'ഗുണ്ടാലിസ്റ്റിലെ സ്ത്രീ' എന്ന ഇമേജ് ഭാവിയെ ആശങ്കപ്പെടുത്തുന്നുവെന്ന് ഷിമി; ഓപ്പറേഷന്‍ കാവല്‍ മനുഷ്യവേട്ടയോ?

ഓപ്പറേഷന്‍ കാവലിന്റെ പേരില്‍ സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന് പരാതി
 
 
police

കേരള പോലീസിന്റെ പുതിയ പദ്ധതിയായ 'ഓപ്പറേഷന്‍ കാവലും' വിവാദത്തില്‍. ആഭ്യന്തര വകുപ്പിന്റെ നയങ്ങളും നിലപാടുകളും നിരന്തരം ചോദ്യപ്പെടുകയും വിവാദമാവുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ കാവലിനെതിരേയും വിമര്‍ശനങ്ങളുയരുന്നത്. എന്തിനുവേണ്ടിയാണോ പദ്ധതി ആരംഭിച്ചത് എന്നാല്‍ അതിന്റേ ഉദ്ദേശലക്ഷ്യങ്ങളോട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാവലിന്റെ പ്രവര്‍ത്തനമെന്നാണ് ഉയരുന്ന വിമര്‍ശനം. ഓപ്പറേഷന്‍ കാവല്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വേട്ടയാടുകാണെന്നാണ് വിമര്‍ശനം.

ഓപ്പറേഷന്‍ കാവല്‍ 

സാമൂഹ്യവിരുദ്ധര്‍, ഗുണ്ടകള്‍, മണ്ണ് മയക്കുമരുന്നു മാഫിയ, ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ എന്നിവരെ പിടികൂടുക എന്നീ ലക്ഷ്യത്തോടെയാണ് കേരള പോലീസ് 'ഓപ്പറേഷന്‍ കാവല്‍' എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡിസംബര്‍ 18ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് 'ഓപ്പറേഷന്‍ കാവല്‍' എന്ന നിര്‍ദ്ദേശവുമായി മുന്നോട്ട് വന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്ത് ദിവസത്തിനിടെ സാമൂഹ്യവിരുദ്ധരും ഗുണ്ടകളുമായ 15,431 പേരെ കര്‍ശന നിരീക്ഷണത്തിലാക്കിയെന്ന് കേരള പൊലീസ് പറയുന്നു. ഇവരുടെ വിശദമായ ക്രൈം പട്ടികയും ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കുകയും പ്രശ്നക്കാരായ 6619 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പോലീസ് പറയുന്നുണ്ട്. 

വിവിധ കേസില്‍ ഒളിവില്‍ കഴിയുന്നവരെ കണ്ടെത്തുന്നതിനായി 6,911 വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ഇതിന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടകള്‍ ഉള്‍പ്പെടെ 4717 പേര്‍ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങിയെന്നും പോലീസ് വ്യക്തമാക്കുന്നു. 525 പേര്‍ പിടിയിലായിട്ടുണ്ട്. 47 പേര്‍ക്കെതിരെ കാപ്പ ചുമത്തും. വ്യവസ്ഥ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദാക്കിയെന്നും കുറ്റവാളികളില്‍നിന്ന് 2610 മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തുവെന്നും പോലീസ് വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത്. സിറ്റിയില്‍ 141 പേരെ പരിശോധിച്ചതില്‍ മുങ്ങിനടന്ന 74 പേരെയും റൂറലില്‍ 103 പേരെ പരിശോധിച്ചതില്‍ 48 പേരെയും അറസ്റ്റ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. 

എന്നാലിപ്പോള്‍ ഓപ്പറേഷന്‍ കാവല്‍ വിവാദത്തിലാവുകയായിരുന്നു. കാവലിന്റെ മറവില്‍ സാമൂഹ്യ പ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും വേട്ടയാടുന്ന നടപടിയാണ് പോലീസ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് നിരവധി കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകനേയും വീട്ടമ്മയേയും തേടി പോലീസിന്റെ അന്വേഷണമെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കാവലിന്റെ ഭാഗമായാണ് അന്വേഷണമെന്നറിയുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ ഷെഫീഖ് താമരശ്ശേരി പറയുന്നു. വിഷയത്തില്‍ ഷെഫീഖ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിങ്ങനെയാണ്: 

'താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു കോള്‍ വന്നു. എസ്.ഐ. അഷ്റഫ് എന്നാണ് ട്രൂ കോളറില്‍ പേര് കാണിച്ചത്. എന്റെ അഡ്രസും ഡീറ്റെയില്‍സും ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണെന്ന് തിരികെ ചോദിച്ചു. ഒരു വെരിഫിക്കേഷന് വേണ്ടിയാണെന്നാണ് മറുപടി പറഞ്ഞത്. എന്റെ പേരില്‍ അവിടെ കേസോ മറ്റ് കാര്യങ്ങളോ ഒന്നുമില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മൂപ്പരുടെ മറുപടി ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും ലിസ്റ്റിലുള്ള ആളുകളുടെ ഡീറ്റെയില്‍സ് വെരിഫൈ ചെയ്യുകയാണെന്നായിരുന്നു.  
കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യാനായി കഴിഞ്ഞ 18ാം തിയ്യതി ആരംഭിച്ചതാണ് 'ഓപ്പറേഷന്‍ കാവല്‍' പദ്ധതി. ഇത് പ്രകാരമുള്ള ലിസ്റ്റിലെങ്ങിനെ എന്റെ പേര് വന്നുവെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിങ്ങള്‍ പ്ലാച്ചിമടയിലെയും മറ്റും സമരങ്ങളില്‍ ഉണ്ടായിരുന്നില്ലേ, യൂത്ത് ഡയലോഗ് എന്ന കൂട്ടായ്മയില്‍ ഉണ്ടായിരുന്നില്ലേ എന്നൊക്കെയാണ്. 
അപ്പൊഴാണ് ട്രാക്ക് മനസ്സിലായത്. രാഷ്ട്രീയസാമൂഹിക രംഗങ്ങളില്‍ ഇടപെട്ടവരെയൊക്കെ നിങ്ങള്‍ ഗുണ്ടകളായാണ് കണക്കാക്കുന്നതെങ്കില്‍ അഡ്രസ് തരാന്‍ സൗകര്യമില്ല എന്ന് പറഞ്ഞപ്പോള്‍, 'എന്നാ നിന്നെ വന്ന് പൊക്കിക്കോളാം' എന്ന് പറഞ്ഞ് മൂപ്പര് ഫോണ്‍ വെച്ചു...
സംഭവം കൊള്ളാം... ഒപ്പറേഷന്‍ കാവലിന്റെ ഭാഗമായി സംസ്ഥാനത്ത് 15,431 പേര്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോളേജ് കാലത്തും തുടര്‍ന്നുമൊക്കെ കേരളത്തിലെ ജനകീയ സമര ധാരകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വേറെയും സുഹൃത്തുക്കള്‍ക്ക് സമാനമായ കോളുകള്‍ വന്നതായി അറിഞ്ഞു. ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയൊക്കെ ഗുണ്ടകളായാണ് കേരളത്തിലെ ആഭ്യന്തരവകുപ്പ് കണക്കാക്കുന്നതെന്നറിഞ്ഞതില്‍ സന്തോഷം. 
എന്തായാലും കേരള പൊലീസ് വക ഗുണ്ടാപ്പട്ടം കിട്ടിയതില്‍ അഭിമാനമുണ്ട്.
ബൈ ദ ബൈ.. ക്വട്ടേഷന്‍ വല്ലതും ഉണ്ടെങ്കില്‍ പറയണം... വണ്‍ ബൈ വണ്ണായി എടുക്കുന്നതാണ്...'


'താമരശ്ശേരി പോലീസില്‍ നിന്നാണ് വിളിച്ചത്. അഡ്രസ്സും ഡീറ്റെയില്‍സും ചോദിച്ചു. അപ്പോഴാണ് എന്താണ് കാര്യമെന്ന് ഞാന്‍ അന്വേഷിച്ചത്. വെരിഫിക്കേഷന് വേണ്ടിയാണെന്നാണ് മറുപടി പറഞ്ഞത്. എന്റെ പേരില്‍ അവിടെ കേസോ മറ്റ് കാര്യങ്ങളോ ഒന്നുമില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും ലിസ്റ്റിലുള്ള ആളുകളുടെ ഡീറ്റെയില്‍സ് വെരിഫൈ ചെയ്യുകയാണെന്നായിരുന്നു. തുടര്‍ന്നുള്ള സംസാരത്തിനിടക്കാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന പ്ലാച്ചിമട സമരത്തെക്കുറിച്ചൊക്കെ പറയുന്നത്. തുടര്‍ന്ന് നല്‍കാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നു. ഫോണ്‍ കട്ട് ചെയ്തുവെങ്കിലും പിന്നീടു പോലീസിനെ അങ്ങോട്ട് വിളിച്ച് വിവരങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അതിനുശേഷം പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള പരാതിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല'-ഷെഫീഖ് താമരശ്ശേരി 'അഴിമുഖ'ത്തോട് പറഞ്ഞു. 

എന്തും ചെയ്യുന്ന ക്രിമിനലുകളും ഒന്നും ചെയ്യാത്ത പൊലീസും; ഭയന്നു ജീവിക്കുന്ന കേരളം

അതേസമയം, താമരശ്ശേരി പോലീസിനെ തിരിച്ചുവിളിച്ച് വീണ്ടും അന്വേഷണം നടത്തിയപ്പോള്‍ പോലീസിന് സഹകരണമനോഭാവമുണ്ടായില്ലെന്ന് ഷെഫീഖ് താമരശ്ശേരി പറഞ്ഞു. സുഹൃത്തുക്കളായ മറ്റു മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് പോലീസ് വിവരം നല്‍കിയെങ്കിലും ഒരു വ്യക്തത നല്‍കാന്‍ തയ്യാറായില്ലെന്ന് ഷെഫീഖ് വ്യക്തമാക്കുന്നു. 
സമാന പരാതിയുമായി കോഴിക്കോട് എടച്ചേരിയിലെ യുവതിയും രംഗത്തെത്തി. കാവല്‍ പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുന്നുവെന്നും താനൊരു കേസിലും പ്രതിയല്ലെന്നും വെളിപ്പെടുത്തി എടച്ചേരി സ്വദേശിനായ ഷിമി കുന്നത്താണ് രംഗത്തെത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഭര്‍ത്താവ് രജീഷ് കൊല്ലക്കണ്ടിയും പോലീസിന്റെ ലിസ്റ്റിലുണ്ട്. അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് രാഷ്ട്രീയ-സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരിപാടികളില്‍ ഒന്നുരണ്ടു തവണ ഷിമി പങ്കെടുത്തിരുന്നു. സജീവമായി സാമൂഹ്യമാധ്യമങ്ങളില്‍ പോലും ഇടപെടാറില്ല. എന്നിട്ടും ഗുണ്ടാലിസ്റ്റില്‍ തന്റെ പേര് എങ്ങനെയാണ് വന്നതെന്നും തന്നെ തേടി പൊലീസ് വീട്ടില്‍ വന്നുവെന്നും ഷിമി പറയുന്നു. 

'ഗുണ്ടാലിസ്റ്റില്‍ പെടുത്തുക എന്നത് മറ്റൊരു തരത്തിലാണ് വന്നിരിക്കുന്നത്. എല്ലാവര്‍ക്കും അറിയാം അത്തരത്തിലൊരാളല്ല ഞാനെന്ന്. പക്ഷേ അതല്ല, പോലീസ് അന്നു പറഞ്ഞത് സാമൂഹ്യവിരുദ്ധരുടെ ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ടെന്നാണ്. എന്നാലിപ്പോള്‍ പറയുന്നത് ഞങ്ങളങ്ങനെ പെടുത്തിയിട്ടില്ലെന്നാണ്. ഞങ്ങള്‍ അവിടെ അന്വേഷിക്കാന്‍ പോയതാണ്. രജീഷിനെ ക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഷിമിയെക്കുറിച്ച് വെറുതെ അന്വേഷിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സത്യം അതല്ല. രജീഷിനോട് സംസാരിച്ചതിന് ശേഷം ഭാര്യ ഷിമിയുടെ അഡ്രസ് ചോദിക്കുകയാണ് ചെയ്തത്. ആ സമയം എന്നെ അകത്തുനിന്ന് വിളിച്ച് മെയില്‍ ഐഡി ഉള്‍പ്പെടെ അഡ്രസ് ചോദിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ എന്താണ് കാര്യമെന്ന് ചോദിച്ചു. സാമൂഹ്യവിരുദ്ധരുടെ ലിസ്റ്റില്‍ നിങ്ങള്‍ രണ്ടുപേരുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പോലീസ് പറയുകയായിരുന്നു. ഞാനൊരു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിനും പോയിട്ടില്ല. ഒന്നും ചെയ്തിട്ടുമില്ല. ചെയ്യാത്ത കുറ്റം ചെയ്തുവെന്ന പറഞ്ഞാലെങ്ങനെയാണ്. ഫേസ്ബുക്കില്‍ പോലും സജീവമല്ല. വര്‍ഷത്തിലെങ്ങാനും കയറിയാല്‍ ഒരു ഫോട്ടോയോ എന്തെങ്കിലും ഇടുകയെന്നല്ലാതെ മറ്റൊന്നുമില്ല. 

 'അസമയത്തെ കറക്കം' നിര്‍ത്താന്‍  ഞങ്ങളുടെ ബിസിനസ് തകര്‍ക്കണോ? പൊലീസിനോട് ടര്‍ഫ് ഉടമകള്‍ ചോദിക്കുന്നു

ഇതുവരെ പൊതുവിടങ്ങളില്‍ നിന്ന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടികളും ഉണ്ടായിട്ടില്ല. പത്രങ്ങളില്‍ കാണുമ്പോഴും ഗ്രൂപ്പുകളിലും പുറത്തിറങ്ങുമ്പോഴും ഇത്തരത്തിലൊരു വാര്‍ത്ത കാണുന്നുണ്ടല്ലോ എന്താണ് കാര്യമെന്ന് പലരും ചോദിക്കാറുണ്ട്. ആളുകള്‍ക്ക് അറിയാം. പക്ഷേ എന്നാലും ചോദിക്കുന്നുണ്ട്. പിന്നീട് പോലീസ് ബന്ധപ്പെട്ടിട്ടില്ല. വാര്‍ത്ത വന്നതിനുശേഷമുള്ള പലരുടേയും അന്വേഷണങ്ങളില്‍ ഷിമിയെക്കുറിച്ച് ചോദിച്ചിട്ടേയുള്ളൂ ലിസ്റ്റില്‍ പെടുത്തിയിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. പക്ഷേ അങ്ങനെയല്ല കാര്യം. അവര്‍ പെടുത്തിയിട്ടുണ്ട് എന്ന് നമ്മളോട് പറഞ്ഞതാണ്. നിലവില്‍ ഗുണ്ടാലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ ഭാവിയെക്കുറിച്ച് അതില്‍ ആശങ്കയുണ്ട്. നേരത്തെ, ആറുവര്‍ഷം മുമ്പ് ഒരു ഓണ്‍ലെന്‍ ബുക്ക്ഷോപ്പ് കോഴിക്കോട് നടത്തിയിരുന്നു. പിന്നീട് പ്രസവത്തിനുശേഷം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.'-ഷിമി പറയുന്നു. 

സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് രജീഷ് ആവശ്യപ്പെട്ടു. ജീവിത പങ്കാളിയായ രജീഷിന്റെ രാഷ്ട്രീയ നിലപാടുകളുടേയും പ്രവര്‍ത്തനങ്ങളുടേയും പേരില്‍ കുടുംബാംഗങ്ങളെപോലും പോലീസ് വേട്ടയാടുകയാണ്. സാമൂഹ്യ-രാഷ്ട്രീയ പൗരാവകാശ പ്രവര്‍ത്തനത്തെ ഗുണ്ടാപ്രവര്‍ത്തനമായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയം അനുവദിക്കാന്‍ കഴിയില്ലെന്നും രജീഷ് പറയുന്നു. 

'പോലീസിന്റെ സുപ്രധാനമായ സ്ഥാനങ്ങളിലിരിക്കുന്നതും നയപരമായ തീരുമാനങ്ങളെടുക്കുന്നതും സംഘ്പരിവാര്‍ അനുകൂലികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. നേരത്തെ, സിപിഐയുടെ ദേശീയ നേതാക്കളായ ആനിരാജയും ഡി രാജയും കേരളത്തിലെ പോലീസിനെ ക്കുറിച്ച് ശക്തമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചതാണ്. ഞങ്ങള്‍ കഴിഞ്ഞ കുറേ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ പിണറായി വിജയന് ഈ വകുപ്പില്‍ കാര്യമായി നിയന്ത്രണമില്ല, അല്ലെങ്കില്‍ അദ്ദേഹവും കൂടി അറിഞ്ഞുകൊണ്ടാണ് സംഘ്പരിവാറിന്റെ താല്‍പ്പര്യങ്ങള്‍ പോലീസ് സ്വീകരിച്ചുപോരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അദ്ദേഹം മറുപടി പറയുന്നില്ല. ഇവിടെ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ അങ്ങേയറ്റം ഗൗരവസ്വഭാവമള്ളതാണ്. അതോടൊപ്പം വലിയ രീതിയില്‍ ആശങ്കപ്പെടുത്തുന്നതുമാണ്. കാരണം മനുഷ്യാവകാശപ്രവര്‍ത്തകരേയും പത്രപ്രവര്‍ത്തകരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു, അവരുടെ നീക്കങ്ങള്‍ ഭരണകൂടം നിരീക്ഷിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന പ്ലാച്ചിമട സമരം പോലും ഇപ്പോഴും നോട്ടപ്പുള്ളിയാവുന്നതിന് കാരണമാവുന്നു എന്നൊക്കെ പറയുമ്പോള്‍ അതൊരു ഭരണകൂട ഭീകരതയുടെ ഭാഗമായാണ് കാണാന്‍ കഴിയുന്നത്. ഇത് ജനാധിപത്യത്തിന് യോജിച്ച സംഭവമല്ല. '-പോലീസിന്റെ നടപടിയോട് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം പ്രതികരിച്ചു. 

അനില്‍ കാന്തിന് അപ്രതീക്ഷിത നേട്ടം; സന്ധ്യയ്ക്ക് നഷ്ടമായത് കേരളത്തിന്റെ ആദ്യ വനിത പൊലീസ് മേധാവിയെന്ന സ്ഥാനം

കാവല്‍ എന്ന് പറയുന്നത് പോലീസിന്റെ പ്രാഥമിക ഡ്യൂട്ടിയാണ്. അത് ഒരു ഓപ്പറേഷനിലൂടെ നടത്തേണ്ട കാര്യമല്ല. പേരുതന്നെ എത്രത്തോളം ബാലിശമാണെന്നും ബല്‍റാം പറയുന്നു.'പോലീസിന്റെ പ്രാഥമികമായ ഡ്യൂട്ടിപോലും നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ല എന്നുള്ളതാണ് കേരളത്തിലുടനനീളം തലസ്ഥാന നഗരിയില്‍ പോലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള ക്വട്ടേഷന്‍ കൊലപാതകളും ആക്രമണങ്ങളും കാണിക്കുന്നത്. ഇതുമാത്രമല്ല, ബൈക്കില്‍പോകുന്ന ആളുകളെ തടഞ്ഞുനിര്‍ത്തുന്നു, അവരുമായി പ്രശ്നമുണ്ടാക്കുന്നു, ഭീഷണപ്പെടുത്തുന്നു എന്ന് തുടങ്ങി കേരളത്തിന്റെ തെരുവുകള്‍ ഗുണ്ടകള്‍ അടക്കിവാഴുന്ന സാഹചര്യമാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആ നടപടിയുടെ മറവില്‍ അഭിപ്രായസ്വാതന്ത്ര്യങ്ങളെ കൂച്ചുവിലങ്ങിടാനോ ഭരണകൂടത്തിനെതിരെ വ്യത്യസ്ഥ അഭിപ്രായമുള്ളവരുടെ വായടപ്പിക്കാനോ ഉള്ള നീക്കമായി ഇതു മാറുന്നുവെന്നതിനാലാണ് ഇത് വലിയ മനുഷ്യാവകാശപ്രശ്നമായി സീരിയസ് ആയി കാണേണ്ടത്. പ്രത്യേകിച്ച് കെ-റെയില്‍ എന്ന് പറയുന്ന കേരളത്തെ തകര്‍ക്കുന്ന വിനാശപദ്ധതിക്കെതിരെ കേരളത്തിലെ പ്രതിപക്ഷവും കേരളത്തിലെ വിവിധ-സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളും സമരത്തിലാണ്. സിപിഎമ്മിന് അനുകൂലമായി നിന്ന ശാസാത്രസാഹിത്യപരിഷത്തടക്കം ഇത് ചെയ്യരുതെന്ന നിലപാടിലാണ്. കെ-റെയിലിന് എതിരായി നിലപാടെടുക്കുന്ന ആളുകളെ മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്നത് തീവ്രവാദികളാണെന്നാണ്. അപ്പോള്‍ ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത ആരേയും തീവ്രവാദിയാക്കാം എന്ന സൂചന മുഖ്യമന്ത്രിതന്നെ പോലീസിന് നല്‍കുകയാണ്. അവിടെയാണ് ഇതിന്റെ അപകടം. മോഫിയാപര്‍വ്വീന്റെ വിഷയത്തില്‍ സമരം ചെയ്ത കെഎസ് യുക്കാരെ അവരുടെ മതംനോക്കി അതിലെ മുസ്ലിംങ്ങളെ തിരഞ്ഞുപിടിച്ച് തീവ്രവാദബന്ധമുണ്ടോ എന്ന് പരിശോധിക്കണം എന്ന് പറയുകയാണ്. അപ്പോള്‍ ജനകീയ പ്രശ്നങ്ങളില്‍ മുഖ്യധാരാപ്രതിപക്ഷ സംഘടനകളുടെ പേരില്‍ നടത്തുന്ന സമരങ്ങളെപോലും തീവ്രവാദ സംശയം എന്ന് പറയുന്നത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടല്‍ രീതിയാണ്. മോദി ഇത് അവിടെ ചെയ്യുന്നു. അതേരീതിയിലാണ് കേരളപോലീസ് ഇവിടെ നടപ്പിലാക്കുന്നതും. അതുകൊണ്ടാണ് കോടിയേരിക്കുപോലും പോലീസിനെതിരെ പറയേണ്ടി വരുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.'-വിടി ബല്‍റാം പറഞ്ഞു. 

പൊലീസ് കടമ മറക്കുമ്പോള്‍; അന്ന് ജീതുവിനെ ചുട്ടുകൊന്നു, ഇന്ന് മോഫിയ ആത്മഹത്യ ചെയ്തു

അതേസമയം, വിഷയത്തില്‍ റിട്ട. എസ് പി ജോര്‍ജ്ജ് ജോസഫ് പ്രതികരിച്ചതും പോലീസിന്റെ വീഴ്ച്ചയാണെന്നുള്ള നിഗമനത്തിലായിരുന്നു. 'ഗുണ്ടകളുടെ ലിസ്റ്റ് തയ്യാറാക്കണമെന്ന് നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. കേരളത്തില്‍ മുവ്വായിരത്തോളം ഗുണ്ടകളുണ്ട്. അതില്‍ തന്നെ 1500-ഓളം പേര്‍ ആക്റ്റീവാണ്. പത്തുമുപ്പത് കേസിലുള്‍പ്പെട്ടവരുണ്ട് അതില്‍. മാധ്യമപ്രവര്‍ത്തകര്‍, പ്രകൃതി സംരക്ഷകര്‍, പരിസ്ഥിതി സംരക്ഷകര്‍, മണ്ണുമാഫിയക്കെതിരെ ശബ്ദിക്കുന്നവരില്‍ സ്ത്രീകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വരെ കേസുകളില്‍ പെട്ടിട്ടുണ്ട്. ഇവരൊക്കെ പല കേസുകളിലം പെട്ടിട്ടുണ്ടാവാം. എന്നാല്‍ ഇങ്ങനെ കേസില്‍ പെട്ടവരല്ല ഗുണ്ടകള്‍. അത് പോലീസ് ശ്രദ്ധിക്കേണ്ടതാണ്. പിടിച്ചുപറി, കളവ്, ക്വാറിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ സാമൂഹ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ് ഗുണ്ടകള്‍. പോലീസിന്റെ ഭാഗത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. സെക്രട്ടേറിയറ്റിനടുത്ത് എല്ലാവരും സമരം നടത്താറുണ്ട്. പലരും എട്ടുപത്തുകേസുകളില്‍ പ്രതികളാണ്. എന്നാല്‍ അവര്‍ ഗുണ്ടകളാണോ?രണ്ടുംമൂന്നും കേസുകളില്‍ പ്രതികളായവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അതെന്ത് കേസാണെന്ന് പോലീസ് നോക്കുന്നില്ല. പോലീസുകാര്‍ക്ക് തെറ്റു പറ്റുന്നതാണ്. ഇത് പൊതുജനങ്ങളെ അപമാനിക്കുകയാണ് പോലീസ്. ഡിജിപിയുടെ സദുദ്ദേശം ഇതല്ല.എന്നാല്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് പ്രശ്നം'.-അദ്ദേഹം പറഞ്ഞു. 

വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണമെന്നതാണ് ഉയര്‍ന്നുവരുന്ന ആവശ്യം. നേരത്തെ പോലീസിനെതിരെ ശക്തമായ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ പോലീസിന്റെ മനോവീര്യം കളയരുതെന്ന് ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമുഖം യൂട്യൂബ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക