'ഞങ്ങള്‍ക്കെതിരേ നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനം, ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും സമരം': പി ജി ഡോക്ടര്‍മാര്‍
 

'എപ്പോള്‍ ഡോക്ടര്‍മാര്‍ സമരം ചെയ്താലും, അത് ജനങ്ങള്‍ക്കെതിരെയാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന സ്ട്രാറ്റജി തികച്ചും അപലപനീയമാണ്'
 
doctors strike

പതിനാറ് ദിവസമായി നടത്തിവന്ന സമരം കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത് ഡിസംബര്‍ 16നായിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പു മാത്രമാണ് തത്കാലം ഡോക്ടര്‍മാരുടെ പക്കലുള്ളത്. അവരത് വിശ്വസിക്കുകയാണ്. പക്ഷേ, അതൊരു താത്കാലിക ആശ്വാസം മാത്രമായാല്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരമുഖത്ത് സജീവമാകാന്‍ നിര്‍ബന്ധിതരാകും.

നിലവില്‍ നിയമിച്ച ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് പുറമേ ഈ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതു വരെ തുടരാന്‍ നിര്‍ദേശം നല്‍കും. ഒന്നാംവര്‍ഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും, ഒപ്പം സ്‌റ്റൈപ്പന്റ് വര്‍ദ്ധനവിലും അനുകൂല നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

സമരം ന്യായമെന്ന് ആരോഗ്യമന്ത്രി, പിന്നെ എന്ത് കൊണ്ട് സമരം 16 ദിവസം നീണ്ടു? 

കഴിഞ്ഞ ഒരു വര്‍ഷമായി 66% വര്‍ക്ക്‌ഫോഴ്‌സ് ഉപയോഗിച്ചാണ് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്;  സമരത്തിന്റെ ഭാഗമായിരുന്ന ഒരു പി.ജി ഡോക്ടറുടെ നിരാശയാണത്. ഇത് തന്നെയാണ് പി.ജി ഡോക്ടര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

'100% വര്‍ക്ക് ഫോഴ്‌സ് ഉള്ളപ്പോള്‍ പോലും തുടര്‍ച്ചയായി 24 ,48 മണിക്കൂര്‍ ഡ്യൂട്ടിയെടുക്കേണ്ടി വരുന്ന ഡിപ്പാര്‍ട്ട്‌മെന്റുകളാണ് മെഡിക്കല്‍ കോളേജിലുള്ളത്. ഉറങ്ങാന്‍ പോലുമാകാത്ത പാതി ബോധത്തിലുള്ള ഡോക്ടര്‍മാരുടെ ചികിത്സയാണ് സാധാരണ ജനങ്ങള്‍ക്ക് കിട്ടുന്നത്. 
കടുത്ത മനുഷ്യാവകാശ ലംഘനമാണ് മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്നത്,' പി.ജി ഡോക്ടര്‍ അശ്വത് രാജ് തന്റെ സഹ പ്രവര്‍ത്തകരുടെ ദൈന്യത വ്യക്തമാക്കുന്നു.

നിലവില്‍ രണ്ട് ബാച്ചുകളിലായി 200 ല്‍ താഴെ പി.ജി ഡോക്ടര്‍മാര്‍ മാത്രമാണ് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ നടത്തുന്നത്. സ്ഥിരം ഡ്യൂട്ടിക്കൊപ്പം കൊവിഡ് ഡ്യൂട്ടിയും വന്നതോടെ ഇവരുടെ ജോലിഭാരം ഇരട്ടിയിലധികമായി. സംവരണ തര്‍ക്കം കാരണം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനം അനിശ്ചിതമായി നീളുകയാണ്. ഉടന്‍ തന്നെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥികളുടെ പരീക്ഷയും വരുന്നു. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ പി.ജി ഡോക്ടര്‍മാരുടെ ആരോഗ്യം വഷളായി.

' മൂന്നുപേര്‍ ചെയ്യേണ്ട പണിയാണ് ഒരോ പി.ജി ഡോക്ടറും ഈ നാട്ടില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സമയത്തിന് ആഹാരം കഴിക്കുന്ന ഒരു പിജി (ഡോക്ടര്‍) ഉണ്ടോ, എന്റെ അറിവില്‍ ഇല്ല! 36 മണിക്കൂര്‍ ഉറങ്ങാതെ, കുളിക്കാതെ, ഇന്നര്‍ വെയര്‍ പോലും മാറാതെ കാഷ്വല്‍റ്റി ഡ്യൂട്ടി എടുക്കാന്‍ ആര്‍ക്ക് പറ്റും, ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടോ അങ്ങനൊരു സിസ്റ്റം? നമ്മുടെ പിജി ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ട്, ആഴ്ചയില്‍ രണ്ടോ മൂന്നോ വട്ടം. മിന്നല്‍ റെയ്ഡ് നടത്തും പോലെ, പത്രസമ്മേളനങ്ങള്‍ നടത്തി ക്രെഡിറ്റ് എടുക്കുന്ന പോലെ എളുപ്പമല്ലത്':  സൈക്ക്യാട്രിസ്റ്റ് ഡോ. തോമസ് റാഹേല്‍ മത്തായി ഡിസംബര്‍ 11 നു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഈ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

അനിശ്ചിതത്വം തുടരുന്ന നീറ്റ് പ്രവേശനം 

കേന്ദ്ര പൂളിലുള്ള സീറ്റുകളില്‍ 27 ശതമാനം ഒ.ബി.സി ക്വോട്ടയും, 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അലോട്ട്‌മെന്റ് വൈകുകയാണ്. അടുത്ത ജനുവരി ആറിനാണ് ഇനി കോടതി കേസ് പരിഗണിക്കുകയുള്ളു. കൗണസിലിംഗ് വൈകുന്നത് കാരണം അഖിലേന്ത്യാ തലത്തില്‍ പി.ജി ഡോക്ടര്‍മാരുടെ ജോലിഭാരം  കൂടിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സഫ്ദര്‍ജങ് ആശുപത്രിയിലും അടക്കം ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.

നീറ്റ് കൗണ്‍സലിംഗ് നീളുന്നതില്‍ കേരള സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല എന്നതാണ് പി.ജി ഡോക്ടര്‍മാരുടെ ആരോപണം. കൗണ്‍സലംഗ് വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് കത്തയക്കണം എന്നതാണ് അവരുടെ പ്രധാനപ്പെട്ട ആവശ്യം. സുപ്രീംകോടതിയുടെ  പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിലപാട്. ഇത് സമരം ചെയ്യുന്ന ഡോക്ടര്‍മാരെ നിരാശരാക്കുന്നു.

ഈ വിഷയത്തില്‍ ചെയ്യാനാകുന്ന കാര്യങ്ങളില്‍ പലതും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് കേരളത്തിലെ പി.ജി ഡോക്ടര്‍മാരുടെ സംഘടനയായ കെ.എം.പി.ജി.എ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.

''നീറ്റ് ഫലവും  ക്വാളിഫൈഡ് ആയവരുടെ സ്‌കോറും പുറത്ത് വന്നു. ആര്‍ക്കൊക്കെ അപേക്ഷിക്കാം എന്നതിനെ സംബന്ധിച്ച് ഏകദേശ ധാരണയുമുണ്ട്, സെന്‍ട്രല്‍ കൗണ്‍സലിംഗ് നടന്നു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്റ്റേറ്റ് കൗണ്‍സലിംഗും നടത്താന്‍ കഴിയുന്ന തരത്തില്‍, സംവരണത്തിന് പുറത്തു നില്‍ക്കുന്നവരുടെ രേഖാ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ആവശ്യത്തിലധികം സമയം   കിട്ടിയിട്ടും സംസ്ഥാനം ഒരു നടപടിയും എടുത്തിട്ടില്ല. ഇതെല്ലാം ഇപ്പൊഴേ സജ്ജമാക്കിയാല്‍ സെന്‍ട്രല്‍ കൗണ്‍സലിംഗ് തുടങ്ങി എത്രയും വേഗം സ്റ്റേറ്റ് കൗണ്‍സിലിംഗും പൂര്‍ത്തിയാക്കാന്‍ സാധിക്കും. അല്ലാത്ത പക്ഷം പിന്നെയും ഒരു മാസം താമസം നേരിടേണ്ടി വരും'. കെ.എം.പി.ജി.എ വക്താവ് പറയുന്നു.

ആരോഗ്യ സംവിധാനത്തിലെ വിടവുനികത്താന്‍ കേരളത്തിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ല എന്ന് പി.ജി ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു. എട്ട് മണിക്കൂറിലധികം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് തൊഴില്‍ അവകാശ ലംഘനം കൂടെയാണെന്ന് ബോധ്യമുണ്ടായിട്ടും കേരളത്തിലെ ഇടത് ഭരണകൂടം അറിഞ്ഞുകൊണ്ട് അതിനാണ് നിര്‍ബന്ധിക്കുന്നതെന്നാണ് പി ജി ഡോക്ടര്‍മാരുടെ പരാതി.

'എപ്പോള്‍ ഡോക്ടര്‍മാര്‍ സമരം ചെയ്താലും, അത് ജനങ്ങള്‍ക്കെതിരെയാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന സ്ട്രാറ്റജി തികച്ചും അപലപനീയമാണ്. മെഡിക്കല്‍ കോളേജുകളില്‍ മുട്ടുകുത്തി പിജി ഡോക്ടര്‍മാര്‍ പണിയെടുക്കുമ്പോള്‍ കയ്യടിച്ചാല്‍ പോരാ, ആ അവസ്ഥയ്ക്ക് കാരണം ആരാണ് എന്ന് കൂടി എല്ലാവരും ആലോചിക്കണം. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഗതികെട്ട് ചെയ്യുന്ന സമരമാണ്, അവര്‍ക്ക് കാശിനോട് ആര്‍ത്തിയാണ് എന്ന സ്ഥിരം നരേറ്റിവ് ഇവിടെ എടുക്കരുത്. ജെനുവിനായ ഈ ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാവില്ല. അവരോട് ഭീഷണിയുടെ സ്വരം എടുത്ത് സര്‍ക്കാര്‍ നാണം കെടരുത്.' - ഡോ തോമസ് റാഹേല്‍ മത്തായി പറയുന്നു.

സമരം ഡോക്ടര്‍മാര്‍ ശക്തമാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. ആദ്യ വര്‍ഷ പി.ജി വിദ്യാര്‍ഥികള്‍ വരുന്നത് വരെയുള്ള സംവിധാനം എന്ന നിലയ്ക്കാണിത് ചെയ്തത്. സമരം ചെയ്ത ഡോക്ടര്‍മാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നുമായിരുന്നു ഇത്. ഈ നിയമനങ്ങളിലും സമരക്കാര്‍ പൂര്‍ണമായും തൃപ്തരല്ല. പുതിയ നിയമനങ്ങള്‍ വളരെ കുറവാണെന്നും ഇവരുടെ ജോലി സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് സമരം തുടര്‍ന്ന ഡോക്ടര്‍മാരുടെ വിമര്‍ശനം.

മറ്റൊരു പ്രധാന ആവശ്യം പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപന്‍ഡ് വര്‍ധനയാണ്. സ്‌റ്റൈപന്‍ഡില്‍ നാല് ശതമാനം വാര്‍ഷിക വര്‍ധന  വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം എടുക്കാമെന്ന് ഉറപ്പു ലഭിച്ചെങ്കിലും ഇത് നടപ്പായില്ല. അതേ സമയം, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ പി.ജി ഡോക്ടര്‍മാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലാകുകയും ചെയ്തു. സമരം അവസാനിക്കുമ്പോഴും നാല് ശതമാനം സ്‌റ്റൈപന്‍ഡ് വര്‍ധന എന്ന ആവശ്യം സര്‍ക്കാര്‍  അംഗീകരിച്ചിട്ടില്ല. വിഷയം പരിശോധിച്ചശേഷം പരിഗണിക്കാം എന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പ്.

ഒ.പി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചാണ് മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. സമരത്തിന്റെ അവസാന ആറ് ദിവസം അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിയില്‍ നിന്നും അവര്‍ വിട്ടുനിന്നു. സമരം അടിച്ചമര്‍ത്താന്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ഉപയോഗിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ രണ്ട് തവണ ചര്‍ച്ച നടന്നെന്നും സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും അവര്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. ഒപ്പം, ഹോസ്റ്റലുകളില്‍ നിന്ന് സമരം ചെയ്യുന്ന മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ശ്രമവും വിവാദത്തിലായി.

ഡോക്ടര്‍മാര്‍ സമൂഹത്തിലെ പ്രിവിലേജ്ഡ് വര്‍ഗമെന്നാണ് പൊതുബോധം. എന്നാല്‍ വലിയ തോതില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന വിഭാഗം ആണവര്‍. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച  നേട്ടങ്ങള്‍ നിരന്തരം പ്രസംഗിക്കുന്നവര്‍, അതിനു പിന്നില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുകയും അവരെ സമരത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്നത് കേരള സമൂഹത്തിന് ഭൂഷണമാകില്ലെന്നാണ് പി ജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ചവരും ചൂണ്ടിക്കാണിക്കുന്നത്.