'കോണ്‍ഗ്രസിന്റേത് ഉപ്പുചാക്ക് വെള്ളത്തില്‍വെച്ച അവസ്ഥ';  ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ

 
d

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി രതികുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണനാണ് രതികുമാറിനെ സ്വീകരിച്ചത്.   ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്നും ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൊല്ലം പത്തനാപുരം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രതികുമാര്‍ കോണ്‍ഗ്രസിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു. രാജിയുടെ കാരണങ്ങള്‍  വ്യക്തമായിട്ടില്ല. രാജിവെക്കുന്ന കാര്യം ഫോണില്‍ അറിയിക്കാന്‍ രതികുമാര്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ലഭിക്കാതെ വന്നതോടെ ഇമെയില്‍ വഴിയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ അതൃപ്തരായി പാര്‍ട്ടി വിട്ടുവരുന്ന എല്ലാവരേയും സ്വീകരിക്കുകയെന്നതല്ല സിപിഎം നയം. വരുന്ന നേതാക്കളുടെ പ്രവര്‍ത്തനശൈലി, നിലപാട് എന്നിവ പരിശോധിച്ച ശേഷമാണ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പാര്‍ട്ടിയുടേയും മുന്നണിയുടേയും ജനകീയ അടിത്തറ കൂടുതല്‍ ശക്തിപ്പെടാന്‍ കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ എത്തുന്നത് സഹായകമാകുമെന്നും കോടിയേരി പറഞ്ഞു. 

ആര്‍എസ്പി നേതൃത്തെ പരിഹസിച്ചും കോടിയേരി പ്രസ്താവന നടത്തി. ആര്‍എസ്പി  ഇപ്പോള്‍ സംപൂജ്യരായിക്കഴിഞ്ഞു. കുറച്ച് കാലം കൂടി കോണ്‍ഗ്രസില്‍നിന്ന് കാര്യങ്ങള്‍ നന്നായി പഠിക്കട്ടെ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി ശക്തികേന്ദ്രമായ കൊല്ലത്ത് ഉള്‍പ്പെടെ ആര്‍.എസ്.പി. യുഡിഎഫില്‍ തുടരുന്നതില്‍ അതൃപ്തിയുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.