മൊബൈല്‍ റേഞ്ച് കിട്ടാന്‍ മരത്തിനുമുകളില്‍ കയറിയ വിദ്യാര്‍ഥി വീണു; ഗുരുതര പരിക്ക്

 
Ananthu Kannur

പഠനാവശ്യത്തിനായി മൊബൈല്‍ റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറിയ വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരിക്ക്. കണ്ണൂര്‍ പന്നിയോട്ടെ അനന്തു ബാബു (16)വിനാണ് പരിക്കേറ്റത്. പ്ലസ്വണ്‍ അപേക്ഷ സംബന്ധിച്ച കാര്യങ്ങള്‍ നെറ്റില്‍ തിരയുന്നതിനായാണ് അനന്തു മരത്തിനു മുകളില്‍ കയറിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിയെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നട്ടെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം, അപകടം നടന്നിട്ട് ജനപ്രതിനിധികളോ പൊലീസോ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. 

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ പെട്ട കണ്ണവം വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പന്നിയോട് കുറിച്യ ആദിവാസി കോളനിയിലെ പത്താം ക്ലാസ് പാസായ അനന്തു മൊബൈല്‍ റേഞ്ചിനായാണ് മരത്തില്‍ കയറിയത്. എന്നാല്‍, ഇരൂള്‍ മരത്തിന്റെ പത്ത് മീറ്റര്‍ ഉയരത്തില്‍ നിന്നും കാല്‍ തെന്നി താഴേ പാറക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നു. കൂത്തുപറമ്പും കണ്ണൂരുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും സൗകര്യങ്ങളില്ലെന്ന് അറിയിച്ചതോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 

നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന പന്നിയോട് കോളനിയില്‍ മെബൈലിന് റേഞ്ചില്ല. എഴുപതിലധികം കുട്ടികളുടെ പഠനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. മരത്തില്‍ കയറിയിരുന്നും ഉള്‍വനത്തില്‍ ഏറുമാടം കെട്ടിയൊക്കെയാണ് കഴിഞ്ഞ വര്‍ഷം കുട്ടികള്‍ പഠിച്ചത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കാനായി പ്രദേശത്തെ ജനപ്രതിനിധികളെയും ജില്ലാകളക്ടറെയും സമീപിച്ചെങ്കിലും പരിഹാരമായില്ല. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നതായും കോളനിവാസികള്‍ പറയുന്നു.