നിപയില്‍ ആശ്വാസം: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

 
veena

നിലവില്‍ നാലുപേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്

നിപയില്‍ വീണ്ടും ആശ്വാസം. രോഗ ലക്ഷണം ഉണ്ടായിരുന്ന ആറു പേരുടെ ഉള്‍പ്പെടെ 20 പേരുടെ പരിശോധനാഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. സമ്പര്‍ക്ക പട്ടികയിലുള്ള 21 പേരുടെ ഫലമാണ് ഇനി വരാനുള്ളത്. നിലവില്‍ നാലുപേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. എങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 68 പേരാണ് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡില്‍ ഐസൊലേഷനിലുള്ളത്. 10 പേരെ ചൊവ്വാഴ്ച രാത്രിയാണ് പ്രവേശിപ്പിച്ചത്. 42 ദിവസം നിരീക്ഷണം തുടരും ഇവരില്‍ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഹൈ റിസ്‌ക്കിലുള്ള 30 പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിപ ലക്ഷണങ്ങളുള്ള ഏഴു പേരുടേയും, മരിച്ച കുട്ടിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 35 പേരുടെയും സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്.

കുട്ടിയുടെ അമ്മയുടേതുള്‍പ്പടെ കഴിഞ്ഞ ദിവസം വന്ന 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തില്‍ പനിബാധിതരെ കണ്ടെത്താന്‍ സര്‍വേ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.