കൊല്ലാനും ക്വട്ടേഷനോ? ദിലീപിനെതിരേ ക്രൈം ബ്രാഞ്ച് കേസ്, പീഢനദൃശ്യങ്ങള്‍ പകര്‍ത്തി കടത്തിയെന്നും ആരോപണം
 

ജാമ്യമില്ല വകുപ്പുകളാണ് ദിലീപിനും അനൂപിനും സുരാജിനുമെതിരേ ചുമത്തിയിരിക്കുന്നത
 
 
dileep

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് നടന്‍ ദിലീപിനെതിരേ ക്രൈം ബ്രാഞ്ച് കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരം ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താന് സുരാജ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും നടത്തിയത്. അന്വേഷണ സംഘത്തിലുള്ള ചില ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ലോറിയിചിപ്പിച്ച് കൊല്ലാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഈ കാര്യത്തില്‍ വിശദമായ അന്വേഷണവും ആവശ്യമാണെന്നാണ് ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിരിക്കുന്ന എഫ് ഐ ആറില്‍ പറയുന്നത്. അപായപ്പെടുത്താന്‍ ശ്രമിക്കുക, ഇതിനായി ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളാണ് ദിലീപിനും അനൂപിനും സുരാജിനുമെതിരേ ചുമത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എസ് പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി ബുധനാഴ്ച്ച ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

സര്‍ക്കാര്‍ അവള്‍ക്കൊപ്പമോ അതോ അവര്‍ക്കൊപ്പമോ?

കഴിഞ്ഞ ദിവസം പുറത്തു വന്ന പള്‍സര്‍ സുനിയുടെ കത്തിലും ദിലീപ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിക്കുന്നുണ്ട്.
'എനിക്ക് എന്തു ശിക്ഷ കിട്ടിയാലും പരിഭവമോ പരാതിയോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അതെനിക്കു വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്നു വര്‍ഷം മുമ്പുള്ള കാര്യം ഞാന്‍ പുറത്തു പറഞ്ഞാല്‍ ജനം ആരാധിക്കുകയല്ല തല്ലിക്കൊല്ലും എന്ന് മറക്കണ്ട' എന്നാണ് കത്തില്‍ ദിലീപിനോടുള്ള മുന്നറിയിപ്പുപോലെ പള്‍സര്‍ സുനി എഴുതിയിരിക്കുന്നത്. പൊലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടും ദിലീപിനെ കുറിച്ച് തങ്ങള്‍ ഒന്നും പറഞ്ഞില്ലെന്നും, എന്നാല്‍ തിരിച്ച് ചതിയാണ് ദിലീപ് തങ്ങളോട് ചെയ്തതെന്നുമാണ് പള്‍സര്‍ സുനിയുടെ പരാതി. 'യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനോടുള്ള സ്നേഹത്താല്‍ മുരളുകയും കുരയ്ക്കുകയും ചെയ്യും. പക്ഷേ, അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍, ഒന്നിനും പറ്റില്ല എന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്നു പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം' എന്നും പള്‍സര്‍ സുനി കത്തില്‍ പറയുന്നുണ്ട്. തന്നെ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിക്കുമെന്നും അങ്ങനെയെന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് അമ്മയുടെ കൈയില്‍ രഹസ്യമായി സുനി ഏല്‍പ്പിച്ച കത്താണ് മാധ്യമങ്ങള്‍ക്ക് കിട്ടിയത്. സുനിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ബാലചന്ദ്ര കുമാറും ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ആ പേരുകള്‍ പുറത്തു വരുമെന്ന ഭയത്താലാണോ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തത്?

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടൂ, പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്തബന്ധമുണ്ടായിരുന്നു തുടങ്ങിയ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ കേസും നടനെതിരേ ഉണ്ടായിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യുഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വിചാരണ കോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് തുടരന്വേഷണത്തിന് വഴിയൊരുങ്ങിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചായിരിക്കും അന്വേഷണം നടക്കുക. ഈ മാസം 20 ന് മുന്‍പായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതേസമയം, വിചാരണ നിര്‍ത്തിവച്ച് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ തീരുമാനം പിന്നത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

എന്തുകൊണ്ടവര്‍ മഞ്ജുവിനെ ഭയപ്പെടുന്നു!

ബാലചന്ദ്രകുമാര്‍ പറയുന്നത് നടിയെ പീഢിപ്പിക്കുന്ന ദൃശ്യങ്ങള്‍  ദിലീപ് മറ്റു ചിലര്‍ക്കും കൈമാറായിട്ടുണ്ടെന്നാണ് പറയുന്നത്. ലണ്ടനില്‍ നിന്നും ആലുവ സ്വദേശിയായ ശരീഫ് എന്നയാള്‍ തന്നെ വിളിച്ചെന്നും പീഡന ദൃശ്യങ്ങള്‍ നാലുപേരുടെ കൈവശം ഉണ്ടെന്ന് പറഞ്ഞുവെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറയുന്നുണ്ട്. ദിലീപിന്റെ സുഹൃത്ത് മുഖേനയാണ് ദൃശ്യങ്ങളുടെ പകര്‍പ്പെടുത്ത് ലണ്ടനിലേക്ക് കടത്തിയതെന്നാണ് ശരീഫ് പറഞ്ഞതെന്നു ബാലചന്ദ്രകുമാര്‍ പറയുന്നു.