സാക്ഷികള്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞതായി പ്രതിഭാഗം അഭിഭാഷകന്‍; അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍  

 
Franco Mulackal
നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസമെന്ന് സിസ്റ്റര്‍ ലൂസി
 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഒരു സാക്ഷി പോലും കൂറുമാറിയിട്ടില്ലെന്നും അല്ലാതെ തന്നെ ഫ്രാങ്കോ കുറ്റമുക്തനാക്കപ്പെട്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍. 39 സാക്ഷികളെ വിസ്തരിച്ചിരുന്നെങ്കിലും ഒരാള്‍പോലും കൂറുമാറിയില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകനായ എസ് അജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂറുമാറാതെ തന്നെ മുഴുവന്‍ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഫ്രാങ്കോക്കെതിരായ ഒരു കുറ്റവും തെളിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 

Also Read : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍ 

ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ഫ്രാങ്കോ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെ രണ്ടുവര്‍ഷം കഴിഞ്ഞാണ് കന്യാസ്ത്രീ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ ഇക്കാര്യം കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചില്ല. അവര്‍ ഒരുപാട് പേരോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായും പറഞ്ഞു. എന്നാല്‍ കോടതിയിലും പൊലീസിലും തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് അവരൊക്കെ വെളിപ്പെടുത്തിയത്. അനുപമ എന്ന കന്യാസ്ത്രീ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളും സുപ്രധാനമായി. കേസ് വന്നശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തില്‍ അനുപമ വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ ആധികാരികതയും പരിശോധിച്ചിരുന്നു. പൊലീസിലും അനുപമ ഇതേ മൊഴിയാണ് നല്‍കിയിരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. 

Also Read : ഒറ്റവരിയില്‍ വിധി; ദൈവത്തിന് സ്തുതി പറഞ്ഞ് ഫ്രാങ്കോ 

 
അതേസമയം, കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടത് അസാധാരണ വിധിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ കോട്ടയം എസ്.പി എസ്. ഹരിശങ്കറിന്റെ പ്രതികരണം. ഇരയുടെ മൊഴി തന്നെ പരിഗണിക്കാമെന്നാണ് സുപ്രീം കോടതിവിധി. അതുകൊണ്ട് തന്നെ വിചാരണ കോടതി വിധി ഞെട്ടലുണ്ടാക്കുന്നു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. 

പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ സ്ത്രീ പ്രതികരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കന്യാസ്ത്രീയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. വിവരം പുറത്തുപറയാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു. സഭയ്ക്ക് അകത്തുതന്നെ വിഷയം പരിഹരിക്കാന്‍ കന്യാസ്ത്രീ ഏറെനാള്‍ ശ്രമിച്ചിരുന്നു. കേസ് നല്‍കാന്‍ വൈകിയതിനും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. കേസില്‍ സാക്ഷികള്‍ എല്ലാവരും സാധാരണക്കാരാണ്. എല്ലാവരും കൃത്യമായി മൊഴി നല്‍കി. മെഡിക്കല്‍ തെളിവുകളും ശക്തമായിരുന്നു. അന്വേഷണ സംഘത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. 

Also Read : 24 കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 83 സാക്ഷികള്‍; ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിധി ഇന്ന്

നീതിന്യായ വ്യവസ്ഥക്ക് തന്നെ വിധി അത്ഭുതകരമാകും. ഇതേ അനുഭവങ്ങളുള്ള നിരവധി പേര്‍ സമൂഹത്തിലുണ്ട്. സംരക്ഷിക്കുന്നവര്‍ തന്നെ കുറ്റവാളികളാകുന്ന അവസ്ഥ നിലവിലുണ്ട്. പീഡിപ്പിക്കപ്പെട്ടവര്‍ക്ക് ഏത് തരത്തിലുള്ള സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് ആലോചിക്കണം. ഉറപ്പായും അപ്പീല്‍ പോകും. പ്രതിഭാഗം ഹാജരാക്കിയ സാക്ഷികള്‍ക്ക് നിര്‍ണായകമായ മൊഴി നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും ഹരിശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

Also Read : കേരള ചരിത്രത്തിലാദ്യം; സമാനതകളില്ലാത്ത സമരം, ഒടുവില്‍ ഫ്രാങ്കോ കുറ്റമുക്തന്‍, നാള്‍വഴി

അതേസമയം, കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് ഫ്രാങ്കോയെ വെറുതെവിട്ട വിധിയെ സിസ്റ്റര്‍ ലൂസി കളപ്പുര വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം. കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍നിന്നും ഉണ്ടായതെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റക്കാരന്‍ എന്ന് തെളിവുകള്‍കൊണ്ടും സാഹചര്യങ്ങള്‍കൊണ്ടും വിശ്വസിച്ച വ്യക്തിയെ കോടതി ഒറ്റ വാക്കില്‍ കുറ്റവിമുക്തനാക്കി. കത്തോലിക്കാ സഭയിലെ കുറ്റക്കാരായ പുരോഹിതര്‍തന്നെ കുറ്റവിമുക്തരാക്കപ്പെടുന്ന സാഹചര്യം കോടതിതന്നെ വിലയിരുത്തട്ടെ. സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീലുമായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭയ കേസ് തെളിയാന്‍ 28 വര്‍ഷമെടുത്തു. കോടതി തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ലൂസി കളപ്പുര പറഞ്ഞു.

lucy sister