കോണ്‍ഗ്രസ് സ്ഥാപനങ്ങളുടെ പദവിയില്‍ നിന്നുള്ള ചെന്നിത്തലയുടെ പിന്‍മാറ്റം; പ്രതിഷേധം വീണ്ടും ചര്‍ച്ചയാക്കുന്നതെന്തിന് ? 

 
chennithala

രമേശ് ചെന്നിത്തല പാര്‍ട്ടിയുമായി ബന്ധപ്പെട്ടു വഹിച്ചിരുന്ന വിവിധ സ്ഥാനങ്ങള്‍ രാജിവച്ചെന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വീണ്ടും ചര്‍ച്ചയാകുകയാണ്.  പാര്‍ട്ടി ചാനലായ ജയ്ഹിന്ദ്, മുഖപത്രമായ വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ എന്നിവയിലെ പദവികളില്‍ നിന്നാണ് രമേശ് ചെന്നിത്തല രാജിവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24-ാം തീയതിയാണ് രാജിസമര്‍പ്പിച്ചത്. കെപിസിസി അദ്ധ്യക്ഷനാണ് ഈ പദവികള്‍ വഹിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ വാദം.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളില്‍ തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റായ സമയത്തും ചെന്നിത്തല ഈ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

പാര്‍ട്ടിയ്ക്കുള്ളില്‍ പുതിയ കെപിസിസി പ്രസിഡന്റ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ച് മുന്‍ കെപിസിസി പ്രസിഡന്റായ വിഎം സുധീരന്‍ കഴിഞ്ഞ ദിവസം സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു. മാറ്റങ്ങള്‍ക്കെതിരെ തനിക്കുള്ള പ്രതിഷേധം തുറന്നു പറഞ്ഞാണ് സുധീരന്‍ സ്ഥാനമൊഴിഞ്ഞത്. കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് സ്ഥാനം രാജിവെച്ച സുധീരന്‍ എഐസിസി അംഗത്വവും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ രാജി സംബന്ധിച്ചുള്ള വാര്‍ത്തകളും വന്നത്. ഹൈക്കമാന്‍ഡ് ശ്രദ്ധ പതിയുന്നതിന്റെ ഭാഗമായാണോ സുധീരനു പിന്നാലെ സ്ഥാനമാനങ്ങള്‍ രാജിവച്ച് ചെന്നിത്തലയും ശ്രമിക്കുന്നതെന്ന സംശയങ്ങളാണ് ബലപ്പെടുന്നത്. 

കോണ്‍ഗ്രസുമായി  ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളുടെ പ്രധാന പദവികളില്‍ നിന്നുള്ള മുന്‍ പ്രതിപക്ഷ നേതാവിന്റെ പിന്‍മാറ്റം ചര്‍ച്ചയാക്കുന്നത്
കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്.  നേതൃത്വവുമായി ഉടക്കി നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും ദേശീയ-സംസ്ഥാന നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

പുതിയ കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും വന്നതിനു ശേഷം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. ഗ്രൂപ്പ് നേതാക്കളെയും കൂടെ നില്‍ക്കുന്നവരെയും ഒതുക്കുകയും തഴയുകയും ചെയ്യുന്നുണ്ടെന്നും വേണ്ടത്ര കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കെപിസിസി- എഐസിസി നേതൃത്വങ്ങള്‍ ഇരു നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി പ്രതിഷേധം തണുപ്പിച്ചിരുന്നു. ഇതിനിടെ കെ സുധാകരന്റയെും വിഡി സതീശന്റെയും നേതൃത്വത്തില്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കടുത്ത പരാജയം ചൂണ്ടിക്കാട്ടി നേതാക്കളെ മടക്കുകയായിരുന്നു കേന്ദ്ര നേതൃത്വം. ദേശീയ തലത്തിലും കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത തുടരുകയാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന്  തലവേദന കൂട്ടുമ്പോഴാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്ന് വരുന്നത്.