'മയക്കുമരുന്നിനെ കുറിച്ച് പറയാന്‍ മയക്കുമരുന്ന് എന്ന് ഉപയോഗിക്കുന്നതാണ് ഉചിതം; മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം'

 
Religious Leaders Meeting

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയെ തള്ളി കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ്. മയക്കുമരുന്നിനെ കുറിച്ച് പറയാന്‍ മയക്കുമരുന്ന് എന്ന വാക്ക് ഉപയോഗിക്കുന്നതാണ് ഉചിതം. മതസമൂഹങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മതമേലധക്ഷ്യന്മാര്‍ വിളിച്ച യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം. ബിഷപ്പിന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് യോഗം ചര്‍ച്ച ചെയ്തില്ല. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടെ മത നേതാക്കള്‍ ആവശ്യപ്പെട്ടു. 

മതസമൂഹങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാന്‍ പാടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് പറഞ്ഞു. സാമുദായിക ഐക്യം സംരക്ഷിക്കപ്പെടണം. അതിനായി ഇതര മതനേതാക്കന്മാര്‍ ഒത്തുചേരുന്ന ഫോറങ്ങള്‍ ഉണ്ടാവണം. മതസൗഹാര്‍ദത്തിനും സഹവര്‍ത്തിത്തത്തിനും പ്രാധാന്യം നല്‍കണം. ഇതര സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. മത-ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. 

ആരെയെങ്കിലും അപലപിക്കാനോ ന്യായീകരിക്കാനോ അല്ല യോഗമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ മതസൗഹാര്‍ദം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. എന്നാല്‍ പ്രസ്താവന ശരിയോ തെറ്റോ എന്നതായിരുന്നില്ല ചര്‍ച്ച. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചിരുന്നു. പാണക്കാട് കുടുംബത്തില്‍നിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവറലി എത്തിയെന്ന് പറഞ്ഞ മാര്‍ ക്ലിമിസ് വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെ പറ്റിയാണ് സംസാരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. 

ബിഷപ്പിന്റെ പ്രസ്താവനയ്ക്കുശേഷം ഉണ്ടായ സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി, എങ്ങനെ മുറിവുകള്‍ ഉണക്കാന്‍ കഴിയും എന്നതാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചത്. പാണക്കാട് കുടുംബത്തെ പ്രതിനിധീകരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന് സമസ്ത ഉള്‍പ്പടെ സംഘടനയുടെ പിന്തുണയുണ്ടായിരുന്നു. സമൂഹത്തിന്റെ താഴേത്തട്ടിലാണ് മതപരമായ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നത്. പ്രാദേശികതലത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഇതുപോലുള്ള ഫോറം ഉണ്ടാകണം. മതമൗലികവാദ മുന്നേറ്റങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, കോഴിക്കോട് പാളയം ഇമാം ഡോ. ഹുസൈന്‍ മടവൂര്‍, ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ബിഷപ്പ് മാത്യൂസ് മാര്‍ അന്തിമോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അശ്വതി തിരുനാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.