സന്തോഷ് ട്രോഫി: ബംഗാളിനെ വീഴ്ത്തി കിരീടം നേടാന്‍ കേരളം ഇറങ്ങുന്നു 

 
d

സന്തോഷ് ട്രോഫി കിരീട പോരാട്ടത്തില്‍ പശ്ചിമബംഗാളിനെതിരെ കേരളം ഇന്നിറങ്ങും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍  രാത്രി എട്ടു മണിമുതലാണ് ഫൈനല്‍ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ മേഘാലയയോട് വഴങ്ങിയ അപ്രതീക്ഷിത സമനില മാറ്റി നിര്‍ത്തിയാല്‍ ടൂര്‍ണമെന്റില്‍ കേരളം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. 

കേരളത്തെ സംബന്ധിച്ച് പ്രതിരോധത്തിലെ വീഴ്ചയാണ് വെല്ലുവിളി. പിന്നില്‍ നിന്നതിന് ശേഷം തിരിച്ചു വരാനുള്ള മികവാണ് ടീമിന്റെ പ്ലസ് പോയിന്റ്. ഗോള്‍ വഴങ്ങിയാലും തളരുന്ന മനോഭാവമല്ല, തിരിച്ചടിച്ച് വിജയം കൈപ്പിടിയിലൊതുക്കാന്‍ ഇതുവരെ മുന്നേറ്റ നിരയ്ക്ക് സാധിച്ചിട്ടുണ്ട്.

ബംഗാളിനെ സംബന്ധിച്ച് അതിവേഗ മുന്നേറ്റക്കാരുള്ള മണിപ്പൂരിരെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ഫൈനല്‍ പ്രവേശം ആത്മവിശ്വാസം പകരുന്നുണ്ട്. അതകൊണ്ട് തന്നെ ബംഗാളിനെ നേരിടുക കേരളത്തിന് എളുപ്പമായേക്കില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ഗോളിന് കേരളത്തോട് പരാജയപ്പെട്ടെങ്കിലും പിന്നീട് അടിമുടി മാറിയ പ്രകടനമാണ് ബംഗാളില്‍ നിന്നുണ്ടായത്. കളിച്ച മത്സരങ്ങളിലെല്ലാം ആധിപത്യം പുലര്‍ത്താന്‍ അവര്‍ക്കായിരുന്നു.

15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയില്‍ കര്‍ണാടകയെ തകര്‍ത്താണ് കേരളം കലാശപ്പോരിന് അര്‍ഹത നേടിയത്. അതേസമയം 33-ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. ഇന്ന് സ്വന്തം ആരാധകരുടെ മുമ്പില്‍ വിജയമല്ലാതെ മറ്റൊന്നും കേരളവും ലക്ഷ്യമിടുന്നില്ല.