ഷഹാനയുടെ മരണം; ഫുഡ് ഡെലിവറിയുടെ മറവില്‍  മയക്കുമരുന്ന് കച്ചവടം, സജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ്

 
shahana

മോഡലും നടിയുമായ ഷഹാനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് മയക്കുമരുന്ന് കച്ചവടം നടത്തി. പറമ്പില്‍ ബസാറിലെ സജാദിന്റെ വീട്ടില്‍ നിന്നും ലഹരി മരുന്നും അനുബന്ധ വസ്തുക്കളും പൊലീസ് കണ്ടെത്തിയിരുന്നു. 

ഷഹനയും സജാദും തമ്മില്‍ നിരന്തരം തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തന്റെ ലഹരി ഉപയോഗത്തെ ചൊല്ലിയുമാണ് വഴക്കുണ്ടാകാറുള്ളതെന്നും സജാദ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹനയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും സജാദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. ഇായളെ ഷഹാന മരിച്ച പറമ്പില്‍ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുധര്‍ശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം സജാദിനെ കോടതിയില്‍ ഹാജരാക്കും. 

ഷഹാനയുടേത് ആത്മഹത്യ തന്നെയാണോ എന്നറിയാനായി വിദഗ്ധസംഘം ഇന്ന് വീട്ടില്‍ പരിശോധന നടത്തും. വീട്ടില്‍ കെട്ടിയിരുന്ന അയ അഴിച്ചെടുത്താണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഷഹാനയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഷഹനയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങള്‍ വ്യക്തമാകു എന്നാണ് പൊലീസ് അറിയിക്കുന്നത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് ഷഹാന മരിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.