സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവ് വിജീഷിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും

 
Suneesha

കണ്ണൂരില്‍ ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയുടെ മരണത്തില്‍ പൊലീസ് ഇന്നലെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഭര്‍ത്താവ് വിജീഷിനെയും വീട്ടുകാരെയും ചോദ്യം ചെയ്‌തേക്കും. ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുള്ള സുനീഷയുടെ ഫോണ്‍ സംഭാഷണങ്ങളും വിശദമായി പരിശോധിക്കും. സുനീഷയുടെയും വിജീഷിന്റെയും മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിക്കും. അതിനുശേഷമേ ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ഞായറാഴ്ചയാണ് സുനീഷയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കുന്നതായും തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും സുനീഷ സഹോദരനോട് പറയുന്ന ഫോണ്‍ ശബ്ദരേഖ പുറത്തുവന്നിരുന്നു. പിന്നാലെ, സുനീഷയും ഭര്‍ത്താവ് വിജീഷും തമ്മിലുള്ള സംഭാഷണവും പുറത്തുവന്നു. സ്വന്തം വീട്ടിലേക്ക് പോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് സമ്മതിക്കുന്നില്ല. ഭര്‍തൃവീട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നുമാണ് സംഭാഷണങ്ങളിലുള്ളത്. 

ഗാര്‍ഹികപീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുന്‍പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല. ഇരു കുടുംബക്കാരെയും വിളിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ്, സുനീഷ കുളിമുറിയില്‍ കയറി ജീവനൊടുക്കിയത്.

ഒന്നരവര്‍ഷം മുന്‍പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.