മോഷണക്കുറ്റം ആരോപിച്ച് അച്ഛനും മകള്‍ക്കും പരസ്യ വിചാരണ; സിപിഒ രജിതയെ സ്ഥലം മാറ്റി

 
CPO Rajitha

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും നടുറോഡില്‍ തടഞ്ഞുനിര്‍ത്തി പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസിലെ സിപിഒ രജിതയെ സ്ഥലം മാറ്റി. ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലേക്കാണ് സ്ഥലംമാറ്റിയത്. ഡിവൈഎസ്പി സുനീഷ്ബാബു സംഭവത്തില്‍ അന്വേഷണം നടത്തി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. രജിതക്കെതിരെ വകുപ്പുതല നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ആറ്റിങ്ങല്‍ ഊരൂപൊയ്ക സായിഗ്രാമത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും എട്ടുവയസുള്ള മകള്‍ക്കുമാണ് മോശം അനുഭവം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആറ്റിങ്ങല്‍ മൂന്നുമുക്ക് ജങ്ഷനിലായിരുന്നു സംഭവം. ഐഎസ്ആര്‍ഒയിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാനാണ് ജയചന്ദ്രനും മകളും മൂന്നുമുക്കിലെത്തിയത്. പിങ്ക് പൊലീസിന്റെ കാര്‍ നിര്‍ത്തിയിരുന്നതിനു അല്‍പം അകലെയായി സ്‌കൂട്ടര്‍ നിര്‍ത്തി മകള്‍ക്ക് കടയില്‍നിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോള്‍ കാറിനടുത്തെത്തിയ രജിത ജയചന്ദ്രനോട് ഫോണ്‍ ആവശ്യപ്പെട്ടു. സ്വന്തം ഫോണ്‍ നീട്ടിയപ്പോള്‍ കാറില്‍നിന്ന് ഫോണെടുത്ത് ജയചന്ദ്രന്‍ മകളെ ഏല്‍പ്പിക്കുന്നതു കണ്ടുവെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യംചെയ്യലായി. 

ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും രജിത കേട്ടില്ല. വിശ്വാസം വരാതെ, ഒപ്പമുണ്ടായിരുന്ന മകളെ ഉള്‍പ്പെടെ അധിക്ഷേപിച്ചെന്നും ജയചന്ദ്രന്‍ പറയുന്നു. കുട്ടികളെയുംകൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നായിരുന്നു രജിതയുടെ അധിക്ഷേപം. ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും അവര്‍ പിന്മാറാന്‍ തയാറായില്ല. ദേഹപരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കുട്ടി ഭയന്ന് ഉറക്കെ കരഞ്ഞു. 

ഇതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോഷണം പോയെന്നു പറയുന്ന ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന  ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ സ്വന്തം ബാഗില്‍നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. നടുറോഡിലെ വിചാരണ കണ്ടു തടിച്ചു കൂടിയ നാട്ടുകാര്‍, മോഷണം പോയതായി ആരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസിന്റെ കാറില്‍നിന്നു തന്നെ കണ്ടു കിട്ടിയതോടെ പൊലീസ് നടപടിയെ ചോദ്യം ചെയ്തിരുന്നു. സംഭവമത്രയും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയയാള്‍ അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.