'യഥാര്‍ത്ഥ ഉദ്ദേശം നന്നായി മനസിലായി'; വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനവും വാക്ക്‌പോരും, മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിയും   

 
jayashankar

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തെ തുടര്‍ന്നുള്ള വാക്ക്‌പോര് കെട്ടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി തിരുവനന്തപുരത്തെത്തി കഴക്കൂട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണം വിലയിരുത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി  രംഗത്തെത്തിയതേടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മന്ത്രിയുടെ പര്യടനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം.  

ജയശങ്കറിന്റെ യാത്രയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം നന്നായി മനസിലാകുന്നുണ്ട്, ആഗോള കാര്യങ്ങള്‍ നോക്കാനുള്ള ചുമതല ഏല്‍പ്പിച്ച മന്ത്രി കഴക്കൂട്ടത്ത് മേല്‍പ്പാലം പരിശോധിക്കാന്‍ പോയെന്ന് പറയുമ്പോള്‍ അതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നുമായിരന്നു പിണറായി വിജയന്റെ പരിഹാസം.  

ഈ സന്ദര്‍ശനം മേല്‍പ്പാലത്തിന്റെ കണക്കെടുക്കാന്‍ മാത്രമായിരുന്നില്ലെന്ന് നാം മനസ്സിലാക്കണം. 10 മുതല്‍ 18 മാസങ്ങള്‍ക്ക് ശേഷം രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് നടക്കുമെന്നും കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളം സന്ദര്‍ശിച്ചത് സ്ഥിതിഗതികള്‍ നന്നായി മനസ്സിലാക്കാന്‍ വേണ്ടിയാണെന്ന് ജയശങ്കര്‍ പ്രതികരിച്ചിരുന്നു. ഇത് രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി കരുതുന്നുവെങ്കില്‍ ഞങ്ങളുടെ രാഷ്ട്രീയ സമീപനം അദ്ദേഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ചു. 

മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് ആളുകള്‍ സ്വയം സുരക്ഷിതരല്ലെന്ന് വിചാരിക്കരുതെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ജയശങ്കര്‍ കേരളത്തിലെത്തിയത്. തന്റെ കേരള സന്ദര്‍ശനത്തിന് നിരവധി കാരണങ്ങളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുറച്ച് സമയം ചിലവഴിക്കണമെന്നും അവര്‍ എങ്ങനെയാണെന്നും ഇവിടെ എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു.

'' വികസന പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയില്ലെങ്കിലോ, പദ്ധതികളെക്കുറിച്ച് അറിഞ്ഞില്ലെങ്കിലോ മന്ത്രിമാര്‍ അവരുടെ ജോലി ചെയ്യുന്നില്ല എന്നാണ് അര്‍ഥം. മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ ടീമായാണു ജോലി ചെയ്യുന്നത്. കോവിഡ്, വാക്‌സിനേഷന്‍, വിദ്യാഭ്യാസം, റെയില്‍വേ തുടങ്ങിയ കാര്യങ്ങളില്‍ അടക്കം എല്ലാം ഒരു ടീമായി ചര്‍ച്ച ചെയ്താണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലര്‍ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു.
രാജ്യത്തെ ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് എങ്ങനെ പറയാനുകുമെന്ന് മന്ത്രി ചോദിച്ചു. എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ട്. തന്റെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വിലയിരുത്താനായിരുന്നു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതികള്‍ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്.'' തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുത്ത് എസ് ജയശങ്കര്‍ പറഞ്ഞു.

അതേസയം കേന്ദ്ര വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്ക് പോര് മറ്റ് നേതാക്കളും ഏറ്റ് പിടിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. വിദേശകാര്യമന്ത്രിയെന്നാല്‍ വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ലെന്നും മുഖ്യമന്ത്രി ധാരണ മാറ്റണമെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ദേശീയപാതകളിലെ കുഴികള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും രംഗത്തെത്തി. കേന്ദ്രമന്ത്രിമാര്‍ പണിപൂര്‍ത്തിയാവുന്ന ദേശീയപാതക്കരികെ നിന്ന് ഫോട്ടോ എടുത്താല്‍ മാത്രം പോര കുഴിയെണ്ണണമെന്നായിരുന്നു റിയാസിന്റെ വിമര്‍ശനം. നിയമസഭയിലാണ് കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ദേശീയപാതയിലെ കുഴികളെ കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ലെന്ന് റിയാസ് പറഞ്ഞു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു കേന്ദ്രമന്ത്രി ദിവസവും വാര്‍ത്താസമ്മേളനം നടത്താറുണ്ട്. അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തേക്കാള്‍ കുഴി ദേശീയപാതയിലുണ്ടെന്നും വി മുരളീധരന്റെ പേര് പറയാതെ റിയാസ് വിമര്‍ശിച്ചു.  അതേസമയം, കേന്ദ്രമന്ത്രിമാരെ പ്രകോപിപ്പിക്കാതെ കാര്യം പറയണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. ദേശീയപാത വികസനം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.