ട്രെയിനില്‍ സ്ത്രീകളെ അബോധാവസ്ഥയിലാക്കി സ്വര്‍ണ കവര്‍ച്ച; പിന്നില്‍ അക്സര്‍ ബാഗ്ഷെ? 

 
crime

തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസില്‍ മയക്ക് മരുന്ന് നല്‍കി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് അക്സര്‍ ബാഗ്ഷെയെന്ന്  സംശയം. ഇയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. തീവണ്ടിയില്‍ ഇയാള്‍ ഉണ്ടായിരുന്നതായി കവര്‍ച്ചക്കിരയായ  തിരുവല്ല സ്വദേശി വിജയലക്ഷ്മി മൊഴി നല്‍കി. തമിഴ്നാട്ടിലെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ അയച്ചുനല്‍കിയ ചിത്രങ്ങളില്‍നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇതോടെയാണ് കവര്‍ച്ചയ്ക്ക് പിന്നിലും അക്സര്‍ ബാഗ്ഷെയാണെന്ന് പൊലീസ് സംശയിക്കുന്നത്.   

തമിഴ്നാട്ടിലെ ഈറോഡ്, സേലം മേഖലകള്‍ കേന്ദ്രീകരിച്ച് തീവണ്ടികളില്‍ കവര്‍ച്ച പതിവാക്കിയ ആളാണ് അക്സര്‍ ബാഗ്ഷെ. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കവര്‍ച്ച നടത്തുന്നതാണ് രീതി. നേരത്തെ ചില കേസുകളില്‍ ഇയാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. 
തന്റെ പക്കല്‍ നിന്ന് 15 പവന്‍ നഷ്ടപ്പെട്ടെന്നാണ് പരാതിക്കാതിയായ വിജയലക്ഷ്മി പറഞ്ഞത്. ശരീരത്തില്‍ അണിഞ്ഞിരുന്നതും പൊതിഞ്ഞ് ചുരിദാറില്‍ സൂക്ഷിച്ചിരുന്ന ആഭരണവുമാണ് നഷ്ടമായത്. ട്രെയിന്‍ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച മനസിലായതെന്നും വിജയലക്ഷ്മി പറഞ്ഞു. 

ഈറോഡില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചതായാണ് വിജയലക്ഷ്മിയുടെ മൊഴി.  ഭക്ഷണം വാങ്ങി സീറ്റില്‍വെച്ച ശേഷം മകളോടൊപ്പം കൈ കഴുകാന്‍ പോയി. ഈ സമയം പ്രതിയെന്ന് സംശയിക്കുന്നയാള്‍ തൊട്ടപ്പുറത്തെ സീറ്റിലുണ്ടായിരുന്നു. കൈകഴുകി വന്നപ്പോള്‍ ഇയാളെ കണ്ടില്ലെന്നും കോയമ്പത്തൂരിനടുത്ത് വെച്ചാണ് മയങ്ങിപ്പോയതെന്നും ഇവര്‍ പറഞ്ഞു.

വിജയലക്ഷമിയും മകളും ചെങ്ങന്നൂരില്‍ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് നിസാമുദ്ദീന്‍ എക്സ്പ്രസില്‍ യാത്ര ചെയ്തത്. കായംകുളത്തിറങ്ങേണ്ടവരായിരുന്നു ഇവര്‍. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മയങ്ങി പോയവരെ അബോധാവസ്ഥയില്‍ റെയില്‍വേ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ബാഗും മറ്റും പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ അഞ്ജലി, തമിഴ്നാട് സ്വദേശി കൗസല്യ എന്നിവരാണ് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസില്‍ കവര്‍ച്ചയ്ക്കിരയായത്. കൗസല്യയുടെ കമ്മലുകളും മൊബൈല്‍ ഫോണുമാണ് നഷ്ടമായത്.