പി ടി തോമസ് എം എല്‍ എ അന്തരിച്ചു

അപ്രതീക്ഷിതമായി വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിന്റെ ഊര്‍ജ്ജസ്വലനായ പ്രതിനിധി
 
P T THOMAS

തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസ് അന്തരിച്ചു.  71 വയസ് ഉണ്ടായിരുന്നു. അര്‍ബുദ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ആദ്യം കൊച്ചിയിലും പിന്നീട് മുംബൈയിലും ചികിത്സ നടത്തിശേഷമാണ് വെല്ലൂരിലേക്ക് കൊണ്ടു പോയത്. കീമോ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ വെല്ലൂര്‍ ആശുപത്രിയില്‍ നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായ അന്ത്യം.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ പി ടി തോമസ് തൃക്കാക്കരയില്‍ നിന്നും രണ്ടാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1991, 2001 കാലത്ത് തൊടുപുഴയില്‍ നിന്നും നിയമസഭയലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009 ല്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനുവേണ്ടി ശക്തിയുക്തം വാദിച്ച പരിസ്ഥിതിവാദിയായിരുന്നു തോമസ്. അതിന്റെ പേരിലാണ് ഇടുക്കിയില്‍ നിന്നും രണ്ടാമത് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പോലും കഴിയാതെ വന്നത്. എങ്കിലും തന്റെ നിലപാടില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ പി ടി തോമസ് തയ്യാറായിരുന്നില്ല. 2016 ല്‍ പാര്‍ട്ടി അദ്ദേഹത്തെ തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിപ്പിക്കുകയായിരുന്നു. 

ഇടുക്കി രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിലാണ് പി ടി തോമസ് ജനിച്ചത്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ്, മഹരാജാസ് കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

കെ എസ് യു വഴിയാണ് പി ടി തോമസ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1980 ല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1980 മുതല്‍ കെപിസിസി, എ ഐ സി സി അംഗമാണ്. പാര്‍ലമെന്റിലും നിയമസഭയിലും കോണ്‍ഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു എന്നും പിടി തോമസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തോമസ് ഉയര്‍ത്തിയ ശക്തമായ ആരോപണങ്ങലെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെയും ഏറ്റവും വലിയ വിമര്‍ശകനായി തോമസ് സഭയ്ക്കകത്ത് തിളങ്ങി നില്‍ക്കുകയായിരുന്നു. കേരള രാഷ്ട്രീയത്തിനും കോണ്‍ഗ്രസിനും വലിയ നഷ്ടമാണ് പി ടി തോമസിന്റെ അപ്രതീക്ഷ മരണം ഏല്‍പ്പിക്കുക.