വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ്; ഹോട്ടലിലും ഫ്ളാറ്റിലും പരിശോധന

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കേസില്‍ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കുറച്ച് സ്ഥലങ്ങളില്‍ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവനടിയുടെ പരാതിയില്‍ വിജയ് ബാബുവിന്റെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തി. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പൊലീസ് സംഘം പരിശോധന നടത്തി. നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം ഒളിവില്‍ പോയ വിജയ് ബാബുവിനെ പിടികൂടാനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ദുബൈയിലാണ് വിജയ് ബാബു ഉള്ളതെന്നാണ് വിവരം. അവിടെനിന്ന് പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ ഇന്റര്‍പോളിന്റെ സഹായം തേടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പീഡന പരാതിക്ക് പിന്നാലെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. ഈ ലൈവില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിന് എതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.