നിലപാടുകളിലെ കാര്‍ക്കശ്യം; ഇടുക്കിയും തൃക്കാക്കരയും അംഗീകരിച്ച ശൈലി 

 
PT Thomas

നിയമസഭയിലെ പ്രതിപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദങ്ങളിലൊന്ന്

ഇടുക്കി ജില്ലയിലെ രാജമുടിയിലായിരുന്നു പി.ടി തോമസിന്റെ ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ തോമസിന്റെ തട്ടകവും ഇടുക്കിയായിരുന്നു. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റില്‍നിന്ന് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നിങ്ങനെ സ്ഥാനങ്ങള്‍, തോമസിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. ഇടുക്കിയില്‍നിന്ന് എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെത്തിയപ്പോഴും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി തന്നെയാണ് അദ്ദേഹത്തെ തുണച്ചത്. ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം ജനങ്ങള്‍ക്ക് പ്രിയങ്കരനായി. തൊടുപുഴയില്‍നിന്ന് രണ്ടുതവണ നിയമസഭയിലേക്കും ഇടുക്കിയില്‍നിന്ന് ഒരു തവണ ലോക്‌സഭയിലേക്കും ജയിച്ച തോമസിനെ തൃക്കാക്കര ജനത രണ്ടുവട്ടം നിയമസഭയിലേക്ക് തെരഞ്ഞെടുത്തു.

ഇടുക്കി, രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നായിരുന്നു തോമസിന്റെ ജനനം. തൊടുപുഴ ന്യൂമാന്‍ കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളജ്, ഗവ.ലോ കോളജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. അതേവര്‍ഷം മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. 2007ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റായി. നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്നു. 1991, 2001 തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും തോമസ് നിയമസഭയിലെത്തി. 2016ല്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി. 2021ലും വിജയം ആവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ രണ്ടു തവണ പരാജയപ്പെട്ടു. 1996ലും 2006ലും ഇടതുപക്ഷത്തായിരുന്ന പി.ജെ ജോസഫിനോടായിരുന്നു തോല്‍വി. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഒരുകാലത്ത് തീവ്ര എ ഗ്രൂപ്പുകാരനും പിന്നീട് മിതവാദിയുമായ തോമസ് പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇടുക്കിയിലെ വോട്ടുബാങ്കായ കത്തോലിക്കാ സഭയുടെ അപ്രീതി കണക്കിലെടുക്കാത്ത തീരുമാനങ്ങളിലൂടെ സിറ്റിങ് സീറ്റ് വരെ തോമസിന് നഷ്ടമായി. എന്നാല്‍ താന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസിനു പകരക്കാരനായി ഡീന്‍ കുര്യാക്കോസിനെ മത്സരിപ്പിച്ചെങ്കിലും ജോയ്‌സ് ജോര്‍ജിനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസിന് ലഭിച്ചത് തൃക്കാക്കര സീറ്റായിരുന്നു. മികച്ച മത്സരത്തിനൊടുവില്‍ തോമസ് നിയമസഭയിലെത്തി. ആ വിജയം 2021ലും ആവര്‍ത്തിച്ചു. തോമസിന്റെ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു അത്. കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന ആരോപണവുമായി കിറ്റെക്‌സ് കമ്പനിക്കെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെ വലിയ വിവാദമാകുകയും ചെയ്തിരുന്നു.

രാഷ്ട്രീയ നഷ്ടങ്ങള്‍ കണക്കിലെടുക്കാതെ നിലപാടുകള്‍ പ്രഖ്യാപിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക എന്നതായിരുന്നു തോമസിന്റെ ശൈലി. ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ അത്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രങ്ങളായി. സഭയില്‍ പ്രതിപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നുമായിരുന്നു തോമസ്. വീക്ഷണം ദിനപ്പത്രം എഡിറ്റര്‍, മാനേജിംഗ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 'എഡിബിയും പ്രത്യയശാസ്ത്രങ്ങളും' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്. മക്കള്‍: ഡോ. വിഷ്ണു, വിവേക്.