ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

പിന്നില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ആരോപണം
 
idukki college

ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തി. കണ്ണൂര്‍ സ്വദേശിയായ ധീരജ് രാജശേഖരന്‍ ആണ് കൊല്ലപ്പെട്ടത്. ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ധീരജ്. കൊലയ്ക്ക് പിന്നില്‍ പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് ആരോപണം. കൊല നടത്തിയവര്‍ ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.  രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു കൂടി കുത്തേറ്റിട്ടുണ്ട്. അമല്‍, അഭിജിത്ത് എന്നീ വിദ്യാര്‍ത്ഥികളാണ് കുത്തേറ്റവര്‍.ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കോളേജ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് കൊലപാതകം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ ഉണ്ടായ സംഘര്‍ഷമാണ് കൊലപതകത്തില്‍ കലാശിച്ചതെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറയുന്നത്. കോളേജ് ഗേറ്റിനു പുറത്തുവച്ചായിരുന്നു സംഘര്‍ഷം നടന്നതെന്നും പ്രിന്‍സിപ്പാള്‍ ജലജ പറയുന്നു. എന്നാല്‍, യാതൊരു സംഘര്‍ഷാവസ്ഥയും ഉണ്ടായിരുന്നില്ലെന്നും സമാധനപരമായി വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെഎസ് യുക്കാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ നിഖില്‍ പൈലി എന്നയാളാണ് കുത്തിയതെന്നും ഇയാള്‍ക്കൊപ്പം മറ്റ് ക്രിമിനലുകളും ഉണ്ടായിരിക്കുമെന്ന ആരോപണാണ് സിപിഎം ജില്ല സെക്രട്ടറി വര്‍ഗീസ്, എംഎം മണി എംഎല്‍എ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നത്. കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണമാണ് എസ് എഫ് ഐയും ഉയര്‍ത്തുന്നത്.