ദുരഭിമാന കേരളം; മകളുടെ പ്രണയ വിവാഹത്തിന് സഹായിച്ചയാളെ കൊല്ലാന്‍ മാതാപിതാക്കളുടെ ക്വട്ടേഷന്‍

റിനീഷിനെ കൊല്ലാന്‍ മൂന്നു തവണയാണ് അജിതയും അനിരുദ്ധനും ക്വട്ടേഷന്‍ നല്‍കിയത്
 
honor killing

കേരളത്തില്‍ വീണ്ടും ദുരഭിമാന കൊലവിളി. തങ്ങളുടെ ഇഷ്ടം ധിക്കരിച്ച് മകള്‍ വിവാഹിതയാതിന്റെ പേരില്‍ മാതാപിതാക്കളാണ് പ്രതികാരം തീര്‍ക്കാന്‍ ഇറങ്ങിയത്. മകളുടെ വിവാഹത്തിന് സഹായം ചെയ്തുകൊടുത്തെന്നാരോപിച്ച് ബന്ധുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു കോഴിക്കോട് തലക്കുളത്തുള്ള അനിരുദ്ധന്‍-അജിത ദമ്പതികള്‍. വസ്ത്രവ്യാപാരിയായ റിനീഷിനെ കൊല്ലാന്‍ മൂന്നു തവണയാണ് അജിതയും അനിരുദ്ധനും ക്വട്ടേഷന്‍ നല്‍കിയത്. ആദ്യം ആലപ്പുഴയിലെയും പിന്നീട് കോഴിക്കോടുള്ള രണ്ട് സംഘങ്ങളെയുമാണ് റിനീഷിനെ വകവരുത്താന്‍ സമീപിച്ചത്. മൂന്നാമത്തെ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിനീഷ് തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന മകള്‍ ജാനറ്റ്, ബന്ധുവായ സ്വരൂപുമായി അടപ്പുത്തിലായതും തങ്ങളുടെ സമ്മതമില്ലാതെ രജിസ്റ്റര്‍ വിവാഹം കഴിച്ചതുമാണ് അജിതയെയും അനിരുദ്ധിനെയും പ്രകോപിപ്പിച്ചത്. സിംഗപ്പൂരില്‍ ജോലി ചെയ്യുകയായിരുന്ന സ്വരൂപ് രഹസ്യമായി നാട്ടിലെത്തിയാണ് ജാനറ്റിനെ വിവാഹം കഴിച്ചത്. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം സ്വരൂപ് സിംഗപൂരിലേക്ക് മടങ്ങിയിരുന്നു. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജാനറ്റും സിംഗപ്പൂരിലേക്ക് പോകാനായിരുന്നു തീരുമാനം. മകളുടെ വിവാഹത്തിന് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് റിനീഷ് ആണെന്നു മനസിലാക്കിയാണ് അയാളെ കൊല്ലാന്‍ അജിതയും അനിരുദ്ധനും തീരുമാനിച്ചത്. സ്വരൂപിന്റെ സഹോദരീ ഭര്‍ത്താവാണ് റിനീഷ്. ടെക്‌സ്‌റ്റൈല്‍ സ്ഥാപനം പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സ്വരൂപിനെ ക്വട്ടേഷന്‍ സംഘം ഇരുമ്പ് വടിക്ക് അടിച്ചു വീഴ്ത്തിയ ശേഷം മാരകമായി വെട്ടിയത്. ബഹളം കേട്ട് ചിലര്‍ ഓടിയെത്തിയതോടെയാണ് അക്രമി സംഘം റിനീഷിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. സംഭവത്തിനുശേഷം പൊള്ളാച്ചിയിലേക്ക് കടന്ന സംഘം, കൈയിലെ പണം തീര്‍ന്നതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നവര്‍ക്കെതിരേ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൊലവിളി ഉയരുന്നത് കേരളത്തില്‍ സ്ഥിരമാവുകയാണ്.  കഴിഞ്ഞ മാസമാണ് പ്രണയ വിവാഹത്തിന്റെ പേരില്‍ തിരുവനന്തപുരത്ത് മിഥുന്‍ കൃഷ്ണ എന്ന ചെറുപ്പക്കാരന് നേരെ ആക്രമണം നടന്നത്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ദീപ്തിയെ പട്ടികജാതിക്കാരനായ മിഥുന്‍ വിവാഹം കഴിച്ചത് സഹിക്കാന്‍ കഴിയാതെയാണ് ദീപ്തിയുടെ സഹോദരന്‍ മിഥുനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദീപ്തിയും മിഥുനും ഒക്ടോബര്‍ 29 ന് വിവാഹിതരായത്. ഇവരെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരുടെയും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ മിഥുനും ദീപ്തിയും തങ്ങള്‍ വിവാഹിതരായെന്ന് പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് രണ്ടുപേരുടെയും വിവാഹം പള്ളിയില്‍വച്ച് നടത്തി തരാമെന്ന് ദീപിതിയുടെ സഹോദരന്‍ ഡോക്ടര്‍ ഡാനിഷ് ജോര്‍ജ് വാക്ക് നല്‍കുന്നു. ഈ വാക്ക് വിശ്വസിച്ച് പള്ളിയില്‍ എത്തിയ മിഥുനു മുന്നില്‍ മതം മാറണമെന്ന ആവശ്യം ഡാനിഷ് മുന്നോട്ടു വച്ചു. ഒന്നുകില്‍ മതം മാറി വിവാഹം കഴിക്കുക, അല്ലെങ്കില്‍ ബന്ധത്തില്‍ നിന്നും പിന്മാറുക. ദീപ്തിയെ ഒഴിവാക്കാന്‍ പണവും മിഥുന് വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ, മിഥുനും ദീപ്തിയും വഴങ്ങിയില്ല. വികാരിയുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. പണത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ തങ്ങള്‍ പിരിയാനില്ലെന്ന് ദീപ്തിയും മിഥുനും ഉറച്ചു നിന്നതോടെ സംസാരം അവിടെ അവസാനിച്ചു. അതിനുശേഷമാണ് ഡാനിഷിന്റെ ക്രൂരതന്ത്രം നടപ്പിലായത്. അമ്മയെ കാണിക്കാം എന്നു പറഞ്ഞ് ദീപ്തിയെയും മിഥുനെയും വീട്ടിലേക്ക് ക്ഷണിച്ച ഡാനിഷ്, വഴിയില്‍ വച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ മിഥുനെ ക്രൂരമായി തല്ലി ചതയ്ക്കുകയായിരുന്നു. കോട്ടയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരന്‍ ദുരഭിമാനത്തിന്റെ ഇരയായി ക്രൂരമായി കൊല ചെയ്യപ്പെട്ടതിനു ശേഷവും അതേ സംഭവങ്ങള്‍ നാട്ടില്‍ ആവര്‍ത്തിക്കുന്നുവെന്നതിന്റെ ഉദ്ദാഹരണങ്ങളാണ് ഇവ.  മലപ്പുറത്ത് ആതിര എന്ന പെണ്‍കുട്ടിയെ വിവാഹത്തിന്റെ തലേന്ന് സ്വന്തം പിതാവ് കുത്തിക്കൊന്നതും ദുരഭിമാനത്തിന്റെ പേരിലായിരുന്നു. തങ്ങളെക്കാള്‍ ജാതിയമായും സാമ്പത്തികമായും താഴ്ന്നു നില്‍ക്കുന്നവരുമായുള്ള ബന്ധങ്ങള്‍ അഭിമാനത്തിന് ക്ഷതം ഉണ്ടാക്കുമെന്നു കരുതുന്ന കുടുംബങ്ങളാണ് കേരളത്തിലധികവുമുള്ളതെന്നാണ് ആവര്‍ത്തിക്കുന്ന ക്രൂരതകള്‍ തെളിയിക്കുന്നത്.