നേരറിയാന്‍ പ്രത്യേക അന്വേഷണ സംഘം; ദുരൂഹതകളില്‍ നിറഞ്ഞ് നമ്പര്‍ 18 ഹോട്ടല്‍

എസ് പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിനാണ് കേസ് അന്വേഷണം കൈമാറിയിരിക്കുന്നത്
 
hotel number 18

ആരോപണങ്ങളും വിവാദങ്ങളും ശക്തമായ വൈറ്റില അപകട കേസ് ഇനി ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. മോഡലുകളും മുന്‍ മിസ് കേരളയും റണ്ണറപ്പുമായ അന്‍സി കബീര്‍, അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കാര്‍ അപകടത്തിന് പിന്നില്‍ ദിനം പ്രതി ദുരൂഹതകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ് പി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന് കേസ് അന്വേഷണം കൈമാറിയത്. വൈറ്റില അപകടത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തു വന്നിരുന്നു. 

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലാണ് ദുരൂഹതകളുടെ കേന്ദ്രസ്ഥാനം. ഇവിടെ നടന്ന എന്തോ അനിഷ്ടസംഭവങ്ങളുടെ തുടര്‍ച്ചയാണ് ദേശീയപാതയില്‍ വൈറ്റിലയ്ക്ക് സമീപം മൂന്നുപേരുടെ മരണത്തില്‍ കലാശിച്ച കാര്‍ അപകടം. മരിച്ചവര്‍ പ്രസ്തുത ഹോട്ടലില്‍ നിന്നു മടങ്ങിയവരാണ്. ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാറ്റിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവ് നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് റോയിയെ അറസ്റ്റ് ചെയ്തത്. അതേസമയം, അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു തങ്കന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. റോയിയുടെ നിര്‍ദേശപ്രകാരം സൈജു മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നിരുന്നു. മോഡലുകളും സുഹൃത്തും കാര്‍ ഡ്രൈവറും മദ്യപിച്ചിരുന്നുവെന്നും, മദ്യലഹരിയില്‍ യാത്ര വേണ്ടെന്നു പറഞ്ഞിട്ടും അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് അവരുടെ സുരക്ഷയെ കരുതിയാണ് പിന്നാലെ പോയതെന്ന സൈജുവിന്റെ വാദം പൊലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. റോയിയുടെ അറസ്റ്റ് നടന്ന സാഹചര്യത്തില്‍ തന്നെയും കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന ആശങ്കയായിരിക്കാം സൈജുവിനെ മുന്‍കൂര്‍ ജാമ്യം തേടാന്‍ പ്രേരിപ്പിച്ചിരിക്കുക.

മോഡലുകള്‍ കൂടി പങ്കെടുത്ത, ഹോട്ടലില്‍ നടന്ന ഡി ജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതാണ് പല ഊഹാപോഹങ്ങള്‍ക്കും കാരണം. പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിനു പുറത്തെയും സിസിടിവി ദൃശ്യങ്ങള്‍ മാത്രം ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍ നിന്നും മനപൂര്‍വം നീക്കം ചെയ്തിരുന്നു. ഇതിനു പിന്നില്‍ ഹോട്ടല്‍ ഉടമ റോയി ആയിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരുടെ വായില്‍ നിന്നും തന്നെ പൊലീസിന് വിവരം കിട്ടി. തുടര്‍ന്ന് റോയിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. മാത്രമല്ല, പൊലീസിന് മുന്നില്‍ ചെല്ലാതെ റോയി ദിവസങ്ങളോളം മുങ്ങി നടന്നു. ഹോട്ടല്‍ ഉടമയെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആരോപണങ്ങള്‍ ശക്തമായതോടെ  റോയിയോട് ഡിവിആറുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് പി ഓഫിസില്‍ നിന്നും നിര്‍ദേശം വന്നു. നിര്‍ദേശപ്രകാരം ഒരു ഡിവിആറുമായി റോയി ചോദ്യം ചെയ്യലിന് എത്തി. എസ് പി ഓഫിസില്‍ പതിനൊന്നു മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും സംശയങ്ങള്‍ ദുരീകരിക്കുന്ന മറുപടിയൊന്നും പൊലീസിന് കിട്ടിയില്ല. മാത്രമല്ല, റോയി കൊണ്ടുവന്ന ഡിവിആറിലും നഷ്ടപ്പെട്ട ആ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് തെളിവ് നശിപ്പിച്ചു എന്ന കുറ്റം ചുമത്തി റോയിയെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഹോട്ടല്‍ ജീവനക്കാര്‍ തന്നെ നല്‍കിയ മൊഴിയില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ റോയിയുടെ വീടിന് സമീപത്തെ കായലില്‍ ഉപേക്ഷിച്ചുവെന്ന വിവരം പൊലീസിന് കിട്ടുന്നത്. പിന്നീട് പരിശോധന കായലിലായി. പക്ഷേ, ഫലമൊന്നും ഉണ്ടായില്ല. അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന ദൃശ്യങ്ങള്‍ ബോധപൂര്‍വം നശിപ്പിച്ചിരിക്കുന്നുവെന്ന് വ്യക്തമായെങ്കിലും, എന്തിനുവേണ്ടി ആര്‍ക്കു വേണ്ടി എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത സംരക്ഷിക്കാനാണ് ദൃശ്യങ്ങള്‍ മാറ്റിയതെന്ന് റോയി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ആരോയോ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണതെന്നാണ് പൊലീസ് സംശയിക്കുന്നത്. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം അന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കണ്ടെത്തി അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കവും പൊലീസ് നടത്തിയിരുന്നു. ഇതിന്‍പ്രകാരം ഒക്ടോബര്‍ 31 ന് രാത്രിയില്‍ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ആറുപേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഹോട്ടലിന്റെ രജിസ്റ്ററില്‍ നിന്നാണ് ഇവരുടെ പേരുവിവരങ്ങള്‍ കണ്ടെത്തിയത്. അതേസമയം രജിസ്റ്റര്‍ ചെയ്യാത്ത ചിലരും അന്നേ ദിവസം ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നും പറയുന്നു. ഇവരില്‍ ചില വി ഐ പി കളും ഉണ്ടായിരുന്നുവെന്നും അവരുമായി മോഡലുകളും സുഹൃത്തുക്കളും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നോ എന്ന ആരോപണങ്ങള്‍ക്കും പൊലീസ് ഉത്തരം കണ്ടത്തേണ്ടതുണ്ട്.