ശ്രീനിവാസന്റെ കൊലപാതകം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്; അന്വഷിക്കാന്‍ പ്രത്യേക സംഘം

ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലയാളി സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലീസ്. കൊലയാളികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കിട്ടി. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊലപാതകം അന്വഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടോടെ തന്നെ പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പാലക്കാട് നഗരത്തിലും തൊട്ടടുത്തുള്ള പിരായിരി പഞ്ചായത്തിലും ഉള്ളവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. കൊലയാളി സംഘം എത്തിയ മൂന്ന് വാഹനങ്ങളില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതുവഴിയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എഡിജിപി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി.
കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നിലവില്‍ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. അതേസമയം, ഇവര്‍ തന്നെയാണ് പ്രതികള്‍ എന്ന സൂചനകളൊന്നുമില്ല. പാലക്കാട് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഉന്നത പൊലീസ് സംഘം പാലക്കാട് ക്യാമ്പ് ചെയ്യുന്നുണ്ട്. അധികസേനയെയും വിന്യസിച്ചിട്ടുണ്ട്.
ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാവിലെ പതിനൊന്നോടെ വിലാപ യാത്രയായി കണ്ണകി നഗര്‍ സ്കൂളിലെത്തിക്കും. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് കറുകോടി ശ്മശാനത്തില്‍ സംസ്കരിക്കും. വിലാപയാത്രയ്ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം.