'കേരളാ പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്'; ആനി രാജയെ തള്ളി കാനം രാജേന്ദ്രന്‍

 
kanam

കേരളാ പൊലീസിനെതിരായ ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ആനി രാജയുടെ വിമര്‍ശനം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിനോ നേതാക്കള്‍ക്കോ അത്തരമൊരു അഭിപ്രായമില്ലെന്ന് കാനം പറഞ്ഞു.


വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു. വിമര്‍ശനം പാര്‍ട്ടി ഫോറത്തിലാണ് അറിയിക്കേണ്ടത്. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തില്‍ പരാതി ഉന്നയിക്കുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. 

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് നടപടികള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ഗ്യാങ് ആണെന്ന വിമര്‍ശനമാണ് ആനി രാജ പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സംഘടിത ശ്രമങ്ങളാണ് ഉണ്ടാവുന്നത്. സ്ത്രീകള്‍ക്കെതിരേ പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിക്കുന്നു. പൊലീസിന്റെ അനാസ്ഥകൊണ്ട് പല മരണങ്ങളും സംഭവിക്കുന്നതായും ആനി രാജ കുറ്റപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണം. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തില്‍ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത് സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കും. പൊലീസുകാര്‍ക്ക് നിയമത്തെ കുറിച്ച് പരിശീലനം നല്‍കണമെന്നും ആനി രാജ പറഞ്ഞിരുന്നു. 

അതേസമയം കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും സ്വാഭാവികമാണെന്നാണ് കാനം പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യ പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ ഇപ്പോഴും സിപിഐയിലേക്ക് വരുന്നുണ്ട്. ഇനിയും കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ടുവരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.