മലയാളി വ്‌ലോഗര്‍ റിഫയുടെ ദുരൂഹമരണം: ഭര്‍ത്താവ് മഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടിസ്

 
riffa

രൂഹസാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടിസ്. തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം നടപടി സ്വീകരിച്ചത്. മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്.  ഇയാള്‍ രാജ്യം വിടാതിരിക്കാനായി വിമാനത്താവള അധികൃതര്‍ക്ക്  വിവരങ്ങള്‍ നല്‍കിയതായി പൊലീസ് പറഞ്ഞു

റിഫയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതോടെയാണ് കേസന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പിയും സംഘവും കഴിഞ്ഞ ദിവസം കാസര്‍കോട്ടുളള മെഹ്നാസിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും മെഹ്നാസിനെ കണ്ടത്താനായില്ല. തിങ്കളാഴ്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടത്. റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന വിവരങ്ങള്‍ പൊലീസിനു ലഭിച്ചതിനു പിന്നാലെ മെഹ്നാസിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിനായി കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്.

പോസ്റ്റ്‌മോര്‍ട്ടം നടത്താതെയായിരുന്നു റിഫയുടെ മൃതദേഹം കബറടക്കിയത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മറവ് ചെയ്ത മൃതദേഹം മൂന്ന് മാസങ്ങള്‍ക്ക് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു. റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍

മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.