ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല; ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

 
shigella

ചെറുവത്തൂരില്‍ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്റ്റീരിയയാണെന്നു തിരിച്ചറിഞ്ഞതിന് പിന്നാലെ  ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികള്‍ ശക്തമാക്കി. ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയന്റില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. 

ഇതോടെ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിലാണ് അധികൃതര്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. ഇതിനകം  ചികിത്സയില്‍ കഴിയുന്ന നാലു കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റു കുട്ടികള്‍ക്കും ഷിഗെല്ല രോഗ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചിരുന്നു. പരിശോധനയിലാണ് ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി.രാംദാസ് പറഞ്ഞു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയന്റ് മാനേജര്‍ പടന്ന സ്വദേശി  അഹമ്മദ്, മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂര്‍ കൊല്യ സ്വദേശി അനക്‌സ് ഗാര്‍, ഷവര്‍മ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്.