എകെജി സെന്ററില്‍ നിന്ന് ഉപദേശം വേണ്ട; എല്ലാം പ്ലാന്‍ ഓഫ് ആക്ഷന്റെ അടിസ്ഥാനത്തിലെന്ന് വി.ഡി സതീശന്‍

 
vd-satheesan

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങള്‍ പരിഹരിക്കാന്‍ എകെജി സെന്ററില്‍ നിന്നുള്ള പ്രത്യേകം ഉപദേശം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഘടകകക്ഷികളുമായി ചര്‍ച്ച വൈകിയത് സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം ചിട്ടയോടെ നടക്കും. പാര്‍ട്ടി കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റ് പറയും. പാര്‍ട്ടി കാര്യങ്ങള്‍ ചിട്ടയായി മുന്നോട്ട് പോകുന്നു. പാര്‍ട്ടി രണ്ട് തവണ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് മാറ്റം അനിവാര്യമായി വന്നത്. കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരും. ഒരു പ്ലാന്‍ ഓഫ് ആക്ഷന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങള്‍ പരിഹരിക്കാന്‍ എകെജി സെന്ററില്‍ നിന്നുള്ള പ്രത്യേകം ഉപദേശം വേണ്ടെന്ന സതീശന്റെ പ്രതികരണം. സിപിഎം ആത്മപരിശോധന നടത്തുന്നത് നന്നാവുമെന്നും വിഡി സതീശന്‍ പറഞ്ഞു.

'സിപിഐഎമ്മില്‍ എന്താണ് നടന്നത്. എന്താണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയില്‍ ആ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരേയും ഇഷ്ടക്കാരല്ലാത്തവരെയുമെല്ലാം സൗകര്യം പോലെ ചെയ്തിട്ടാണ് അഭിപ്രായം പറയുന്നത്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചോളാം. അതിന് എകെജി സെന്ററില്‍ നിന്നുള്ള പ്രത്യേകം ഉപദേശമോ മാര്‍ഗനിര്‍ദേശമോ ആവശ്യമില്ല.' എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.