സില്‍വര്‍ ലൈന്‍ പദ്ധതി: 13,265 കോടിയുടെ നഷ്ടപരിഹാര പാക്കേജ്; അറിയേണ്ടതെല്ലാം

 
K Rail
പുനരധിവാസത്തിനായി 1,730 കോടി, വീടുകള്‍ക്കായി 4,460 കോടി


തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധവേഗ റെയില്‍ കോറിഡോര്‍ (സില്‍വര്‍ ലൈന്‍) പദ്ധതിക്ക് 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക വിശദീകരണ യോഗത്തിനു മുന്നോടിയായാണ്, പാക്കേജ് പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുനരധിവാസത്തിനായി 1,730 കോടി രൂപയാണ് മാറ്റിവെക്കുന്നത്. 4,460 കോടി രൂപ വീടുകള്‍ക്കായി മാറ്റിവെക്കും. വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്കും അതിദരിദ്രരായ ആളുകള്‍ക്കും കച്ചവടക്കാര്‍ക്കുമുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ തുകയെക്കുറിച്ചും പാക്കേജില്‍ വിവരിക്കുന്നു. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും. വഴിയോര കച്ചവട സ്ഥാപനങ്ങള്‍ മുതല്‍ കാലിത്തൊഴുത്തുകള്‍ നഷ്ടമാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ പാക്കേജില്‍ വിശദീകരിക്കുന്നു. 

പാക്കേജ് ഒറ്റനോട്ടത്തില്‍

വീട് നഷ്ടപ്പെടുന്നവര്‍ക്ക്
നഷ്ടപരിഹാരം + 4.6 ലക്ഷം രൂപ 
അല്ലെങ്കില്‍
നഷ്ടപരിഹാരം + 1.6 ലക്ഷം + ലൈഫ് മാതൃകയില്‍ വീട്

ഭൂരഹിതരായ അതിദരിദ്രര്‍ക്ക്
നഷ്ടപരിഹാരം + 5 സെന്റ് ഭൂമി + ലൈഫ് മാതൃകയില്‍ വീട് 
അല്ലെങ്കില്‍
നഷ്ടപരിഹാരം + 5 സെന്റ് ഭൂമി + 4 ലക്ഷം 
അല്ലെങ്കില്‍
നഷ്ടപരിഹാരം + 10 ലക്ഷം രൂപ (6 ലക്ഷം രൂപയും 4 ലക്ഷം രൂപയും)

വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം + 50,000 രൂപ

വാടകക്കെട്ടിടമാണെങ്കില്‍
2 ലക്ഷം രൂപ

വാസസ്ഥലം നഷ്ടമായ വാടകക്കാര്‍ക്ക്
30,000 രൂപ

പെട്ടിക്കടകള്‍ക്ക്
25,000 മുതല്‍ 50,000 രൂപ വരെ

സ്വയം തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക്
50,000 രൂപ

ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക്
6000 രൂപ വീതം 6 മാസം

പുറമ്പോക്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക്
ചമയങ്ങളുടെ വില + 5000 വീതം 6 മാസം

Also Read : ട്രെയിന്‍ യാത്രികരില്‍ കണ്ണുനട്ട് കെ റെയില്‍; ആദ്യ വര്‍ഷം പ്രതീക്ഷിക്കുന്നത് 2,276 കോടി 

2025ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വ്യക്തമാക്കിയത്. സഞ്ചാരം വേഗം കുറയുന്നത് നാടിന്റെ വികസന പുരോഗതിക്ക് തടസമാണ്. അനാവശ്യ എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കില്ല. പദ്ധതിക്കായി കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജ് നല്‍കും. പുനരധിവാസത്തിന് 1730 കോടി രൂപയും, വീടുകളുടെ നഷ്ടപരിഹാരത്തിനായി 4460 കോടി രൂപയും നീക്കിവെക്കും. പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന വാദവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

പദ്ധതിക്ക് 63,941 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 56,881 കോടി അഞ്ച് വര്‍ഷം കൊണ്ടാണ് ചെലവാക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ സ്വീകരിക്കും. കൂടാതെ, കേന്ദ്ര, സംസ്ഥാന വിഹിതവും ഉണ്ടാകും. 2018ലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഒരേസമയം, 5 പാക്കേജുകളിലായി നിര്‍മ്മാണം നടത്തി 2025ഓടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാദിവസവും 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ട്. 

Also Read: എന്താണ് കെ-റെയില്‍ പദ്ധതി? അറിയേണ്ടതെല്ലാം

കാലം മുന്നോട്ടുപോവുകയാണ്. കാലത്തിനനുസരിച്ച് മുന്നോട്ടു പോയില്ലെങ്കില്‍ നാം പിറകോട്ടു പോകും. നമ്മുടെ നാടിന്റെ പശ്ചാത്തലം നല്ലതുപോലെ വികസിക്കണം. സഞ്ചാരം വേഗം കുറയുന്നത് നാടിന്റെ വികസന പുരോഗതിക്ക് തടസമാണ്. അനാവശ്യ എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കില്ല. അധികാരത്തിലെത്തുമ്പോള്‍ ഇവിടെ ഒന്നും നടക്കില്ല എന്ന ശാപവാക്കുകളാണ് കേട്ടത്. പക്ഷേ, പദ്ധതികളുടെ പേരില്‍ ജനങ്ങളെ ഉപദ്രവിക്കലല്ല സര്‍ക്കാരിന്റെ നയം. കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് പശ്ചാത്തല സൗകര്യവും വികസിപ്പിക്കണം. ഏറ്റവും കുറഞ്ഞ തോതില്‍ ആഘാതം ഉണ്ടാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെ റെയില്‍ പരിസ്ഥിതി ലോല പ്രദേശത്ത് കൂടി കടന്നു പോകുന്നില്ല. സംസ്ഥാനത്ത് ഒട്ടേറെ വന്യമൃഗ സങ്കേതമുണ്ട്. എന്നാല്‍ ഇതില്‍ ഏതെങ്കിലും സങ്കേതത്തില്‍ കൂടി പാത കടന്നു പോകുന്നില്ല. നദികളുടേയും മറ്റു ജല സ്രോതസുകളുടേയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നില്ല. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. ഇവിടങ്ങളില്‍ 88 കിലോ മീറ്റര്‍ തൂണുകളില്‍ കൂടിയാണ് പാത കടന്നു പോവുക.

Also Read : കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടോ? എന്താണ് തത്വത്തിലുള്ള അനുമതി? 

സില്‍വര്‍ലൈന്‍ പാത വന്നാല്‍ പരിസ്ഥിതിക്കു ദോഷം വരുമെന്ന് ചിലര്‍ നേരത്തേ പ്രഖ്യാപിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 2,80,000 ടണ്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് വാഹന ഗതാഗതത്തിനായി റോറോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അതോടെ, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കുറവുണ്ടാകും. 500 കോടിയോളം രൂപയുടെ ഫോസില്‍ ഇന്ധനങ്ങളുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. അതൊരു വലിയ നേട്ടമാണ്. സില്‍വര്‍ ലൈന്‍ പാത, പ്രളയത്തിന് കാരണമായേക്കുമെന്ന പ്രചാരണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന എംബാങ്ക്‌മെന്റ് പ്രളയം സൃഷ്ടിക്കും എന്നാണ് പ്രചാരണം. എന്നാല്‍ നിലവിലുള്ള എല്ലാ റെയില്‍വെ ലൈനുകളും എംബാങ്ക്‌മെന്റിലാണ് പണിതിട്ടുള്ളത്. സംസ്ഥാനത്ത്. കഴിഞ്ഞ നൂറ്റാണ്ടിനിടെയുണ്ടായ പ്രളയങ്ങള്‍, വേലിയേറ്റം വേലിയിറക്കം എന്നിവ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.