ചോരകൊണ്ട് കണക്കുതീര്‍ക്കുന്ന ഗുണ്ടാ, രാഷ്ട്രീയ സംഘങ്ങള്‍; രണ്ട് മാസത്തിനിടെ അഞ്ച് കൊലപാതകങ്ങള്‍

 
political murder
ഉറക്കം ഉണരാത്ത ആഭ്യന്തര വകുപ്പും പൊലീസും 

രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് നടന്നത് അഞ്ച് കൊലപാതകങ്ങള്‍. അതില്‍ നാല് കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. ലഹരി-ക്വട്ടേഷന്‍ സംഘങ്ങളുടെ പകപ്പോക്കലിന്റെ ഭാഗമായാണ് ഒരു കൊലപാതകം നടന്നത്. വര്‍ഗീയ-രാഷ്ട്രീയ അജണ്ടയുള്ള ആര്‍എസ്എസും എസ്ഡിപിഐയും ചോരകൊണ്ട് കണക്കുതീര്‍ക്കുമ്പോഴും, ലഹരി-ക്വട്ടേഷന്‍ സംഘങ്ങള്‍ സിപിഎം പ്രവര്‍ത്തകന്റെ ജീവനെടുക്കുമ്പോഴും ഇടതുസര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അതിക്രൂരമായ കൊലപാതകങ്ങളില്‍ മനസ് മരിച്ച് ഒരു ജനതയാകെ നില്‍ക്കുമ്പോള്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള കൃത്യമായ ഇടപെടലുകളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ, പൊലീസിന്റെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ല. 

നവംബര്‍ 15ന്, പാലക്കാട് ആര്‍എസ്എസുകാരനായ സഞ്ജിത്തിനെ വെട്ടിക്കൊന്നു. ഭാര്യയുമായി ബൈക്കില്‍ സഞ്ചരിക്കവെ, അക്രമിസംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയുടെ നെന്‍മാറ, ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, പുതുനഗരം, അത്തിക്കോട് ഓഫീസുകളില്‍ പൊലീസ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. കേസില്‍ ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഓഫിസിലുണ്ടായിരുന്നു.

ഡിസംബര്‍ രണ്ടിന് തിരുവല്ലയില്‍ സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്നു. കേസില്‍ നാലു പേരാണ് അറസ്റ്റിലായത്. യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു ജിഷ്ണുവാണ് മുഖ്യപ്രതി. അതേസമയം, വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ജിഷ്ണുവിന്റെ സുഹൃത്തുക്കളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായ പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസല്‍ എന്നിവരും അറസ്റ്റിലായി. കണ്ണൂരില്‍ നിന്നുള്ള മുഹമ്മദ് ഫൈസലിനെ ജയിലില്‍ വെച്ചാണ് ജിഷ്ണു പരിചയപ്പെടുന്നത്. അതിനാല്‍, കൊലപാതകത്തിന് കൃത്യമായ മുന്നൊരുക്കം നടന്നിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഡിസംബര്‍ 11ന് തിരുവനന്തപുരത്ത് പോത്തന്‍കോട് സുധീഷ് എന്ന യുവാവിനെ ലഹരി-ക്വട്ടേഷന്‍ സംഘമാണ് വെട്ടിക്കൊന്നത്. 11 അംഗ ഗുണ്ടാസംഘമാണ് പട്ടാപ്പകല്‍ സുധീഷിനെ വീടുകയറി ആക്രമിച്ചത്. പ്രാണരക്ഷാര്‍ത്ഥം ഒളിച്ചിരുന്ന വീട്ടിലെത്തി, കുട്ടികള്‍ ഉള്‍പ്പെടെ നോക്കനില്‍ക്കെയാണ് വെട്ടിക്കൊന്നത്. ഇരു കാലുകളും വെട്ടിമാറ്റിയ അക്രമിസംഘം, ഒരു കാലുമായി അര കിലോമീറ്ററോളം സഞ്ചരിച്ചശേഷം റോഡില്‍ വലിച്ചെറിയുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള സുധീഷും കൊലക്കേസില്‍ ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയും തമ്മിലുള്ള കുടിപ്പകയുടെ ഭയപ്പെടുത്തുന്ന കഥകളാണ് പിന്നീട് പുറത്തുവന്നത്. ദിവസങ്ങള്‍ക്കുമുമ്പ് ഇരു സംഘങ്ങളും തമ്മിലുണ്ടായ അക്രമത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം.

ആലപ്പുഴയില്‍നിന്നാണ് ഏറ്റവും ഒടുവിലത്തെ കൊലപാതക വാര്‍ത്തകള്‍. ഡിസംബര്‍ 18ന് വൈകിട്ട് എസ്ഡിപിഐ നേതാവ് കെ.എസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തി. 18ന് രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ ഷാനിനെ കൊലപ്പെടുത്തിയത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണപ്പോള്‍, കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു എസ്ഡിപിഐയുടെ ആരോപണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുന്നതിനിടെ, ഡിസംബര്‍ 19ന് രാവിലെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീനിവാസന്‍ കൊല്ലപ്പെട്ടു. പ്രഭാതസവാരിക്കിറങ്ങിയ രഞ്ജിത്തിനെ വീടിന് മുന്നിലിട്ട് ഒരുസംഘമാളുകള്‍ വെട്ടുകയായിരുന്നു. ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്തായിരുന്നു സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് ബിജെപിയുടെ ആരോപണം. 

ഭരണത്തുടര്‍ച്ചയ്‌ക്കൊപ്പം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയാളുമ്പോള്‍ തന്നെയാണ് ലഹരി-ഗുണ്ടാ, രാഷ്ട്രീയ സംഘങ്ങള്‍ അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്നത്. ലഹരി-ഗുണ്ടാ സംഘങ്ങള്‍ക്കൊപ്പം, മതവര്‍ഗീയതയുടെ രാഷ്ട്രീയം ഉറക്കെ സംസാരിക്കുന്നവരെയും അവരുടെ അക്രമങ്ങളെയും ഏതുവിധേനയും ചെറുക്കേണ്ടത് ആവശ്യമാണ്. ലഹരിമൂത്ത് ഏത് കുറ്റകൃത്യത്തിനും തയ്യാറാകുന്നവരെപ്പോലെ, സമൂഹത്തില്‍ നടക്കുന്ന ഏതൊരു സംഭവത്തേയും വര്‍ഗീയ ചേരിതിരിവിനും ലഹളകള്‍ക്കുമുള്ള കാരണമായി മാറ്റുന്നവരെ ഏറെ ഭയക്കേണ്ടതുണ്ട്. സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കഴിഞ്ഞിട്ടുള്ള പതിവ് പ്രസ്താവനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉപരിയായി, രാഷ്ട്രീയ-സാമുഹ്യ പരിസരങ്ങളെ അലോസരപ്പെടുത്തുന്ന സംഘങ്ങള്‍ക്കെതിരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഒന്നിനുപിറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും ഉറക്കം ഉണരാത്ത ആഭ്യന്തര വകുപ്പും പൊലീസും സാധാരണ ജനങ്ങളുടെപോലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. ക്രമസമാധാനവും സുരക്ഷിതാവസ്ഥയും നല്‍കാനല്ലെങ്കില്‍ പൊലീസ് സംവിധാനം എന്തിനാണെന്ന ചോദ്യം പോലും അത്തരത്തിലാണ് ഉയരുന്നത്. 

സമൂഹത്തെ ഭിന്നിപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരെ, അവരുടെ കൊലപാതക രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ കേരളം തയ്യാറാകണം. ജാതി, മത രാഷ്ട്രീയത്തിനു അനുകൂലമായി നിലപാടുകള്‍ സ്വീകരിക്കുകയും നയങ്ങള്‍ പ്രഖ്യാപിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നൊരു രാഷ്ട്രീയ വ്യവസ്ഥിതി ഫാസിസ്റ്റ് ശക്തികള്‍ക്ക് കൂടുതല്‍ കരുത്ത് പകരും. അതിനാല്‍, രാഷ്ട്രീയ പ്രബുദ്ധതയില്‍ അഭിരമിക്കുന്ന മലയാളികളും പുരോഗമന രാഷ്ട്രീയ ആദര്‍ശങ്ങളുടെ വക്താക്കളായി അറിയപ്പെടുന്ന സംഘടനകളും ഇവര്‍ക്കെതിരെ സജീവമാകണം. പുരോഗമന ജനാധിപത്യവും മതേതര രാഷ്ട്രീയവുമൊക്കെ പറയുന്ന സംഘടനകള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കണം. രാഷ്ട്രീയ കൊലപാതകങ്ങളെ ഒന്നടങ്കം അപലപിക്കണം. സ്വന്തം പക്ഷം വരുമ്പോള്‍ ന്യായീകരിക്കാനുള്ള വ്യഗ്രതയല്ല, കേവലം രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കുവേണ്ടി തങ്ങളുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കില്ലെന്ന് പറയാനുള്ള ആര്‍ജ്ജവമാണ് ഉണ്ടാകേണ്ടത്.