എഐസിസി അംഗത്വവും രാജിവെച്ച് വി.എം സുധീരന്‍; കടുത്ത പ്രതിസന്ധിയിലായി കോണ്‍ഗ്രസ് നേതൃത്വം 

 
vm

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജി വെച്ചതിന് പിന്നാലെ വി.എം സുധീരന്‍ എഐസിസി അംഗത്വവും രാജിവെച്ചത് കോണ്‍ഗ്രസിനെ 
കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തില്‍ ദുഃഖമുണ്ടെന്നും രാജി കത്തില്‍ പറയുന്നു. 

കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയുള്ള സുധീരന്റെ രാജിയില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കയാണ് കോണ്‍ഗ്രസ്. രാജി പിന്‍വലിക്കണമെന്ന കെപിസിസി ആവശ്യം സുധീരന്‍ അംഗീകരിച്ചില്ല. സുധീരന്റെ വീട്ടിലെത്തിയുള്ള സതീശന്റെ അനുനയചര്‍ച്ചയും വിജയിച്ചില്ല. പുനസംഘടനയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന സുധീരന്റെ പരാതി അംഗീകരിച്ച് സതീശന്‍ ക്ഷമാപണം നടത്തിയിട്ടും രക്ഷയില്ല. ഇതിന് പിന്നാലെയാണ് സുധീരന്‍ എഐസിസി അംഗത്വുവും രാജി വച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കി. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെല്‍ ഉണ്ടാകുന്നില്ല. ഇതില്‍ വലിയ ദു:ഖമുണ്ട്. പുതിയ നേതൃത്വത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു. പല നേതാക്കളെയും നേതൃത്വം മുഖവിലക്കെടുക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. അതിനിടെ അനുനയ നീക്കം വേഗത്തിലാക്കി ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ അടക്കം സുധീരന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.