പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തിയത് ലജ്ജ ഉണ്ടാവുമോ എന്ന് വിചാരിച്ച്; വിശദീകരണവുമായി സമസ്ത 

 
samastha

പൊതുവേദിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത. സമ്മാനചടങ്ങില്‍ മാറ്റിനിര്‍ത്തിയത് പെണ്‍കുട്ടിക്ക് ലജ്ജ ഉണ്ടാവുമോ എന്ന് വിചാരിച്ചാണെന്ന്  പത്രസമ്മേളനത്തില്‍ ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു.പെണ്‍കുട്ടിക്കോ കുടുംബത്തിനോ വിഷയത്തില്‍ പരാതിയില്ല. സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 

''സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഒരു വലിയ പ്രസ്ഥാനമാണ്. നാട്ടിലെ സ്ത്രീകള്‍ക്കോ മറ്റേതെങ്കിലും ജനങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള അപമാനമുണ്ടാക്കുന്ന ഒരു സംഘടനയല്ല. ചരിത്രം പരിശോധിച്ചാല്‍ തീവ്ര ആശയങ്ങള്‍ക്കോ വര്‍ഗീയ ആശയങ്ങള്‍ക്കോ ഞങ്ങള്‍ ഒരിക്കലും പിന്തുണ കൊടുക്കാറില്ല. ഈ രാജ്യത്തിന്റെ എല്ലാ നന്മയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. സമസ്ത എന്തോ ഭീകര പ്രവര്‍ത്തനം നടത്തി, സമസ്തയുടെ ഉന്നത നേതാവ് മോശമായ നിലക്ക് സംസാരിച്ചു എന്നുള്ള നിലക്കാണ് വാര്‍ത്തകള്‍ വന്നത്. എം.ടി. അബ്ദുല്ല മുസ്ലിയാര്‍ക്ക് ആധികാരികമായി പറയാന്‍ പറ്റുന്നയാളോടായതിനാലാണ് അത്തരമൊരു ശൈലിയില്‍ പറഞ്ഞത്. ഈ കുട്ടിക്കോ കുടുംബത്തിനോ നാട്ടുകാര്‍ക്കോ അങ്ങനെയൊരു പരാതിയില്ല. വിഷയത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിത്തരാനാണ് ഇപ്പോള്‍ ഇങ്ങനെ സംസാരിക്കുന്നത്' -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

അതേസമയം സമസ്ത പണ്ഡിത സഭയാണെന്നും അതിന്റെ ചിട്ടകളുണ്ടെന്നും വേദിയില്‍ പെണ്‍കുട്ടിയെ തടഞ്ഞ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു. സ്ത്രീകളെ വേദിയില്‍ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു. മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. 'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,' എന്നാണ് അബ്ദുള്ള മുസ് ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.