'ഈ വിധി അവരെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടാകും; ഇനിയാരെങ്കിലും ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുമോ?'

 
Nun

ഉള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ സ്വഭാവികമായും ഇനി കൂടിക്കൊണ്ടിരിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ഒറ്റവാചകത്തിലാണ് വിധി പറഞ്ഞത്. അത്തരമൊരു വിധിയുടെ കാര്യകാരണങ്ങള്‍ അറിയാന്‍ വിധിപകര്‍പ്പ് കാത്തിരിക്കേണ്ട സ്ഥിതിയാണ്. പരാതിക്കാരിക്കുവേണ്ടി നീതി തേടി തെരുവിലിറങ്ങിയ കന്യാസ്ത്രീകളും അവരെ പിന്തുണച്ച സമൂഹവും പ്രതീക്ഷിക്കാത്ത വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. പ്രോസിക്യൂഷനും അത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പിന്നീടുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കു മാത്രമല്ല, കോടതിയില്‍നിന്നെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന സ്ത്രീകള്‍ക്കു വരെ പ്രയാസമുണ്ടാക്കുന്നതാണ് ഇത്തരം വിധികള്‍. മേല്‍ക്കോടതികളെ ആശ്രയിക്കാമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴും, വിചാരണ കോടതി വിധി പരാതിക്കാരിയെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടാകും എന്നതാണ് ഏറെ സങ്കടകരമായ വസ്തുതയെന്ന് സിസ്റ്റര്‍ ജെസ്മി 'അഴിമുഖ'ത്തോട് പറഞ്ഞു. ഇനിയാരെങ്കിലും ഇത്തരത്തില്‍ പറയാന്‍ ധൈര്യപ്പെടുമോ? എന്നതാണ് ചിന്തിക്കേണ്ടതെന്നും സിസ്റ്റര്‍ ജെസ്മി പറയുന്നു. 

Also Read : കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

'ഏറെ സങ്കടകരമാണ് വിചാരണ കോടതി വിധി. വലിയ നിരാശയാണ് തോന്നുന്നത്. പക്ഷേ, പ്രതീക്ഷയുണ്ട്. മേല്‍ക്കോടതികള്‍ ഉണ്ട് എന്നതാണ് ആശ്വാസം', ഇതായിരുന്നു സിസ്റ്റര്‍ ജെസ്മിയുടെ ആദ്യ പ്രതികരണം. വല്ലാതെ ഞെട്ടിപ്പിക്കുന്നതായിരുന്നു വിധി. കേസില്‍, ഒരു കക്ഷിയും കൂറു മാറിയില്ല. ബയോളജിക്കല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വളരെ വലിയ ആക്രമണം, റേപ്പ് തന്നെയാണ് നേരിട്ടതെന്ന് വളരെ വിശദമായി വ്യക്തമാക്കുന്ന മൊഴികള്‍ ഉള്‍പ്പെട്ടതായിരുന്നു എഫ്‌ഐആര്‍. ശിക്ഷ കൂടുകയോ ഇളവ് ഉണ്ടാവുകയോ ചെയ്യാം. അതായിരിക്കും സംഭവിക്കുകയെന്നാണ് കരുതിയത്. ഇളിഭ്യരാകുമോ എന്ന് ചിന്തിച്ചെങ്കിലും, ഈയൊരു കാലഘട്ടത്തില്‍ അങ്ങനെ സംഭവിക്കുമോയെന്ന് തിരിച്ചു ചിന്തിച്ചു. എന്നാല്‍, ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടുമെന്ന് ചിന്തിച്ചതുപോലുമില്ലെന്ന് സിസ്റ്റര്‍ ജെസ്മി പറയുന്നു. 

കോടതി വിധിയില്‍ നമ്മള്‍ ഇത്രയും വേദനിക്കുന്നുണ്ടെങ്കില്‍, നീതി പ്രതീക്ഷിച്ച കന്യാസ്ത്രീയുടെ സ്ഥിതി എന്താകുമെന്നാണ് ആദ്യം ചിന്തിക്കേണ്ടത്. ഇനി ആര് ഇതുപോലെ ശബ്ദിക്കും എന്നതാണ് രണ്ടാമത്തെ കാര്യം. ഇനിയാരെങ്കിലും ഇത്തരം കാര്യങ്ങള്‍ പറയാന്‍ ധൈര്യപ്പെടുമോ? ഇത്രയും കൊല്ലം അവിടെ കഷ്ടപ്പെട്ട്, സഭയ്ക്കകത്തെല്ലാം അറിയിച്ചിട്ട് അവസാനമാണ് അവര്‍ കാര്യങ്ങള്‍ പുറത്തേക്ക് പറഞ്ഞത്. ഭാഗ്യത്തിന് പുറത്തും അവര്‍ക്ക് പിന്തുണ ലഭിച്ചു. എനിക്കൊക്കെ അകത്തുനിന്ന് കന്യാസ്ത്രീകളുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പുറത്തേക്കെത്തി എന്തെങ്കിലും പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. ഇവിടെ അവര്‍ക്ക് അത്തരം പിന്തുണ ലഭിച്ചു. അവര്‍ക്ക് ഉള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ സ്വഭാവികമായും ഇനി കൂടിക്കൊണ്ടിരിക്കും. കന്യാസ്ത്രീകളുടേത് കള്ളക്കള്ളിയാണെന്ന ആരോപണങ്ങള്‍ ശരിയാകുന്നതുപോലെയായി കാര്യങ്ങള്‍. 

Also Read : കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ

സ്ത്രീകളുടെ ഭാഗത്തുനിന്ന് സത്യത്തിനും നീതിക്കുംവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ വളരെ വിരളമായെ ഉണ്ടാവാറുള്ളൂ. അതുപോലും അടിച്ചമര്‍ത്തപ്പെടുന്ന ഗതികേട് ആലോചിക്കുമ്പോഴാണ് ഏറെ സങ്കടകരം. കന്യാസ്ത്രീകള്‍ക്കു മാത്രമല്ല, സ്ത്രീകള്‍ക്കു വരെ പ്രയാസമുണ്ടാക്കുന്നതാണ് ഇത്തരം വിധികള്‍. കോടതി വിധിപോലും ഒറ്റ വാചകത്തിലായിരുന്നു. അതിനെക്കുറിച്ചൊരു ജസ്റ്റിഫിക്കേഷന്‍ പോലും കോടതിയില്‍ അതിനോടൊപ്പം പറഞ്ഞതുമില്ല. 

sister jesme protest

ഭയങ്കര ഇന്‍ഫ്‌ളുവന്‍സ് ഉള്ള ഫിഗറാണ് ബിഷപ്പ് ഫ്രാങ്കോ. ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെ കീശയിലാക്കി. ഒരുപാട് വിഐപികളെ വലംകൈയാക്കി മാറ്റിയെടുത്തു. അന്ന് പണത്തിനാണ് കുറവുണ്ടായിരുന്നത്. ജലന്ധറില്‍ പോയി അതും കൈക്കലാക്കി. കോടിക്കണക്കിന് പണം സമ്പാദിച്ചു. അത്തരത്തില്‍ നല്ല സ്വാധീനമുണ്ട് അദ്ദേഹത്തിന്. ഈ നിലയ്ക്ക് പോകുകയാണെങ്കില്‍, മാര്‍പാപ്പ ബ്രഹ്‌മചര്യ വ്രതം കൂടി എടുത്തുകളയട്ടെ. ഫ്രാങ്കോയെ പോലുള്ളവര്‍ക്ക് എന്തു ചെയ്യാം, രക്ഷപ്പെടുകയുമാകാം എന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് അത്തരം പ്രഹസനങ്ങള്‍. നല്ല അച്ചന്മാരും കന്യാസ്ത്രീകളും വ്രതം ഉണ്ടെങ്കിലും ഇല്ലെങ്കിലും നന്നായി തന്നെ ആത്മീയ ജീവിതം നയിച്ചോളും. 

Also Read : സാക്ഷികള്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞതായി പ്രതിഭാഗം അഭിഭാഷകന്‍; അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍  

വിചാര കോടതിയില്‍ തന്നെ പ്രതീക്ഷ വെച്ചിരുന്നു. അത് ലഭിച്ചില്ല. കേസില്‍ നിന്നൊഴിവാക്കണമെന്ന ഫ്രാങ്കോയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. അതൊക്കെയാണ് ഇനിയുള്ള പ്രതീക്ഷ. ഇത്തരത്തില്‍ പ്രതീക്ഷയുടെയും വെളിച്ചത്തിന്റെയും തിരി കൊളുത്തി കാത്തിരിക്കുകയാണ് ഞാന്‍. നിരവധിപ്പേര്‍ അങ്ങനെ കാത്തിരിക്കുന്നവരുണ്ട്. അത് അണഞ്ഞുപോകില്ല. അത് വെളിച്ചം പകരുമെന്നും സിസ്റ്റര്‍ ജെസ്മി പറയുന്നു.