പ്രശ്‌നങ്ങള്‍ പരിഹരിക്കും; യുഡിഎഫ് യോഗത്തിനു മുന്നോടിയായി കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍

 
VD OC RC

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരില്‍ക്കണ്ട് വി.ഡി സതീശന്‍

യുഡിഎഫിന്റെ നിര്‍ണായക യോഗത്തിനു മുന്നോടിയായി കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പരസ്യ വിമര്‍ശനം ഉന്നയിച്ച ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരില്‍ക്കണ്ട് സംസാരിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയിരിക്കുന്നത്. രാവിലെ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച സതീശന്‍ ഉച്ച കഴിഞ്ഞ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. എല്ലാ നേതാക്കളെയും കേട്ടും ഒരുമിച്ചു നിര്‍ത്തിയും മുന്നോട്ടുപോകാനാണ് ശ്രമമെന്നാണ് സതീശന്‍ പ്രതികരിച്ചത്.

അപമാനിച്ചതായി മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഭവം ഉണ്ടെങ്കില്‍ അതു പരിഹരിക്കാനാണ് താന്‍ എത്തിയതെന്നായിരുന്നു ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നില്ല. അവരെ ഒപ്പം നിര്‍ത്തും. പാര്‍ട്ടിയുടെ നല്ല ഭാവിക്കായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. യുഡിഎഫിനെ കരുത്തുറ്റതാക്കാര്‍ എല്ലാ നേതാക്കളുടെയും പിന്തുണ വേണം. കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ആശയ വിനിമയത്തിലുണ്ടായ ചില പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ കഴിയില്ല. പ്രശ്‌നങ്ങളുണ്ട്. സംഘടനയില്‍ അത് സ്വഭാവികമാണ്. തുടര്‍ച്ചയായുള്ള ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയം കണ്ടെത്തുമെന്നും സതീശന്‍ പറഞ്ഞു. 

കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകും. അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയെ കണ്ടശേഷം സതീശന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ ഇതിന് മുന്‍പും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളതെന്ന് വെന്ന് സതീശന്‍ പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി. മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നല്‍കുകയാണ് തന്റെ ദൗത്യമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉണ്ടായതില്‍ വേദനയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ചര്‍ച്ചയിലൂടെ അവ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീശനുമായി സഹകരിക്കുമെന്നാണ് ചെന്നിത്തലയും പ്രതികരിച്ചത്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുണ്ടാകും. ഉമ്മന്‍ചാണ്ടിയും താനും ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് നല്ലതാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടേയെന്നും പറഞ്ഞ ചെന്നിത്തല നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.