിയുന്നത്. തുടര്‍ന്ന് അച്ഛന്‍,അമ്മ, ഭാര്യ എന്നിവരടക്കം കോളനിയിലുള്ളവര്‍ സ്‌റ്റേഷനില്‍ ചെന്നു. എന്തു കുറ്റത്തിനാണ് ദീപുവിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ദീപു കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് കുറ്റമെന്ന് പൊലീസുകാര്‍ പറയുന്നത്. പ്രസ്തുത വാഹനം മാത്രമല്ല, വേറെയും വണ്ടികള്‍ ദീപു മോഷ്ടിച്ചിട്ടുണ്ടെന്നും വാഹനങ്ങള്‍ക്ക് പുറമെ സ്വര്‍ണവും മൊബൈല്‍ ഫോണുകളും ദീപു കവര്‍ന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതോടെ തങ്ങള്‍ ഞെട്ടിയെന്നാണ് ദീപുവിന്റെ ഭാര്യയും മാതാപിതാക്കളും പറയുന്നത്. എല്ലാ കുറ്റങ്ങളും ദീപു സമ്മതിച്ചതായി പൊലീസ് പറയുന്നുണ്ടെങ്കിലും ക്രൂരമായി മര്‍ദ്ദിച്ച് ദീപുവിനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്നാണ് ഭാര്യ അമ്പളി പറയുന്നത്. ''ഞങ്ങളുടെ മുന്നില്‍ വച്ചും പൊലീസുകാര്‍ എന്റെ മകനെ തല്ലി. ചുണ്ടുപൊട്ടി ചോരയൊലിപ്പിച്ച്, നീരുവന്ന് വീര്‍ത്ത മുഖവുമായി നില്‍ക്കുകയായിരുന്നു. ഞങ്ങളെ കണ്ടതോടെ അവന്‍ കരയാന്‍ തുടങ്ങി, ഇന്നലെ രാത്രി മുതല്‍ ഒന്നും കഴിക്കാന്‍ തന്നിട്ടില്ലെന്നും വിശക്കുന്നുണ്ടെന്നും അവന്‍ പറഞ്ഞു. ഒരുപാട് തല്ലിയെന്നും എങ്ങനെയെങ്കിലും വീട്ടില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു'';  ദീപുവിന്റെ അമ്മ ലീല പറയുന്നു.

രണ്ട് കിലോമീറ്റര്‍ ദൂരം മോഷ്ടിച്ച കാര്‍ ഓടിച്ച് ദീപു പോയെന്നാണ് പൊലീസ് മഹസറില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ദീപുവിന് ഒരു സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതില്‍ നിന്നു തന്നെ പൊലീസ് ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് വ്യക്തമാണെന്നും ബന്ധുക്കള്‍ പറയുന്നു.

''നവംബര്‍ അഞ്ചാം തീയതി ഭാര്യ വീട്ടില്‍ പോയി തിരിച്ചു വരുന്നവഴി സാധനങ്ങള്‍ വാങ്ങാന്‍ ബത്തേരി ടൗണില്‍ ഇറങ്ങിയ സമയത്താണ് ദീപു ഒരു കാറില്‍ ചാരി നിന്നത്. ഈ സമയം കാറിനകത്ത് ഉണ്ടായിരുന്നവര്‍ ദീപു കള്ളനാണെന്ന് ആരോപിച്ച് വളയുകയും മര്‍ദ്ദിക്കുകയും ചെയ്തു. അതിനുശേഷം കാറിന്റെ താക്കോല്‍ ദീപുവിന്റെ കൈയില്‍ പിടിപ്പിക്കുകയും വണ്ടിയോടിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദീപു വാഹനം ഓടിച്ചില്ല, അവനത് അറിയില്ലായിരുന്നു. അതിനുശേഷമാണ് ദീപു കാറുമായി കടന്നു കളയാന്‍ ശ്രമിച്ചുവെന്നുപറഞ്ഞ് പൊലീസില്‍ അറിയിക്കുന്നത്. പൊലീസ് വന്ന് ദീപുവിനെ പിടിച്ചുകൊണ്ടുപോയത്. എസ് ടി പ്രമോട്ടര്‍ വിളിച്ചു പറയുമ്പോഴാണ് അവനെ പൊലീസ് കൊണ്ടുപോയെന്ന കാര്യം അറിഞ്ഞത്. ഞങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന സമയത്ത്, ഞങ്ങളുടെ മുന്നില്‍ വച്ചും ദീപുവിനെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. തല്ലരുതെന്ന് പറഞ്ഞപ്പോള്‍ അവര്‍ വാതില്‍ അടച്ചു കളഞ്ഞു. ചില പൊലീസുകാര്‍ ഞങ്ങളോട് മോശമായി പെരുമാറുകയും ചെയ്തു. പിന്നീടാണവര്‍ പറയുന്നത് ദീപു കുറ്റം സമ്മതിച്ചെന്നും വേറെയും വാഹനങ്ങള്‍ മോഷ്ടിച്ചുണ്ടെന്നും പൊലീസുകാര്‍ പറയുന്നത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന കുറെ താക്കോലുകള്‍ ദീപുവിനെ കൊണ്ട് പിടിപ്പിച്ചശേഷം ഫോട്ടോയും വീഡിയോയും എടുത്തു. അറസ്റ്റ് ചെയ്തിന്റെ പിറ്റേദിവസം രാത്രി പന്ത്രണ്ടു മണിയോടെ ദീപുവിനെ തെളിവെടുപ്പിനെന്നും പറഞ്ഞ് വീട്ടില്‍ കൊണ്ടു വരികയും പൊലീസുകാര്‍ തന്നെ ഒരു പ്രത്യേക സ്ഥലത്ത് നിര്‍ത്തിശേഷം അവിടെ നിന്നും ഒരു മൊബൈല്‍ ഫോണ്‍ എടുത്ത് അത് ദീപു മോഷ്ടിച്ചതാണെന്ന് പറയുകയും ചെയ്തൂ. വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും ദീപു മോഷ്ടിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. പത്താംക്ലാസ് വരെ പഠിച്ചിട്ടുള്ള ദീപു കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. അവന്‍ എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടെന്നോ ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെന്നോ ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഞങ്ങളുടെ വീട്ടിലും അയല്‍പ്പക്കത്തും അടക്കം വണ്ടികള്‍ ഉണ്ടെങ്കിലും അതൊന്നും ഇതുവരെ ഓടിച്ചിട്ടില്ല, അവനത് അറിയില്ല. അങ്ങനെയുള്ളൊരു പയ്യനെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുന്നത്. എത്രയും വേഗം ദീപുവിനെ മോചിപ്പിക്കണം, കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ കേസ് എടുക്കണം. ഈ ആവശ്യം ഉന്നയിച്ചാണ് മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്. ഈ കോളനിക്കാരെല്ലാം പരാതിയില്‍ ഒപ്പിട്ടിട്ടുമുണ്ട്''; ദീപുവിന്റെ ഭാര്യ അമ്പിളിയും അമ്മ ലീലയും വല്യച്ചനും പറയുന്നു.

ദീപു കീ ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതായി പൊലീസ് കണ്ടെത്തിയെന്നാണ് വയനാട് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ ഈ കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ദീപുവിന് ഡ്രൈവിംഗ് അറിയുമോ എന്ന കാര്യം ഇതുവരെ ക്രോസ് ചെക്ക് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം തന്നെയാണ് പൊലീസ് മേധാവി പറയുന്നത്, മറ്റൊരാളുടെ കാര്‍ അനുമതിയില്ലാതെ ദീപു ഉപയോഗിച്ചിട്ടുണ്ടെന്ന്. മീനങ്ങാടിയിലെ ഒരു വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും സ്വര്‍ണ കമ്മലും മോഷണം പോയെന്ന കേസില്‍, മോഷണം നടന്ന സ്ഥലത്ത് നിന്നും ദീപുവിന്റെ വിരലടയാളം കിട്ടിയിട്ടുണ്ടെന്നും പൊലീസ് മേധാവി മാധ്യമങ്ങളോട് പറയുന്നുണ്ട്. പൊലീസ് ദീപുവിനെ മര്‍ദ്ദിച്ചെന്ന ആരോപണങ്ങളും ജില്ല പൊലീസ് മേധാവി നിഷേധിക്കുകയാണ്.

കാര്‍ മോഷ്ടിച്ചെന്ന കേസ് നില്‍ക്കില്ലെന്ന് മനസിലായതോടെയാണ് ഒരു വീട് കുത്തി തുറന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്ന കുറ്റം കൂടി ദീപുവിന്റെ തലയില്‍ കെട്ടിവച്ചതെന്നാണ് അമ്മാവന്‍ മണി പറയുന്നത്. ''എല്ലാ കുറ്റവും അവന്‍ സമ്മതിച്ചെന്നു പൊലീസ് പറയുന്നതും നുണയാണ്, ഭക്ഷണം പോലുംകൊടുക്കാതെ ഒരുപാട് മര്‍ദ്ദിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും അവനെ രക്ഷിക്കണം''. സര്‍ക്കാര്‍ വിഷടത്തില്‍ ഇടപെടുമെന്നും ദീപുവിന് നീതി കിട്ടുമെന്നുമാണ് മണി ഉള്‍പ്പെടെ ദീപുവിനെ മോചനം കാത്തിരിക്കുന്ന എല്ലാവരും പ്രതീക്ഷിക്കുന്നത്.