'കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തോന്നുന്നില്ല'; രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

 
shibu baby john

കോണ്‍ഗ്രസിലെ ചേരി തിരിഞ്ഞുള്ള തര്‍ക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തനിക്ക് തോന്നുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. തമ്മില്‍ തല്ലുന്നവരെ പുതിയ തലമുറ അവജ്ഞയോടെയാണ് കാണുന്നത്. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.

തമ്മില്‍തല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം. ഇത്രയും കാലം കഴിഞ്ഞിട്ടും തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മപ്പെടുത്തലാണെന്നും
അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സി.പി.എം. അതേസമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നതെന്ന് പരിഹാസരൂപേണ അദ്ദേഹം വിമര്‍ശിച്ചു.  ഇതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.