വിവാദമായ സില്‍വര്‍ ലൈന്‍ സംവാദം ഇന്ന്; പദ്ധതിയെ എതിര്‍ക്കാന്‍ ഒരാള്‍, പിന്മാറിയവര്‍ക്ക് പകരക്കാരില്ല

 
k rail


കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സംഘടിപ്പിക്കുന്ന ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിലാണ് സംവാദം നടക്കുക. പദ്ധതിയെ അനുകൂലിക്കുന്ന പാനലില്‍ റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെമ്പര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരാണുള്ളത്.

അതേസയം പദ്ധതിയെ എതിര്‍ക്കുന്ന ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ എതിര്‍ക്കുന്ന പാനലില്‍ അവശേഷിക്കുന്നത് ആര്‍വിജി മേനോന്‍ മാത്രമാണ്. കണ്ണൂര്‍ ഗവ കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ടയേഡ് പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമാണ് ഇദ്ദേഹം. 

നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിമരിച്ച സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനായിരിക്കും മോഡറേറ്റര്‍. കെ-റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ചര്‍ച്ച തത്സമയമുണ്ടാകും.സര്‍ക്കാര്‍ നേരിട്ടാണ് സംവാദം സംഘടിപ്പിക്കുന്നത് എന്ന ഉറപ്പ് ലഭിക്കാത്തതിനാലാണ് അലോക് വര്‍മയും പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനും ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്. ഇവര്‍ക്ക് പകരം സംവാദത്തില്‍ പാനലിസ്റ്റുകളെ കണ്ടെത്താന്‍ കെ റെയിലിന് കഴിഞ്ഞിട്ടില്ല. ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പിലാണ് സംവാദം. ഡോക്ടര്‍ ആര്‍വിജി മേനോന്റെ ആവശ്യപ്രകാരം ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികള്‍ക്ക്ക ക്ഷണമുണ്ട്. സദസ്സിലുള്ള മറ്റുള്ളവര്‍ കെ റെയില്‍ കോര്‍പ്പറേഷന്റെ താത്പര്യമനുസരിച്ച് ക്ഷണിക്കപ്പെട്ടതാണ്.

അതേസമയം കെ റെയില്‍ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദല്‍ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വര്‍മ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആര്‍വിജി മേനോനും പങ്കെടുക്കും. പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലില്‍ നിന്നും മുന്‍ മന്ത്രി തോമസ് ഐസക്, കെപി കണ്ണന്‍, കുഞ്ചെറിയ പി ഐസക് എന്നിവരും പങ്കെടുത്തേക്കുമെന്ന് റിപോര്‍ട്ടുണ്ട്.