ആറ് ജില്ലകളിലെ ആര്‍ടിപിസിആര്‍ പരിശോധന; വൈകി വന്ന വിവേകം, സ്വാഗതം ചെയ്യുന്നു

 
vd

വിശ്വാസ്യത കുറഞ്ഞ ആന്റിജന്‍ പരിശോധനയെ ആശ്രയിച്ചതാണ് വീടുകള്‍ ക്ലസ്റ്ററുകളായി മാറാന്‍ കാരണം

ആറ് ജില്ലകളില്‍ മുഴുവന്‍ കോവിഡ് ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിശ്വാസ്യത കുറഞ്ഞ ആന്റിജന്‍ പരിശോധനയെ പൂര്‍ണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകള്‍ ക്ലസ്റ്ററുകളായി മാറുവാന്‍ കാരണം.  പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ശരിയായ ദിശയിലേക്കുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സതീശന്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. 

പരിശോധനകള്‍ പൂര്‍ണമായി ആര്‍ടിപിസിആര്‍ വേണമെന്ന് ആവശ്യപ്പെട്ടത് തന്റെ തന്നെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു. ആദ്യം കോവിഡ് ബാധയുണ്ടായപ്പോള്‍ ആദ്യം നടത്തിയ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ ആര്‍ടിപിസിആര്‍ ആണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 

മറ്റെല്ലാ സംസ്ഥാനങ്ങളും പൂര്‍ണമായി ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ നമ്മള്‍ ആന്റിജന്‍ ടെസ്റ്റിന്റെ പരിശോധനാ ഫലത്തെ ആധാരമാക്കിയാണ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളില്‍ 25 ശതമാനം മാത്രം ആര്‍ടിപിസിആര്‍ നടത്തിയത് വഴി വൈറസ് ബാധയെ കണ്ടെത്താന്‍ നമുക്ക് സാധിച്ചില്ല എന്നതാണ് രോഗവ്യാപനം രൂക്ഷമാവാന്‍ വഴിവച്ചത്. 

ആറ് ജില്ലകളില്‍ മാത്രം ഈ തീരുമാനം പരിമിതപ്പെടുത്താതെ എല്ലാ ജില്ലകളിലും എത്രയും വേഗം മുഴുവന്‍ ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആക്കണം. പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ശരിയായ ദിശയിലേക്കുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സതീശന്‍ കൂട്ടിച്ചേര്‍ത്തു.