ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും; ഭയപ്പെട്ടപോലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായില്ല

 
pinarayi


സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്നും വിശദമായ ചര്‍ച്ച ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. 

കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സിനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യവിദഗ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. 

കോവിഡിനെതിരേ 'ബി ദ വാരിയര്‍' എന്ന കാമ്പയിനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കോവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതുപോലുള്ള വര്‍ധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആശുപത്രികളില്‍ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വാക്സിനെടുത്തവരില്‍ കുറച്ചുപേര്‍ക്കും കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. എന്നാല്‍ രോഗം ഗുരതരമാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ വാക്സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്സിനെടുക്കാത്തവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കണം.സംസ്ഥാനത്ത്  ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.