സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; അവശ്യസേവന മേഖലയെ ഒഴിവാക്കും

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകുന്നേരം 6:30നും 11നുമിടയില്‍ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രി, പമ്പ് ഹൗസ് തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നാണ് പ്രതിസന്ധി. ദേശീയ ഗ്രിഡില്‍ നിന്ന് ഇന്നും അഞ്ഞൂറുമെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നു. രണ്ടുദിവസത്തിനുള്ളില്‍ ആന്ധ്രയില്‍ നിന്ന് ഇരുനൂറ് മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നതോടെ നിയന്ത്രണം പിന്‍വലിക്കാനാകുമെന്നാണ് പ്രതീക്ഷ. ബദല്‍ മാര്‍ഗം കണ്ടെത്തിയിട്ടുണ്ട് എന്നും വൈദ്യുതി നിയന്ത്രണം രണ്ട് ദിവസം മാത്രമെന്നുമാണ് വൈദ്യുത മന്ത്രി കെ കൃഷ്ണന് കുട്ടി വ്യക്തമാക്കിയത്.

വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയത്ത് കേരളത്തില്‍ 400 മുതല്‍ 500 മൊഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കോഴിക്കോട് താപവൈദ്യുതി നിലയം പ്രവര്‍ത്തിപ്പിച്ചും ആന്ധാപ്രദേശില്‍ നിന്ന് 200 മൊഗാ വാട്ട് വൈദ്യുതി വാങ്ങിയും പ്രതിസന്ധി മറികടക്കാനാണ് ശ്രമം. വ്യാഴാഴ്ച മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്.
വൈദ്യുതിയുടെ വാങ്ങല്‍ വിലയും കൂടിയിട്ടുണ്ട്.പവര്‍ എക്സ്ചേഞ്ചില്‍ പരമാവധി വിലയായ യൂണിറ്റിനു 12 രൂപ നല്കിയാല് പോലും സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു വൈദ്യുതി ലഭിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ കല്‍ക്കരി ഉല്പാദനം സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയിട്ടും വൈദ്യുതി നിലയങ്ങളിലെ കല്‍ക്കരി ശേഖരം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല.ഈ മാസം മാത്രം 27% ഉല്പാദനവര്ധന കോള്‍ ഇന്ത്യ കൈവരിച്ചിരുന്നു. ഇറക്കുമതി കല്‍ക്കരിയുടെ വില കൂടിയത് തിരിച്ചടിയായെന്നാണ് റിപോര്‍ട്ടുകള്‍.