ബലാത്സംഗ കേസ്; വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്

 
vijay babu

യുവ നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ്. ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ടും വിസയുമടക്കം വിദേശത്ത് തങ്ങാനുള്ള രേഖകള്‍ റദ്ദാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി എമിഗ്രേഷന്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയാണ് പൊലീസ്. 22നു പരാതി ലഭിച്ചതിനു പിന്നാലെ വിജയ് ബാബു ഗോവയിലേക്കു കടന്നിരുന്നു. 24ന് അവിടെ നിന്നു ബെംഗളൂരുവില്‍ എത്തി ദുബായിലേക്കു പോവുകയായിരുന്നു. 

യുവനടിയുടെ പരാതി ലഭിച്ച് രണ്ടുദിവസം കഴിഞ്ഞാണ് പ്രതി വിദേശത്തേക്ക് കടന്നത്. പ്രതി രക്ഷപ്പെട്ടശേഷമാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ അടക്കം ഇറക്കിയത്. സര്‍ക്കുലര്‍ നിലനില്‍ക്കുന്നതുകൊണ്ട് മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ തിരികെ എത്തിയാല്‍ വിമാനത്താവളത്തില്‍വച്ചുതന്നെ വിജയ് ബാബു അറസ്റ്റിലാകും. കേസ് നടപടികളുടെ ഭാഗമായി വിജയ് ബാബുവിന്റെ ഫ്‌ളാറ്റിലും വീട്ടിലുമടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ വേനല്‍ അവധിക്ക് ശേഷം മാത്രമായിരിക്കും പരിഗണിക്കുക. പരാതിക്കാരിക്കെതിരെ ബ്ലാക്ക് മെയില്‍ ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. മെയ് 16ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വന്നതിനുശേഷമേ കീഴടങ്ങാന്‍ സാധ്യതയുള്ളൂ. പരാതിക്കാരിയുടെ മൊഴികളില്‍ പറയുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. സിനിമാ മേഖലയിലുള്ളവരും ഹോട്ടല്‍ ജീവനക്കാരുമടക്കം 8 പേരുടെ മൊഴിയും രേഖപ്പെടുത്തിതയാതാണ് വിവരം. 

അതിനിടെ, വിജയ് ബാബുവിന് എതിരെ മറ്റൊരു യുവതി കൂടി അതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണം ഈ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്. പോസ്റ്റിലെ വിവരങ്ങള്‍ പ്രകാരം സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും പരാതിയുമായി മുന്നോട്ട് പോവുന്നുണ്ടെങ്കില്‍ ഇത് രേഖാമൂലം ശേഖരിക്കാനുമാണ് തീരുമാനം.