ദുരൂഹ സാഹചര്യത്തില്‍ മരണം; റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ് മോര്‍ട്ടം

 
riffa


ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ഖബറില്‍ നിന്നും പുറത്തെടുത്ത് ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. പുറത്തെടുക്കുന്ന മൃതദേഹം തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തും. തുടര്‍ന്ന് ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും.  കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാലിന്റെ സാന്നിധ്യത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്‍ക്വസ്റ്റ് നടത്തുന്നത്. ഫോറന്‍സിക് മേധാവി ഡോ. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുക. പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് റിഫയെ ഖബറടക്കിയത്. 

മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മൂന്നാം തീയതിയാണ് സംസ്‌കരിച്ചത്.ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ഖബറടക്കാന്‍ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. 

തുടര്‍ന്ന് മകളുടെ മരണത്തില്‍ സംശയം ഉന്നയിച്ച് റിഫയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. താമരശേരി ഡിവൈഎസ്പി കെ അഷ്‌റഫിനാണ് അന്വേഷണ ചുമതല. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് പിതാവ് റാഷിദ് ആരോപിച്ചിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ടെന്നും റാഷിദ് ആരോപിച്ചു.