സില്‍വര്‍ ലൈന്‍: 'എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകര പ്രസ്താവന, ചര്‍ച്ച മര്യാദകേട്'

 
rvg

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍.വി.ജി മേനോന്‍. കെ റെയില്‍ സംബന്ധിച്ച് ഇപ്പോള്‍ നടത്തുന്ന ചര്‍ച്ച മര്യാദകേടാണെന്ന്  അദ്ദേഹം തുറന്നടിച്ചു. ജനത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പല പ്രശ്നങ്ങളുമുണ്ട്.  ഞങ്ങളിത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാണ്. ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.  

വികസനത്തെ വിപണിക്കു വിട്ടു കൊടുക്കരുത്. പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാവരും പിന്തിരിപ്പന്‍മാരാണ് എന്നു പറയുന്നത് അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ സംവാദം നാലു വര്‍ഷം മുന്‍പ് നടക്കേണ്ടതായിരുന്നു. എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് അഹങ്കാരമാണെന്നും ആര്‍.വി.ജി മേനോന്‍ പറഞ്ഞു

പദ്ധതിയുടെ വിശദവിവരങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് വ്യാപക ചര്‍ച്ച നടത്തണം. ഇത്തരം ആശയങ്ങള്‍ ആരുടെയും തലയില്‍ പൊട്ടിമുളക്കുന്നതല്ല. ജനങ്ങളുടെ ഇടയില്‍ നിന്ന് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പറയും. വിവിധ മേഖലകളില്‍ താല്‍പര്യമുള്ളവരും വൈധഗ്ദ്യമുള്ളവരും വിദേശ പദ്ധതികളില്‍ പ്രവര്‍ത്തിച്ചവരുമുണ്ട്. ഇത്തരക്കാരുമായി വ്യാപക ആലോചനകള്‍ നടത്തി കേരളത്തിന്റെ റെയില്‍ വികസനത്തിന് ഉപയുക്തമായ പദ്ധതിയാണ് വേണ്ടതെന്ന് തീരുമാനിച്ച ശേഷമാണ് മുന്നോട്ടു പോകേണ്ടതെന്നും ആര്‍.വി.ജി. മേനോന്‍ വ്യക്തമാക്കി.

ബ്രോഡ്ഗേജ് പാതയില്‍ സ്പീഡ് ട്രെയിന്‍ ഓടിക്കുന്നുണ്ട്. അതിവേഗ ട്രെയിനുകള്‍ക്ക് എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം പാത സാധ്യമാണ്. അതിനുള്ള പഠനം നടക്കണം, അതുമായി സില്‍വര്‍ ലൈന്റെ ചെലവ് താരതമ്യം ചെയ്യുകയാണ് വേണ്ടത്. സ്റ്റാന്റേര്‍ഡ് ഗേജ് കൊണ്ടുവന്ന് ട്രെയിന്‍ ഓടിക്കുമെന്ന് പറയരുത്. ജപ്പാന്റെ സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിക്കാനാണ് ഒരു ശതമാനം നിരക്കില്‍ വായ്പ തരുന്നത്. ഏത് സാങ്കേതിക വിദ്യയാണ് വേണ്ടത് എന്നത് നമ്മളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ തീരുമാനിച്ചതാണ് വികസനമെന്നും അതിനെ എതിര്‍ക്കുന്നവര്‍ പിന്തിരിപ്പാന്മാരാണെന്ന് പറയുന്നത് സമ്മതിച്ചു തരാന്‍ സാധിക്കില്ല. ദീര്‍ഘ ദൂരയാത്രക്കാര്‍ക്കൊന്നും കെ റെയിലില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും ആര്‍.വി.ജി മേനോന്‍ സംവാദത്തില്‍ ചൂണ്ടിക്കാട്ടി.