നിരന്തരമായി ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോഴും 'സ്ത്രീപക്ഷ കേരളം' നിശബ്ദമാണ്
 

ശബരിമല ദര്‍ശനത്തിനുശേഷം ബിന്ദു അമ്മിണി സമാനതകളില്ലാത്ത ആക്രമണമാണ് നേരിടേണ്ടി വരുന്നത്‌
 
bindu ammini

2018-ലാണ് ഭരണഘടനയുടെ അടിസ്ഥാനതത്വം ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ പരമോന്നത കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചത്. 10 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ശബരിമല ദര്‍ശനം തടയുന്ന ചട്ടം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദ് ചെയ്യുകയായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ലെന്നും സ്ത്രീകളെ ദൈവമായി കണ്ട് ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണെന്നും, ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്ററ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടന ബെഞ്ചിലെ നാലുപേര്‍ വ്യക്തമാക്കി. 

സുപ്രീം കോടതി വിധി വന്ന് 97 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനക ദുര്‍ഗ്ഗയും, തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറും ആക്ടിവിസ്റ്റുമായ പത്തനംതിട്ട സ്വദേശി ബിന്ദു അമ്മിണിയും ഡിസംബര്‍ 24 ന് ശബരിമല പ്രവേശനത്തിനായി എത്തുന്നത്. മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് രണ്ടുപേരെയും പോലീസ് തിരിച്ചയച്ചു. ഇവരെക്കൂടാതെ രഹന ഫാത്തിമ, ലിബി തങ്കം കല്യാണി തുടങ്ങി ചിലരും ശബരിമലയില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവില്‍ 2019 ജനുവരി രണ്ടിന് പുലര്‍ച്ചെ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തി. ഇതോടെ ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ കേരളത്തില്‍ വലിയതോതില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുവായി ബിന്ദു  മാറി. 

'കേരളം വിടുകയാണ്, ഇവിടെയെനിക്ക് നീതി കിട്ടില്ല': ബിന്ദു അമ്മിണി

ശബരിമല സന്ദര്‍ശനത്തിനുശേഷം സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം ബിന്ദു അമ്മിണിക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കി. എന്നാല്‍ വനിത പോലീസിന്റെ ഇടപെടല്‍ ബുദ്ധിമുട്ടിലാക്കിയതിനാല്‍ സുരക്ഷ വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം നല്‍കിയ സുരക്ഷ അതോടെ പിന്‍വലിച്ചു. അതിനുശേഷമാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെടാന്‍ തുടങ്ങിയത്. ഒന്നല്ല, പലതവണയായി. ഏറ്റവും ഒടുവിലത്തെതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വച്ചുണ്ടായ മര്‍ദ്ദനം. തുടര്‍ച്ചയായി താന്‍ ആക്രമിക്കപ്പെട്ടിട്ടും സര്‍ക്കാരോ പൊലീസോ തനിക്ക് സംരക്ഷണം നല്‍കുന്നില്ലെന്നാണ് ബിന്ദുവിന്റെ പരാതി. ഇവിടെ നിന്നാല്‍ ഇനിയും ആക്രമിക്കപ്പെടുമെന്ന ഭീതിയും നീതി കിട്ടുന്നില്ലെന്ന വേദനയും അവരിലുണ്ട്. അതുകൊണ്ടാകാം കേരളം വിട്ട് പോവുകയാണെന്ന് ആ സ്ത്രീക്ക് പറയേണ്ടി വന്നത്.

അങ്ങനെയൊരു പരാജിതയാക്കി ബിന്ദു അമ്മിണിയെ കേരളം കൈയൊഴിയുന്നത് ശരിയല്ലെന്നാണ് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എ പറയുന്നത്. 'ഒരു സ്ത്രീ നിരന്തരമായി ആക്രമിക്കപ്പെട്ടിട്ടും പോലീസ് ഗൗരവം മനസിലാക്കി ആക്ഷന്‍ എടുക്കാത്തത് പ്രശ്നമാണ്. അവര്‍ ഒരു നിലപാടെടുത്തു. അതവരുടെ സ്വാതന്ത്ര്യമാണ്. അതിനെ ആശയപരമായി നേരിടാം. കായികമായി നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഒരു സ്ത്രീക്ക് കേരളം വിടേണ്ടി വരുന്നത് കേരളത്തിന്റെ ദുരവസ്ഥയാണ് കാണിക്കുന്നത്. ഒരു സ്ത്രീയെ ഇങ്ങനെ ആക്രമിക്കുന്നത് പ്രശ്നമാണ്. എത്ര തവണ അവരെ കായികമായി ആക്രമിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അവരൊരു നിലപാടെടുത്തു. ചിലപ്പോള്‍ അത് ശരിയായിക്കാം, തെറ്റായിരിക്കാം. സമൂഹത്തിന് അതിനെ വിമര്‍ശിക്കാം. ആളുകള്‍ക്കും വിമര്‍ശിക്കാം. അല്ലാതെ അവരെ കായികമായി നേരിടുകയും ആക്രമിച്ച് ഇല്ലാതാക്കുകയും ചെയ്യുക എന്നത് എങ്ങനെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നടക്കുക!പുരോഗമനപരമായ കേരളത്തില്‍ ഉണ്ടാവുക! അവര്‍ കേരളം വിടുകയാണെന്ന് പറയുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണത്. ഈ സര്‍ക്കാരിന്റെയും ആഭ്യന്തരത്തിന്റേയും കൊള്ളരുതായ്മയാണത്. പോലീസിപ്പോഴും ചെയ്തയാളുകള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലല്ലോ. ഇപ്പോഴും പോലീസ് മൊഴിയെടുത്തിട്ടില്ല. അവരെ പിടിച്ച് വണ്ടിയില്‍ കേറാന്‍ പറയുകയും പ്രതിയോട് ആശുപത്രിയില്‍ പോകാനും പറയുക. എന്ത് തരം നീതിയാണിത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതാണ്. ഇതിനെ അംഗീകരിക്കാന്‍ ഒരിയ്ക്കലും കഴിയില്ല. പോലീസിനെതിരെ മാര്‍ച്ചുള്‍പ്പെടെയുള്ള പ്രതിഷേധം വേണോ എന്നുള്ള കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അത് ചര്‍ച്ച ചെയ്യും'. 

ശബരിമല ദര്‍ശനത്തിനുശേഷം ബിന്ദു അമ്മിണി സമാനതകളില്ലാത്ത ആക്രമണമാണ് നേരിടേണ്ടി വരുന്നത്‌. കനകദുര്‍ഗ്ഗക്കും ബിന്ദുഅമ്മിണിക്കും പിന്തുണയര്‍പ്പിച്ച് കോഴിക്കോടും എറണാകുളത്തും സംഘടിപ്പിച്ച പരിപാടിക്കുനേരെ സംഘ്പരിവാര്‍ ശക്തികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന്റെ മുറ്റത്തുവെച്ചുള്ളതായിരുന്നു ആദ്യത്തെ കായിക ആക്രമണം. ഓഫീസിനു മുന്നില്‍ വെച്ച് ബിന്ദുഅമ്മിണിക്കുനേരെ ശ്രീനാഥ് എന്ന സംഘപരിവാറുകാരന്‍ മുളകുപൊടി സ്പ്രേയും കുരുമുളക് സ്പ്രേയും പ്രയോഗിക്കുകയായിരുന്നു. 2019-ലായിരുന്നു സംഭവം. എന്നാല്‍ കസ്റ്റഡിലെടുത്ത യുവാവിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. വീഡിയോ ദൃശ്യങ്ങളില്‍ ബിന്ദു അമ്മിണി വീഴുന്നതും അവരെ ബലപ്രയോഗത്തിലൂടെ കുരുമുളക് സ്പ്രേ പ്രയോഗിക്കുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും പോലീസിന്റെ സമീപനം സംഘപരിവാറുകാരനെ രക്ഷിക്കുന്നതായിരുന്നു. 

കഴിഞ്ഞ വര്‍ഷം സെപ്തംബിറിലായിരുന്നു കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സിലെ ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ബിന്ദു അമ്മിണിക്ക് നേരിടേണ്ടി വന്നത്. 2021 സെപ്തംബര്‍ 21ന് ഈ വിഷയത്തില്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രി എട്ടു മണിയോടെ കോഴിക്കോട് പൊയില്‍ക്കാവ് നിന്നും ബസില്‍ കയറിയ തന്നെ ഡ്രൈവര്‍ ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചെന്നും അശ്ശീല ചുവയോടെ സംസാരിച്ചെന്നും തനിക്ക് ഇറങ്ങേണ്ടിയിരുന്ന വെസ്റ്റ്ഹില്‍ ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്നുമാണ് ബിന്ദുവിന്റെ പരാതി. ആ ബസിലെ ഡ്രൈവറുടെ കൈയില്‍ രാഖിയുണ്ട്. കണ്ടക്ടറുടെ നെറ്റിയില്‍ കുറിയും ഉണ്ടായിരുന്നു. അവര്‍ സംഘപരിവാര്‍ അനുഭാവമുള്ള ആളുകളാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു, അത്തരക്കാരായ ബസ് ജീവനക്കാരില്‍ നിന്നും മുന്‍പും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഒരു ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ബിന്ദു പറയുന്നത്. യാത്രകള്‍ക്കിടയില്‍ ഇത്തരം അനീതികള്‍ നേരിടേണ്ടി വന്നപ്പോഴൊന്നും സഹയാത്രക്കാരായ ആളുകള്‍ പിന്തുണച്ചില്ലെന്നും താന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ സ്ത്രീകള്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നു പറഞ്ഞു തിരുത്താനാണ് നോക്കിയതെന്നും അവര്‍ പറയുന്നു.

2021 ഡിസംബര്‍ 19ന് വീണ്ടും ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടു. കൊയിലാണ്ടി പൊയില്‍കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് മടങ്ങവെ രാത്രി ഒമ്പരയോടെ ഒരു ഓട്ടോ ബിന്ദു അമ്മിണിയെ ഇടിച്ചിടുകയായിരുന്നു. അതൊരു സാധാരണ അപകടമല്ലെന്നാണ് ബിന്ദു പറയുന്നത്. സംഘപരിവാറുകാര്‍ തന്നെ കൊല്ലാന്‍ നടത്തിയശ്രമാണെന്നായിരുന്നു അവരുടെ പരാതി. പരിക്കേറ്റ ബിന്ദു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബിന്ദുവിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഈ സംഭവം നടന്ന് മൂന്നാഴ്ച്ച പിന്നീടുമ്പോഴാണ് കോഴിക്കോട് വച്ച് വീണ്ടുമവര്‍ ആക്രമിക്കപ്പെടുന്നത്. കോഴിക്കോട് ബീച്ചില്‍ വച്ചാണ് ഒരു യുവാവ് അവരെ മര്‍ദ്ദിച്ചത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സാരമായ മര്‍ദ്ദനം ബിന്ദുവിന് ഏറ്റിട്ടുണ്ടെന്ന് വ്യക്തമാണ്.

മറ്റൊരു സുവര്‍ണാവസരം കൂടി മുതലെടുക്കുന്ന വത്സന്‍ തില്ലങ്കേരി

വീണ്ടുമൊരിക്കല്‍ കൂടി താന്‍ ആക്രമിക്കപ്പെട്ടപ്പോഴും പൊലീസിന്റെ ഭാഗത്ത് നിന്നും അര്‍ഹമായ നീതി ലഭിക്കാത്തതാണ് ബിന്ദു അമ്മിണിയെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നത്. തുടര്‍ച്ചയായി താന്‍ സംഘപരിവാറുകാരാല്‍ ആക്രമിക്കപ്പെടുമ്പോഴും സര്‍ക്കാരോ പൊലീസോ തനിക്ക് സംരക്ഷണം തരുന്നില്ലെന്ന പരാതി ബിന്ദു അഴിമുഖത്തോട് പങ്കുവച്ചിരുന്നു.'കേരളം വിടുകയാണ് ഞാന്‍. എങ്ങോട്ട് പോകുമെന്ന് തീരുമാനിച്ചിട്ടില്ല. ഇവിടെ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാലാണ് കേരളത്തിന് പുറത്ത് എവിടെയെങ്കിലും സുരക്ഷിതമായി കഴിയാന്‍ പറ്റുന്നയിടത്തേക്ക് മാറാന്‍ ആലോചിക്കുന്നത്. നിലവില്‍ കോഴിക്കോട്ടെ ആക്രമണത്തിന് ശേഷം പോലീസ് മൊഴിയെടുക്കാന്‍ പോലും വിളിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയും ഇതുവരെ ലഭിച്ചിട്ടില്ല'; ബിന്ദു നിരാശയോടെ പറയുന്നു. കേരളത്തില്‍ തന്റെ ജീവന്‍ സുരക്ഷിതമല്ലെന്ന് മനസിലാക്കി നാടുവിടുകയാണെന്ന് ഒരു സ്ത്രീ പറയുകയാണ്!

സമൂഹത്തില്‍ നിന്നു കിട്ടുന്ന പിന്തുണയാണ് ഇപ്പോള്‍ ബിന്ദു അമ്മിണിയുടെ ധൈര്യം. മുന്‍ സംഭവങ്ങളില്‍ ഉണ്ടാകാതിരുന്ന പിന്തുണ, കോഴിക്കോടുണ്ടായ ആക്രമണത്തിനുശേഷം കിട്ടുന്നുണ്ടെന്നാണ് ബിന്ദു പറയുന്നത്. തനിക്കു വേണ്ടി സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതിഷേങ്ങളില്‍ അവര്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍, നിയമപാലകരില്‍ നിന്നും കിട്ടാതെ പോകുന്ന പിന്തുണയാണ് ബിന്ദുവിനെ നിരാശയാക്കുന്നത്. പൊലീസ് പ്രതിയോട് ആശുപത്രിയില്‍ പോയി ഹാജരാവാനും തന്നെ നിര്‍ബന്ധിച്ച് ജീപ്പില്‍ കയറ്റാനുമാണ് ശ്രമിച്ചതെന്നുമാണ് ബിന്ദു പറയുന്നത്. കേരള പോലീസില്‍ നിന്നും യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിന്ദുവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും യുവജനസംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. വനിത കമ്മീഷനും കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ബിന്ദുവിനെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസിനെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.