'ശരത് അങ്കിള്‍' ആല്ലെങ്കില്‍ ആരാണാ വിഐപി! ബാലചന്ദ്രകുമാര്‍ രഹസ്യമൊഴി നല്‍കിയ സാഹചര്യത്തില്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുമോ?
 

 
dileep
ആറ് മണിക്കൂറെടുത്ത് 51 ഓളം പേജുകളിലായി കുറിച്ചെടുത്ത ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി  നിര്‍ണായകമാകുമോ?

ആറ് മണിക്കൂറെടുത്ത് 51 ഓളം പേജുകളിലായി കുറിച്ചെടുത്ത ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമാകുമോ? ദിലീപിനെ പരിചയപ്പെട്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ബാലചന്ദ്ര കുമാര്‍ എറണാകുളം മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്.

മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞ കാര്യങ്ങള്‍, അതിന്റെ എല്ലാ വിശദാംശങ്ങളോടും കൂടി കോടതിയില്‍ രഹസ്യമൊഴിയായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസങ്ങളിലായി പൊതുമധ്യത്തില്‍ വിളിച്ചു പറഞ്ഞത്. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണത്തിന് തയ്യാറെടുത്തിരിക്കുന്നത്. ബാലചന്ദ്രകുമാര്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന വിവരവും പുറത്തു വിട്ടത്. ഇതിന്റെ പേരില്‍ ദിലീപിനും അനുജനും സഹോദരി ഭര്‍ത്താവിനും ദിലീപിന്റെ സുഹൃത്തിനുമെതിരേ ക്രൈം ബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകാനുള്ള സാഹചര്യത്തില്‍ ദിലീപ് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Also Read:  'ഞാന്‍ ദിലീപിന്റെയാള്‍, മൊഴി മാറ്റി പറഞ്ഞാല്‍ എന്തു സഹായവും ചെയ്യാം, ഗണേഷ് കുമാറിന്റെ സ്റ്റാഫിന്റെ വാഗ്ദാനം; നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വാഹനത്തിലും വച്ച് പലതവണ കണ്ടിട്ടുണ്ടെന്നും ദിലീപിന് സുനിയുമായി ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ബാലചന്ദ്ര കുമാറിന്റെ മൊഴിയ്ക്ക് ഉപോത്ബലകമായ തെളിവുകള്‍ ഉണ്ടെങ്കില്‍ ദിലീപിനത് വലിയ തിരിച്ചടിയാകും. അതിനെക്കാള്‍ ഗുരുതരമായ ആരോപണമാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നുവെന്നു ബാലചന്ദ്ര കുമാര്‍ പറഞ്ഞിരിക്കുന്നത്. സ്വന്തം വീട്ടില്‍ വച്ച് ദിലീപ് ദൃശ്യങ്ങള്‍ കാണുന്നതിന് താന്‍ സാക്ഷിയാണെന്നും ' പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണാണോ' എന്നു ചോദിച്ച് തന്നെയും ദൃശ്യങ്ങള്‍ കാണാന്‍ ക്ഷണിച്ചുവെന്നും ആ ക്ഷണം താന്‍ നിരസിക്കുകയാണുണ്ടായതെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്.

ശരത് അങ്കിള്‍ വന്നിട്ടുണ്ട്...

അതേസമയം, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന 'വിഐപി' ആരാണെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരുപക്ഷേ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലോ, ബുധനാഴ്ച്ച കോടതിയോടോ പ്രസ്തുത വി ഐ പി ആരാണെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരിക്കാം. ഒരു വിഐപി യാണ് ദൃശ്യങ്ങള്‍ ദിലീപിന് വീട്ടില്‍ കൊണ്ടുവന്നു കൊടുത്തതെന്നാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. ഇയാളെ ദിലീപ് അടക്കം വീട്ടിലുള്ളവരെല്ലാം ബഹുമാനത്തോടെയാണ് സ്വീകരിച്ചതെന്നും പിറ്റേദിവസം പുലര്‍ച്ചെയുള്ള ഫ്‌ളൈറ്റിന് പോകണമെന്ന് ഇയാള്‍ പറയുന്നുണ്ടായിരുന്നുവെന്നും ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലുണ്ട്. ദിലീപിന്റെ സഹോദരിയുടെ മകന്‍ ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്നു പറയുന്നതു കേട്ടിരുന്നുവെന്നും ആ പേര് പ്രസ്തുത വി ഐ പിയോടെതാണോ, അതോ അയാള്‍ക്കൊപ്പം വന്ന മറ്റൊരാളുടെതാണോയെന്ന് സംശയമുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. കൂടെ വന്നയാള്‍ പുറത്ത് തന്നെ നില്‍ക്കുകയായിരുന്നുവെന്നും ഒരുപക്ഷേ അയാളെ കണ്ടായിരിക്കാം ശരത് അങ്കിള്‍ വന്നുവെന്ന് സഹോദരിയുടെ മകന്‍ പറഞ്ഞതെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. അകത്തുവന്നയാള്‍ ദിലീപിന് തന്റെ ടാബ്‌ലെറ്റ് നല്‍കിയിരുന്നു. തന്നെ അയാള്‍ സംശയത്തോടെ നോക്കിയപ്പോള്‍ ബാലു നമ്മുടെയാളാണെന്ന് ദിലീപാണ് പറഞ്ഞതെന്നും ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോ് നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തമാക്കുന്നുണ്ട്.

അയാള്‍ ശശിയല്ല, ശ്രീനിയെ നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാ...

ആറാം പ്രതി, ആദ്യത്തെ അറസ്റ്റ് വി ഐ പിയുടെതാകുമോ?

വലിയ രാഷ്ട്രീയ സ്വാധീനമുള്ളയാളാണ് വി ഐ പി എന്നാണ് തനിക്ക് മനസിലായതെന്നു ബാലചന്ദ്രകുമാര്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിലും ചില ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ നിന്നൊഴിവാക്കാനുള്ള ശ്രമത്തിലും വി ഐ പിയുടെ പങ്കുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. ബി സന്ധ്യയെ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും ഒഴിവാക്കാന്‍ സംസ്ഥാനത്തെ ഒരു മന്ത്രിയെ ഇയാള്‍ നേരിട്ടു വിളിച്ചിരുന്നുവെന്നാണ് പറയുന്നത്. കേസില്‍ എന്തു ചെയ്യണമെന്നു നമ്മള്‍ തീരുമാനിക്കുമെന്ന് വി ഐ പി പറഞ്ഞത് താന്‍ കേട്ടിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നുണ്ട്.

Also Read'അപകടകരമായ ഇമാജിനു'കള്‍; എല്ലാം അവള്‍ കാരണം എന്നാണോ കാവ്യ പറയുന്നത്!

ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ടാലറിയാവുന്ന ആറാം പ്രതിയായി വി ഐ പി യുണ്ട്. ഇപ്പോഴും അഞ്ജാതനായി തുടരുന്ന ഇയാളുടെ അധികം വൈകാതെ പുറത്താകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.  കോടതി ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി കഴിഞ്ഞ സാഹചര്യത്തില്‍ തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മുന്നോട്ടു പോകും. വെള്ളിയാഴ്ച്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കുകയാണെങ്കില്‍ ദിലീപിന്റെ അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. അതിനു മുമ്പായി വി ഐ പി യുടെ അറസ്റ്റ് നടക്കുമെന്നും സൂചനയുണ്ട്.

Also Read: ചോദിക്കാന്‍ പാടില്ലാത്ത പലതും ചോദിച്ചു, പല വട്ടം കരയേണ്ടി വന്നു


തെളിവുകള്‍ സത്യം പുറത്തുകൊണ്ടുവരുമോ?

ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പരോക്ഷമായ സമ്മതിക്കുന്ന പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്ന സാഹചര്യത്തില്‍ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യുക സുനി തന്നെയായിരിക്കും. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ഇരുപതോളം ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഓഫിസിലെത്തി ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. ശാസ്ത്രീയ പരിശോധനയിലൂടെ താന്‍ നല്‍കിയ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടുമെന്ന ആത്മവിശ്വാസമാണ് ക്രൈം ബ്രാഞ്ച് ഓഫിസില്‍ നിന്നും പുറത്തു വന്നശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ ബാലചന്ദ്രകുമാര്‍ പ്രകടിപ്പിച്ചത്. ഓരോ ഡിജിറ്റല്‍ തെളിവും സംഭവിച്ച തീയതിയും സമയവും അടക്കം ക്രോഡീകരിച്ചാണ് കൈമാറിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്രമിക്കപ്പെടുന്നകാര്യം ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപിനും ഭാര്യ കാവ്യ മാധവനും അറിയാമായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിരുന്നു. സിനിമ മേഖലയില്‍ നിന്നു തന്നെ കൂടുതല്‍ പേര്‍ സാക്ഷികളായി ഇനിയെത്തുമെന്നും ബാലചന്ദ്രകുമാര്‍ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.