'പ്രശ്‌നങ്ങള്‍ക്ക് കാരണം കെ.സി. വേണുഗോപാല്‍, പാലോട് രവി പച്ചയ്ക്ക് കള്ളം പറയുന്ന ആള്‍'

 
prashant

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ പാലോട് രവിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത്. മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നു, ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.

പാര്‍ട്ടിയില്‍ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന, പച്ചയ്ക്കു കള്ളം പറയുന്ന ആളാണ് പാലോട് രവി. പാലോട് രവി പ്രവര്‍ത്തകരെ തമ്മില്‍ തല്ലിച്ചതോടെ നെടുമങ്ങാട് മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഭരണം പോയി. മാനസിക പീഡനം സഹിക്കാന്‍ കഴിയാതെയായതോടെയാണ് പ്രതികരിച്ചതെന്നും വെമ്പായം പഞ്ചായത്ത് ഭരിക്കുന്നത് എസ്ഡിപിഐയുടെ പിന്തുണയോടെയാണെന്നും ഇതിനു നേതൃത്വം കൊടുത്തത് പാലോട് രവിയാണെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.

നെടുമങ്ങാട്ട് എന്നെ തോല്‍പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെ.പി.സി.സി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാര്‍ട്ടി കണക്കിലെടുത്തില്ല. പകരം തോല്‍പിക്കാന്‍ ശ്രമിച്ച ആള്‍ക്ക് പ്രമോഷന്‍ നല്‍കി.

കെ.സി. വേണുഗോപാലിനെതിരെ ഞാന്‍ എന്തിന് കത്തയച്ചു എന്നതാണ് ചോദ്യം. ഞാന്‍ പാര്‍ട്ടിക്കെതിരെ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാന്‍ പാനൂര്‍ രവിക്കെതിരെ ആദ്യത്തെ പത്രസമ്മേളനമാണ് അന്ന് നടത്തിയത്. പാനൂര്‍ രവിയെന്ന ഒരു വ്യക്തിയുടെ പേര് പറഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളിന് പ്രൊമോഷന്‍ കൊടുക്കുന്നത് സംഘടനാപരമായി ശരിയല്ല എന്നാണ് പറഞ്ഞത്. അന്നും അച്ചടക്കം ലംഘിക്കുന്ന ഒരു വര്‍ത്തമാനവും ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്ന് ബി.ജെ.പി ഇതര മതേതര കക്ഷികള്‍, സി.പി.എം പോലും ആഗ്രഹിക്കുന്ന സമയത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പറ്റുന്ന തരത്തിലേക്ക് ചില പ്രവര്‍ത്തനങ്ങള്‍ പോകുന്നത് കണ്ടിട്ടാണ് അത്തരമൊരു കത്തയച്ചത്.

വേണുഗോപാലിനു രാഷ്ട്രീയ അഭയം കൊടുത്ത ജില്ലയാണ് ആലപ്പുഴ. അവിടെ പോലും സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു. അദ്ദേഹവുമായി അടുപ്പമില്ലാത്ത ആളുകളെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. അതാണ് മുന്‍ എംഎല്‍എ എ.വി.ഗോപിനാഥിനു പാര്‍ട്ടി വിടേണ്ടി വന്നത്. കോണ്‍ഗ്രസില്‍ മൂന്നാമനായ വേണുഗോപാലിന് എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്സില്ല. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ കോണ്‍ഗ്രസില്‍നിന്ന് പ്രവര്‍ത്തനം ഉണ്ടായപ്പോഴാണ് പ്രതികരിച്ചത്. 

താന്‍ കോടികള്‍ തട്ടിയെടുത്തെന്നാണ് വ്യാജ പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴും വാടക വീട്ടിലാണ് താമസം. തനിക്കു പിന്തുണയുമായി നേതൃത്വത്തില്‍ ആരും വരാത്തതില്‍ വേദനയുണ്ട്. സിപിഎം പ്രാദേശിക നേതൃത്വവുമായോ മറ്റു പാര്‍ട്ടികളുമായോ ചര്‍ച്ച നടത്തിയിട്ടലല്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

പാലോട് രവിക്കെതിരെ ആരോപണം ഉന്നയിച്ചതിനു സസ്‌പെന്‍ഷനിലായിരുന്ന പ്രശാന്ത്, കെ.സി. വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതോടെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്കു മൂലകാരണം കെ.സി.വേണുഗോപാലാണെന്നും വേണുഗോപാല്‍ ബി.ജെ.പി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.